TopTop

ഒരു ദിവസം, ശരീരം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടിവരിഞ്ഞു 100 കിലോമീറ്റര്‍; ദീപകിന്റേത് ഒറ്റയാൾ പോരാട്ടം

നമുക്കെല്ലാവർക്കും ഒരു വിചാരമുണ്ട് മാലിന്യം നീക്കം ചെയ്യേണ്ടതും പരിസരം ശുചീകരിക്കണ്ടേതും സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന്. എന്നാൽ അത് അങ്ങനെയല്ല. അവരവരുടെ മാലിന്യം സംസ്കരിക്കേണ്ടത് അവരവരുടെ തന്നെ ഉത്തരവാദിത്വമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ദേഹമാസകലം പ്ലാസ്റ്റിക് ചുറ്റി മാലിന്യത്തിനെതിരായ സന്ദേശം നൽകാൻ 24 മണിക്കർ നീണ്ട യാത്ര നടത്തി സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു ദീപക് വർമ. പാലക്കാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പ്രവർത്തി ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. മാലിന്യത്തിനെതിരെ ഇങ്ങനെയൊരു ഒറ്റയാൾ പോരാട്ടം നടത്താൻ പ്രേരപ്പിച്ച കാരണങ്ങളും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം ദീപക് വർമ്മ അഴിമുഖത്തോട് സംസാരിക്കുന്നു.


16, 17 വയസ്സുമുതൽ തന്നെ യാത്ര ചെയ്യുന്നയാളാണ് ഞാൻ. ഒരുപാട് യാത്രകള്‍ ചെയ്യുന്നതിനാല്‍ തന്നെ മാലിന്യങ്ങളും ഒരുപാട് കാണുന്നതാണ്. ആദ്യമൊന്നും ഇതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് തോന്നി, ഇത് എവിടെ പോയാലും ചുറ്റിനും മാലിന്യങ്ങളാണല്ലോ എന്ന്. അതിന് എന്തെങ്കിലും ഒരു മാറ്റമുണ്ടാകണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് വേസ്റ്റ് മാനേജ്‌മെന്റ് ഒരു പ്രൊഫഷനായി എടുക്കാം എന്നു തീരുമാനിക്കുന്നത്. സിനിമയോടൊക്കെ താൽപര്യം ഉണ്ടായിരുന്നു, എന്നാൽ അതൊന്നും നടന്നില്ല. അങ്ങനെ ഫുഡ് വേസ്റ്റ് പ്രോസസ് ചെയ്യുന്ന മിഷ്യനിലേക്ക് തിരിഞ്ഞത. അങ്ങനെ അതുമായി ബന്ധപ്പെട്ടു സഞ്ചരിക്കുമ്പോഴാണ് മനസിലായത് ഫുഡ് വേസ്റ്റിനൊപ്പം തന്നെയാണ് പലപ്പോഴും ഡ്രൈ വേസ്റ്റും ഡിസ്‌പോസ് ചെയ്യുന്നതെന്ന്. അങ്ങനെയൊരു പ്രവണത കണ്ടപ്പോള്‍ അതിനെതിരെ സംസാരിക്കണമെന്നു തോന്നി. അങ്ങനെയാണ് ബോധവൽക്കരണത്തിലേക്കും മറ്റും എത്തുന്നത്.

ഒക്ടോബര്‍ ഒന്ന് രാവിലെ 8 മണിക്ക് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും തുടങ്ങിയ ദീപക്കിന്റെ യാത്ര ഒക്ടോബര്‍ 2 രാവിലെ 10.30 നാണ് അവസാനിച്ചത്. ഏകദേശം 26 മണിക്കൂര്‍ നീണ്ടു നിൽക്കുന്നതായിരുന്നു ഈ യാത്ര. 169 കിലോമീറ്റർ ദൂരത്തിൽ ദീപക് സഞ്ചരിച്ചത് ഏകദേശം 100 കിലോ മീറ്ററാണ്. ആൾത്താമസമില്ലാത്ത സ്ഥലത്ത് നടന്നതുകൊണ്ടാ കാര്യമില്ലാത്തതിനാലാണ് അത്.

മണ്ണ്, ജലം, വായു, ഇവ മൂന്നും നിരന്തരമായി മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവയെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ തന്നെ വ്യത്യസ്ഥമായ കാമ്പയിനുകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. പലകാര്യങ്ങളും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മളാരും പ്രാവര്‍ത്തികമാക്കാറില്ല എന്നു മാത്രം. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെയുള്ള ഒരു ബോധവല്‍ക്കരണമാണ് ഞാന്‍ ഈ 24 മണിക്കൂർ നടത്തം കൊണ്ട് ഉദ്ദേശിച്ചത്.

പലപ്പോ
ഴും പലയാളുകളും പറയുന്നത് വലിയ ജനക്കൂട്ടത്തെ വെച്ച് ബോധവല്‍ക്കണം നടത്താം എന്നാണ്. എന്നാല്‍ അത്തരം പരിപാടികള്‍ പലപ്പോഴും ഒരു പരിപാടി മാത്രമായി അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഒറ്റയ്ക്ക് ഒരാള്‍ നടത്തുന്ന പോരാട്ടമാകുമ്പോള്‍ അത് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഒറ്റയ്ക്ക് 24 മണിക്കൂര്‍ സഞ്ചരിക്കാനുണ്ടായ കാരണം. മുന്‍പ് പലപ്പോഴും ഒരുപാട് ആളുകളെ വെച്ച് പരിപാടികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വലിയ രീതിയില്‍ പ്രാവര്‍ത്തികമായതായി അറിഞ്ഞിട്ടില്ല. അതിനു ശേഷമാണ് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുന്നത്.

നമ്മുടെ വീടുകളില്‍ നിന്നും എത്രമാത്രം അജൈവമാലിന്യങ്ങളാണ് പുറത്തേക്ക് തള്ളുന്നത് എന്ന ഒരു കണക്കെടുത്തപ്പോള്‍ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും അത് 1200 തരം വരെയാണെന്നും. നഗരങ്ങളിലേക്കെത്തുമ്പോള്‍ അത് 1400 തരമായി ഉയരുന്നു എന്നും എനിക്ക് മനസിലാക്കാന്‍ സാധിച്ചു. അതില്‍ നിന്നും തിരഞ്ഞടുത്ത ഏകദേശം 600 തരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഞാൻ ദേഹത്തു വെച്ചുകെട്ടാന്‍ ഉപയോഗിച്ചത്.

കാമ്പയിനുകള്‍ പലതും ചെയ്തു പോകുന്നുണ്ട്. എന്നാല്‍ ഈ ഒരു പരിപാടി കഴിഞ്ഞതിനു ശേഷമാണ് അതിന്റെ മൈലേജ് ശരിക്കും പറഞ്ഞാല്‍ ഞാന്‍ മനസിലാക്കുന്നത്. ഒരു കോടിയാളുകളാണ് വിഷ്വല്‍ മീഡിയ വഴി ഈ മെസേജ് കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയും ഇത് പ്രചരിക്കുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ വാര്‍ത്ത അറിഞ്ഞിട്ടുണ്ട്. അതൊക്കെ ഈ കാമ്പയിന്‍ വിജയിച്ചതിന്റെ ലക്ഷണമായാണ് ഞാന്‍ കാണുന്നത്.
ചിരിച്ചുകൊണ്ട് ദീപക് തന്റെ സന്തോഷം പങ്കുവെച്ചു.

ഇത് നാലാം തവണയാണ് ദീപക് മാലിന്യത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. ഇതിനു മുൻപ് പാലക്കാട് നഗരത്തിനകത്ത് തന്നെ 1800 മീറ്ററോളം സ്ഥലം 24 മണിക്കൂർകൊണ്ട് ദീപക് വൃത്തിയാക്കിയിരുന്നു. ഏകദേശം നാലായിരം കിലോ മാലിന്യമാണ് അവിടെ നിന്നും അന്ന് ദീപക് ശേഖരിച്ചത്. അതുകഴിഞ്ഞ് പ്രളയത്തിനു ശേഷം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്തി അതും പാലക്കാട് തന്നെയായിരുന്നു. ഏകദേശ 2000 കിലോയ്ക്കടുത്ത് മാലിന്യമാണ് അന്ന് ദീപക്കിന് കിട്ടിയത്. അതില്‍ കൂടതലും മിഠായി കവറുകൾ ആയിരുന്നു. തുടർന്ന് ശബരിമലയിലെ മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട് ദീപക്. പമ്പയിൽ നിന്നും ശബരിമലവരെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ചത്.

മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമയി ഇത്തവണ ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല വരവേല്‍പ്പാണ് ലഭിച്ചത്. അതില്‍ തന്നെ യുവാക്കളാണ് എന്റെ ആശയങ്ങൾ കൂടുതല്‍ സ്വീകരിച്ചത് എന്നു പറയാം. നല്ലൊരു സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നതെന്നും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരമെന്നുമാണ് കണ്ടവരില്‍ പലരും പറഞ്ഞത്. സ്‌കൂള്‍ വിട്ട സമയങ്ങളില്‍ ആണെങ്കില്‍ സ്‌കൂള്‍ കുട്ടികളും ഈ സന്ദേശം കേള്‍ക്കാനും ഇത് എന്തിനുവേണ്ടിയാണെന്ന് ചോദിച്ചു മനസിലാക്കാനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ദീപക് പറഞ്ഞു.

പാലക്കാട് പ്രകൃതി സംരക്ഷണ സമിതിയിലെ അംഗമായ ദീപകിന്റെ പ്രവർത്തന മേഖല വേസ്റ്റ് മാനേജ്മെന്റണ്. അതിൽ തന്നെ ബയോ മൈനിങ്ങാണ് മേഖല. അതായത് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങൾ സംസ്ക്കരിക്കുക. അവ കൂടാതെ മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുത്തുക, അത് വില്‍പ്പന നടത്തുക എന്നിവയെല്ലാം ദീപക് ചെയ്യുന്നുണ്ട്.

ഗ്രാമ പഞ്ചായത്ത് നഗരസഭ എന്നിവിടങ്ങളിൽ ട്രെയിനിങ് പ്രോഗ്രാമുകളും ദീപക് സംഘടിപ്പിക്കാറുണ്ട്. ഒരു മാസത്തിൽ ചുരുങ്ങിയത് 12 പരിപാടികളെങ്കിലും ചെയ്യും. പാലക്കാട് ജില്ല ശുചിത്വ മിഷന്റെ റിസോഴ്സ് പേഴ്സന്‍ കൂടിയാണ് ദീപക്. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി പുതിയൊരു സ്റ്റാര്‍ട്ടപ്പും ദീപക് തുടങ്ങിയിട്ടുണ്ട്.


Next Story

Related Stories