ഐഐടി പ്രവേശനത്തിനായി നടത്തുന്ന എന്ട്രന്സില് ഉയര്‍ന്ന റാങ്ക് സ്വന്തമാക്കി കര്‍ഷക കുടുംബത്തില്‍ നിന്നുള്ള വിജയ് മക്വാന. അഹമ്മദാബാദിലെ നവി അകോള്‍ എന്ന ഗ്രാമത്തില്‍ നിന്നുള്ള വിജയ് സ്വന്തമാക്കിയത് പട്ടികജാതി വിഭാഗത്തില്‍ 1,849 -ാം അഖിലേന്ത്യാ റാങ്കാണ്. ഐഐടിയില്‍ നിന്നും കമ്പ്യൂട്ടറോ എഞ്ചിനീയറിങോ, മെക്കാനിക്കല്‍ എഞ്ചിനീയറിങോ പഠിക്കാനാണ് വിജയ് ആഗ്രഹിക്കുന്നത്. ബിടെക് പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തെ സഹായിക്കുന്നതിനായി ജോലി അന്വേഷിക്കണെമന്നാണ് വിജയ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
ക്രിക്കറ്റിനോടും ഇഷ്ടമുള്ള വിജയ് എം എസ് ധോണിയുടെ പോരാട്ടവും വിജയവും പ്രചോദനം നല്കി എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ക്ഷമയും ദുഷ്കരമായ സമയങ്ങളിലെ പ്രകടനവും എന്നെ പ്രചോദിപ്പിച്ചു. വിജയ് പറയുന്നു. 'പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും ജെഇഇ മെയിനിലും ഞാന്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ എന്റെ ക്ഷമ നശിച്ചില്ല, ഞാന്‍ പിന്നീട് കഠിനമായി പരിശ്രമിച്ചു'. വിജയ് പറയുന്നു. പന്ത്രണ്ടാം ക്ലാസില്‍ 65 ശതമാനം വിജയം നേടിയ വിജയ് ജെഇഇ മെയ്ന്‍ എന്‍ഡ്രന്‍സില്‍ 94382-ാം റാങ്ക് സ്വന്തമാക്കി.
50000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍ നിന്നും ഏറെ കഷ്ടതയനുഭവിച്ചാണ് വിജയ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചിലവ് മുന്നോട്ടുകൊണ്ടുപോകുക എന്നത് ആ കുടുംബത്തെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. വിജയുടെ മൂത്ത സഹോദരന് ഗുജറാത്ത് സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ പിന്തുണയോടെയാണ് നിന്ന് എം ടെക് പൂര്‍ത്തിയാക്കിയത്. പ്രീ സ്കൂള്‍ മുതല്‍ തന്നെ വിജയുടെ പഠനച്ചിലവിനായുള്ള സഹായങ്ങള്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസാമോ കിഡ്സ് ഫൗണ്ടേഷനാണ് നല്‍കിയിരുന്നത്.
ജോലി ലഭിച്ചാല്‍ തന്നെ പോലെ പഠനത്തിനായി കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കണമെന്നാണ് വിജയ് പറയുന്നത്.