TopTop

അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ പടക്കരഹിത ദീപാവലി ആഘോഷവുമായി ഡല്‍ഹി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ പടക്കരഹിത ദീപാവലി ആഘോഷവുമായി ഡല്‍ഹി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ പടക്കരഹിത ദീപാവലി ആഘോഷവുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി ഒക്ടോബര്‍ 26 മുതല്‍ 4 ദിവസത്തെ ലേസര്‍ ഷോയും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷം ഏറ്റവും മലീമസമായ സമയം ദീപാവലി ദിവസങ്ങളിലാണ്. അതിനാല്‍ പടക്കങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേസര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. കൊണാട്ട് പ്ലേസില്‍ വൈകിട്ട് ആറ് മുതല്‍ 10 വരെയാണ് ലേസര്‍ ഷോ അരങ്ങേറുക. പ്രവേശനം സൗജന്യമാണ്.

ഡല്‍ഹിയുടെ സംസ്‌കാരവും പൈതൃകവും വ്യക്തമാക്കുന്ന ലേസര്‍ ഷോയാണ് ഒരുക്കുക. 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ലേസര്‍ ഷോകള്‍ ഓരോ മണിക്കൂര്‍ ഇടവിട്ടു നടക്കും. ഭക്ഷ്യമേള, വിപണന മേള തുടങ്ങിയവയും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് കൊണാട്ട് പ്ലേസ് ഭാഗത്തേക്ക് നിയന്ത്രണമുണ്ടാകും. ശിവാജി സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഒരുക്കും. കൊണാട്ട് പ്ലേസിലേക്കെത്താന്‍ ഇലക്ട്രിക് വാഹനങ്ങളുണ്ടാകും.

വീടുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി പൊതു ഇടങ്ങളിലെ കൂട്ടായ്മ ആഘോഷങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഇത്തവണ ഡല്‍ഹി നിവാസികളുടെ കൂട്ടായ്മയുടെ അടയാളമായി ദീപാവലി ആഘോഷം മാറുമെന്നും കേജ്‌രിവാള്‍ പറയുന്നു. ഇത്തവണത്തെ ആഘോഷം വിജയകരമായാല്‍ അടുത്ത വര്‍ഷം വലിയ തോതില്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ലേസര്‍ ഷോ ഒരുക്കാനാണ് പദ്ധതി.

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ അന്തരീക്ഷ വായുനില മോശമാകുന്നത് പതിവാണ്. 2018ലെ ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകത്തെ നഗരമെന്ന സ്ഥാനമായിരുന്നു ഡല്‍ഹിയെ കാത്തിരുന്നത്. കഴിഞ്ഞ വര്‍ഷം പടക്കങ്ങള്‍ക്ക് കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നിട്ടും അനധികൃത വില്‍പന രൂക്ഷമായിരുന്നു.

കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷിച്ച ഒക്ടോബര്‍ 11ന് ഡല്‍ഹിയിലെ അന്തരീക്ഷ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്എക്യുഐ) 980 എന്ന നിലയിലെത്തിയിരുന്നു. ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എക്യുഐ ആയിരത്തിനും മുകളിലെത്തിയെന്നായിരുന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നത്.

അന്തരീക്ഷ വായു നിലവാര സൂചികയില്‍ 050 വരെയാണ് സുരക്ഷിത നില. 300ന് മുകളിലുള്ളതെല്ലാം അപകടാവസ്ഥയാണ്.


Next Story

Related Stories