മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമ്പോൾ കാസഗോഡ് ഏരിയാൽ സ്വദേശികളായ റുഖിയക്കും കുടുംബവും പങ്കുവയ്ക്കുന്നത് സർക്കാരിനോടുള്ള തങ്ങളുടെ നന്ദികൂടിയാണ്. റുഖിയയുടെ കുടുംബത്തിലെ ആറ് പേരാണ് സർക്കാർ നൽകിയ ചികിൽസയിലും കരുതലിലും കോവിഡ് എന്ന മഹാമാരിയെ മറികടന്നത്.
സര്‍ക്കാറിനോടുള്ള തങ്ങളുടെ കൃതജ്ഞത വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കരുത് എന്ന നിർബന്ധമായിരുന്നു ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവാനയായി മാറിയത്. 'രോഗത്തെ മറികടക്കുന്നതിന് കേരളത്തിലെ ആശുപത്രികളിൽ ലഭിച്ച മികച്ച പരിചരണത്തിനും തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ച സർക്കാരിനോടുള്ള നന്ദിയുടെ പ്രകടനമാണിത്. എന്നായിരുന്നു റുഖിയ പണം കൈമാറിക്കൊണ്ട് നടത്തിയ പ്രതികരണം. കാസറഗോഡ് ജില്ലാ കളക്ടർ ഡി സജിത്ത് ബാബുവിനായിരുന്നു റുഖിയ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
മാര്‍ച്ച് 16 ന് ദുബായിൽ നിന്ന് മടങ്ങിവന്ന റുഖിയയുടെ മകൻ അലി അസ്കറിൽ നിന്നായിരുന്നു കുടുംബത്തിന് രോഗം ബാധിച്ചത്. മാർച്ച് 21 നായിരുന്നു അസ്കറിന് രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ റുഖിയ, അസ്കറിന്റെ ഭാര്യ, ഭാര്യ സഹോദരി, അവരുടെ രണ്ട് പെണ്മക്കൾ എന്നിവർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തെ അഞ്ച് വീടുകൾ ആരോഗ്യ പ്രവർത്തകർ ഐസൊലേറ്റ് ചെയ്തു. എന്നാൽ ' എന്നാൽ ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും ഞങ്ങളുടെ കൂടെ നിൽക്കുകയും രോഗത്തിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു. അതാണ് കേരള മോഡൽ' എന്നും റുഖിയ പറയുന്നു.
ഇപ്പോൾ കുടുംബം പൂർണമായും രോഗത്തിൽ നിന്നും മുക്തരായിരിക്കുന്നു. നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെയാണ് കുടുംബം നടത്തുന്ന ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷൻ വ്യാഴാഴ്ച ഒരു ലക്ഷം രൂപ സിഎംഡിആർഎഫിന് കൈമാറിയത്.