TopTop

തെരുവിലെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുന്ന പൊലീസുകാരൻ

തെരുവിലെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുന്ന പൊലീസുകാരൻ

ഇന്ത്യയില്‍ കുട്ടികളുടെ മൗലികാവകാശമാണ് വിദ്യാഭ്യാസം. അതിനായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്. എങ്കിലും ഇന്നും ദരിദ്ര പശ്ചാത്തലത്തില്‍ നന്നും വരുന്ന പലകുട്ടികളിലേക്ക് വിദ്യാഭ്യാസമെത്തുന്നില്ല. പലകുട്ടികളും ഭിക്ഷാടകരായി മാറുന്നു. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ധരംവീർ ജഗർ എന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍.

രാജസ്ഥാനിലെ ചൂരു ജില്ലയില്‍ വഴിയിൽ ഭിക്ഷയാചിക്കുന്ന ഒരു കുട്ടിയെ ധരംവീർ ജഗർ കണ്ടതിനു ശേഷം, അതിന്റെ കാരണങ്ങള്‍ എന്താണെന്ന് അദ്ദേഹം അന്വേഷിച്ചു പോകുകയും അവർക്കായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അദ്ദേഹം ആദ്യം ചേരിയിൽ ചെന്ന് കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങി. വൈകാതെ 'അപ്നി പത്ശാല' എന്ന പേരിൽ അവിടെ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം നടത്തുകയും ചെയ്തു.

2016 ൽ സ്കൂള്‍ തുടങ്ങുമ്പോൾ അവിടെ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 450 കുട്ടികളുണ്ട് ധരംവീറിന്റെ സ്കൂളിൽ. ഒരു സമൂഹമെന്ന നിലയിൽ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് നാം ഓരോരുത്തരും ഉറപ്പു വരുത്തേണ്ടതുണ്ടെന്നാണ് ധരംവീർ പറയുന്നത്. ധരംവീറിന്റെ പ്രവർത്തികളില്‍ താൽപര്യം തോന്നി 3 വനിത കോൺസ്റ്റബിൾമാരും സ്കൂളിൽ സഹായത്തിനായി ഇപ്പോൾ എത്തുന്നുണ്ട്.

ധരംവീറിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്താണ് സ്കൂൾ തുടങ്ങുന്നത്. ഇപ്പോൾ ഏഴാം ക്ലാസ് വരെയാക്കി സ്കൂള്‍ വിപുലീകരിച്ചിട്ടുണ്ട്. സ്കൂളിലെ ഒരുമാസത്തെ മാത്രം ചിലവ് ഏകദേശം ഒന്നരലക്ഷം രൂപയാണ്. പല സംഘടനകളിൽ നിന്നും മറ്റുമാണ് പണം ലഭിക്കുന്നത് കൂടാതെ കൂട്ടുകരുടെയും ബന്ധുക്കളുടെയും വലിയസഹായം ലഭിക്കുന്നുണ്ട്. ഇതുവരെ സർക്കാർ സഹായങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

സ്കൂളിലെത്തുന്ന പല കുട്ടികളും വീട്ടുകാരെ സഹായിക്കുന്നതിനായി ജോലിക്കുപോകുന്നവരാണ്. എങ്കിലും അവർ ദിവസവും സ്കൂളിലെത്തുന്നണ്ടെന്ന് ധരംവീര്‍ ഉറപ്പു വരുത്തുന്നു. അങ്ങനെ എത്താത്ത കുട്ടികളുണ്ടെങ്കിൽ അവരുടെ രക്ഷിതാക്കളെ കണ്ട് നേരിട്ടു സംസാരിക്കാനും ധരംവീര്‍ മടികാണിക്കാറില്ല. സ്കൂളിലേക്കു വരുന്ന പല കുട്ടികളും വലിയ കഴിവുള്ളവാണെന്നും കാര്യങ്ങൾ വളരെ പെട്ടന്നാണ് അവർ പഠിച്ചെടുക്കുന്നതെന്നും ധരംവീർ ദ ലോജിക്കൽ ഇന്ത്യനോട് പറഞ്ഞു.

പല ഗ്രാമങ്ങളിലും സ്കൂളുകളില്ലാത്തതാണ് വിദ്യാഭ്യാസം പാവപ്പെട്ട കുട്ടികളിൽ എത്താത്തതിന് കാരണമെന്നും സർക്കാർ സ്കൂളുകൾ എല്ലാ ഗ്രാമങ്ങളിലും എത്തേണ്ടത് ആവശ്യമാണെന്നുമാണ് ധരംവീർ പറയുന്നത്.



Next Story

Related Stories