"പന്തീരായിരം രൂപ മുടക്കിയിറക്കിയ കൃഷിയാണ്. കുമ്പളവും വെള്ളരിയും വെണ്ടയും ചീരയുമെല്ലാമുണ്ട്. നല്ല വിളവാണ് ഇത്തവണ കിട്ടിയത്. ഒന്നു രണ്ടു മാസത്തെ കുടുംബത്തിന്റെ ചെലവ് നടന്നു പോകാനുള്ളത് ഇതില്‍ നിന്നും കിട്ടുമായിരുന്നു. ഇനിയതൊന്നും നോക്കുന്നില്ല. പാടത്തുണ്ടായതെല്ലാം കമ്യൂണിറ്റി കിച്ചനിലേക്ക് കൊടുക്കുകയാണ്. നാടിന്റെയും നാട്ടാരുടെയും പ്രശ്നമാണ് ഇപ്പോള്‍ വലുത്" ഇത് ഒമനക്കുട്ടന്. പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പച്ചക്കറികള്‍ എത്തിച്ചതിനു അംഗങ്ങളോട് 70 രൂപ ഓട്ടോക്കൂലി പിരിച്ചെന്ന 'കുറ്റത്തിന്' മാധ്യമ വിചാരണ നേരിടേണ്ടി വന്ന അതേ ഓമനക്കുട്ടന്. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ താമസിക്കുന്ന ഓമനക്കുട്ടന് ഈ കൊറോണക്കാലത്ത് മാതൃകയാകുന്നത് സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികള്‍ മുഴുവന്‍ സാമൂഹിക അടുക്കളയിലേക്ക് സംഭാവന ചെയ്താണ്. 'ആരും ആവിശ്യപ്പെട്ടിട്ടില്ല. സ്വയമെടുത്ത തീരുമാനം. ഈ പ്രദേശത്തിന്റെ അവസ്ഥ നമുക്ക് നന്നായി അറിയാലോ. കൂടുതലും പാവപ്പെട്ടവരാണ്. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് കുടുംബം പോറ്റുന്നവര്‍. പണിയില്ലെങ്കില്‍ പോക്കറ്റില്‍ പത്തുരൂപ പോലും കാണില്ല. കുടുംബം പട്ടിണിയാകും. രോഗികളുണ്ട്, കിടന്ന കിടപ്പ് കിടക്കുന്നവരുണ്ട്. അഗതികളുണ്ട്, തുണയാരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. ലോക് ഡൗണ്‍ കാലത്ത് അവരൊക്കെ എങ്ങനെ ജീവിക്കുമെന്നോര്‍ത്തായിരുന്നു ആശങ്ക. അപ്പോഴാണ് സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചന് കൊണ്ടു വരുന്നത്. അതിനെക്കുറിച്ച് കാര്യങ്ങളൊക്കെ മനസിലാക്കിയപ്പോള്‍ എനിക്കും എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. സിപിഎമ്മിന്റെ കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗമാണ് ഞാന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുവരുമ്പോള്‍ എന്നെപ്പോലുള്ള ഓരോ പൊതുപ്രവര്‍ത്തകനും ആലോചിക്കുന്നത് എനിക്ക് എന്തുചെയ്യാമെന്നു തന്നെയാണ്. ഞാനീക്കാര്യം ഭാര്യയോട് സംസാരിക്കുന്നതിനിടയിലാണ്, നമുക്കുണ്ടായിരിക്കുന്ന പച്ചക്കറി കമ്യൂണിറ്റി കിച്ചനിലേക്ക് കൊടുത്താലോ എന്നാശയം പറയുന്നത്. 12,000 രൂപ മുടക്കിയിറക്കിയ കൃഷിയാണ്. രണ്ടു മൂന്നു മാസത്തെ അദ്ധ്വാനത്തിന്റെ ഫലമായി മോശമല്ലാത്ത വിളവും കിട്ടിയിരുന്നു. ചന്തയില്‍ കൊണ്ടു പോയി വിറ്റാല്‍ ഒന്നു രണ്ടു മാസം വീടു മുന്നോട്ടു കൊണ്ടുപോകാനുള്ളത് കിട്ടും. ഞാനൊരു കൂലിപ്പണിക്കാരനാണ്. അന്നന്ന് കിട്ടുന്നതുകൊണ്ട് അരി വാങ്ങി ജീവിക്കുന്നൊരുവന്. ഇവിടെയെല്ലാവരും അങ്ങനെ തന്നെ. കൃഷി ഞങ്ങളുടെയൊരു പ്രധാന വരുമാന മാര്‍ഗമായിരുന്നു. നെല്ലും പച്ചക്കറിയുമൊക്കെ ഇഷ്ടം പോലെ കൃഷി ചെയ്തിരുന്നു. അത്രയൊന്നും ഇല്ലെങ്കിലും ഇപ്പോഴുമുണ്ട്. ഒരു വരുമാന മാര്‍ഗം തന്നെയാണ്. പക്ഷേ, ഇത്തവണ കിട്ടിയതൊന്നും നമുക്കെടുക്കേണ്ട, ഇന്നാട്ടില് കുറെപ്പേര് വിശന്നു കിടക്കുമ്പോള്‍ നമ്മുടെ ലാഭമല്ലല്ലോ വലുതെന്ന് ഞാന്‍ ഭാര്യയോട് ചോദിച്ചു. അവള്‍ക്കും പിള്ളേര്‍ക്കും(രണ്ടു പെണ്മക്കളാണ്)സമ്മതം. അങ്ങനെയാണ് പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചനിലേക്കും കഞ്ഞിക്കുഴയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറിന്റെ കമ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി കൊടുക്കാമെന്ന് അറിയിച്ചത്. അറുന്നൂറ് കിലോ കുമ്പളങ്ങ ഇതിനകം തന്നെ കൊടുത്തു. വെള്ളരിയും വെണ്ടയും ചീരയുമൊക്കെ കൊടുത്തു വിടുന്നുണ്ട്. കുമ്പളങ്ങയൊക്കെ വണ്ടി വിളിച്ചു വേണം കൊണ്ടു പോകാന്‍. അതിനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടു മാത്രമാണ് ഇവിടെ വന്നു കൊണ്ടുപോകാന്‍ പറയുന്നത്. അല്ലായിരുന്നെങ്കില്‍ ഞാന്‍ തന്നെ ആവശ്യമുള്ളിടത്ത് എത്തിച്ചു കൊടുക്കുമായിരുന്നു"; ഓമനക്കുട്ടന് പറയുന്നു. "ഒത്തിരി മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന സംവിധാനാണ് കമ്യൂണിറ്റി കിച്ചന്. ഇങ്ങനെയൊരു സംരംഭം ഇല്ലായിരുന്നുവെങ്കില്‍ പലരും പട്ടിണി കിടക്കേണ്ടി വരുമായിരുന്നു. സര്‍ക്കാര്‍ മുന്നെ നടന്ന് ജനങ്ങള്‍ക്കുവേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പിന്നാലെ നടന്ന് ഇത്രയുമൊക്കെ ചെയ്യേണ്ടതല്ലേ" എന്നാണ് ഓമനക്കുട്ടന് ചോദിക്കുന്നത്. "ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല ഓമനക്കുട്ടന്. രാഷ്ട്രീയം പറയാനോ കാണിക്കാനോ അല്ല, ആരാണോ പച്ചക്കറി ചോദിച്ച് വിളിക്കുന്നത് അവര്‍ക്ക് കൊടുക്കാന്‍ ഒരു മടിയുമില്ല. ഞങ്ങളുടെ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ആണ്. അങ്ങോട്ടും കൊടുക്കുന്നുണ്ട്. ഈ സമയത്ത് നമ്മളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമില്ല. ഞാനുള്ളപ്പോള്‍ എന്റെ അയല്ക്കാരന് പട്ടിണി കിടക്കരുതെന്ന വാശി ഉള്ളില്‍ ഉണ്ടായാല്‍ മാത്രം മതി"; ഓമനക്കുട്ടന് പറയുന്നു. ഒരിക്കല്‍ ഉണ്ടായ കയ്പ്പേറിയ അനുഭവത്തിന്റെ പേരില്‍ മാറി നില്‍ക്കുകയോ മടിച്ചു നില്‍ക്കുകയോ ചെയ്യാന്‍ ഒരു പൊതുപ്രവര്ത്തകന് കഴിയില്ലെന്നാണ് പ്രളയകാലത്തെ പിരിവ് വിവാദം ഓര്മപ്പെടുത്തിയപ്പോള് ഓമനക്കുട്ടന്റെ മറുപടി. "അന്ന് നടന്ന് രാഷ്ട്രീയ ഗൂഢലോചനയായിരുന്നു. അതേ ക്യാമ്പില്‍ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തവര്‍ തന്നെ ചെയ്ത ചതി. അവരത് മനഃപൂര്‍വം ചെയ്തതല്ല, ചെയ്യിപ്പിച്ചതാണ്. ഇപ്പോഴതെക്കുറിച്ചോര്ത്ത് കുറ്റബോധവുമുണ്ടവര്ക്ക്. അക്കാര്യത്തെ കുറിച്ച് ഞാനവരോട് ചോദിക്കാനൊന്നും പോയിട്ടില്ല. കഴിഞ്ഞ ദിവസവും എന്നെ കുടുക്കാന്‍ മൊബൈലില്‍ വീഡിയോ പിടിച്ചവന്റെ അമ്മയെ കണ്ടിരുന്നു. സ്നേഹത്തോടെ ചിരിക്കുക മാത്രമാണ് ചെയ്തത്. ആ ചെറുപ്പക്കാരനോടും വിദ്വേഷമില്ല. അവന് തന്നെ ഇപ്പോഴറിയാം ചെയ്തത് തെറ്റായിപ്പോയെന്ന്. പിന്നെ നമ്മളായിട്ട് എന്തു പറയാനും ചെയ്യാനുമാണ്?", ഓമനക്കുട്ടന് ചോദിക്കുന്നു. പന്ത്രണ്ടായിരം രൂപമുടക്കിയിറക്കിയ കൃഷിയില്‍ നിന്നും ഇനിയൊരു ലാഭവും കിട്ടിലല്ലോ എന്നു ചോദിക്കുമ്പോഴും ഓമനക്കുട്ടന് ചിരിയാണ്. "ലാഭം നോക്കി മാത്രം ജീവിക്കരുതെന്ന് എന്റെ അച്ഛനാണ് പഠിപ്പിച്ചത്. അച്ഛനൊരു ഉറച്ച കമ്യൂണിസ്റ്റായിരുന്നു. ഞങ്ങള്‍ മക്കളെല്ലാം അച്ഛന് പഠിപ്പിച്ച കമ്യൂണിസ്റ്റ് ആശയങ്ങളിലാണ് ജീവിക്കുന്നത്. നിന്റെ പോക്കറ്റില്‍ പത്തു രൂപയെ ഉളളൂവങ്കില്, അതാവശ്യം വരുന്നൊരുത്തനെ കണ്ടാല്‍ എടുത്തുകൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കരുതെന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്. ഓമനക്കുട്ടനു കൂലിയായി പത്തു രൂപ കൊടുത്താല്‍, അവനതില്‍ നിന്നും രണ്ടു രൂപയെങ്കിലും ഈ നാടിനു വേണ്ടി ചെലവാക്കുമെന്ന് അറിയാവുന്നവര്‍ ഈ നാട്ടിലുണ്ട്. അങ്ങനെയുള്ളവര്‍ എന്നെവിളിച്ച് ഒരു ദിവസത്തെ പണിയെങ്കിലും തരും, ആ ഉറപ്പിലാണ് എന്റെ ജീവിതം."
"ഞാനുള്ളപ്പോള്‍ എന്റെ അയല്ക്കാരന് പട്ടിണി കിടക്കരുതെന്ന വാശി ഉള്ളില്‍ ഉണ്ടായാല്‍ മാത്രം മതി", പാടത്തു വിളഞ്ഞതെല്ലാമെടുത്ത് ഓമനക്കുട്ടന് കമ്യൂണിറ്റി കിച്ചനിലേക്ക്

Next Story