സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യത്തെ കോവിഡ് രോഗ മുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഈ നേട്ടം കൈവരിച്ചത്. തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീൻ ബാഖവി(50) യാണ് രോഗമുക്തനായത്.
ന്യുമോണിയ ഹൃദ്രോഗം, രക്തസമ്മർദം എന്നിവ കൂടി ബാധിച്ചതോടെ ഐസിയുവിലേക്കു മാറ്റി. വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയത്. ഗുരുതരമായതോടെ പ്ലാസ്മ തെറപ്പി നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ച് നടപ്പാക്കുകയായിരുന്നു. മസ്കത്തിൽ നിന്നു നാട്ടിലെത്തിയ സൈനുദ്ദീന് ജൂൺ 13നാണു രോഗം സ്ഥിരീകരിച്ചത്.
എടപ്പാൾ കോലൊളമ്പ് സ്വദേശി വിനീത് എന്ന 24 കാരനാണ് സൈനുദ്ദീൻ ബാഖവിക്ക് വേണ്ടി പ്ലാസ്മ നൽകിയത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച് മേയ് 27നു മുക്തിനേടി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു വിനീത്. പ്ലാസ്മ തെറാപിക്ക് പിന്നാലെ രോഗ മുക്തി നേടിയ സൈനുദ്ദീൻ കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. വിനീതിന് സ്നേഹോപഹാരം കൈമാറിയാണ് സൈനുദ്ദീൻ മടങ്ങിയത്.
മുൻ സന്തോഷ് ട്രോഫി താരം ഹംസക്കോയക്കാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറപ്പി നടത്തിയത്. എന്നാൽ, ജൂൺ ഏഴിന് അദ്ദേഹം മരിച്ചു. നിലവിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായി 2 പേർ കൂടി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.