TopTop
Begin typing your search above and press return to search.

ലോക്ക് ഡൗണ്‍ കാലത്ത് നാല് കുട്ടികളെ പരീക്ഷയെഴുതിക്കാന്‍ ബോട്ട് ഓടിയ കഥ, കേരളം അതിജീവിക്കുന്നതിന്റെ മറ്റൊരു മാതൃക

ലോക്ക് ഡൗണ്‍ കാലത്ത് നാല് കുട്ടികളെ പരീക്ഷയെഴുതിക്കാന്‍ ബോട്ട് ഓടിയ കഥ, കേരളം അതിജീവിക്കുന്നതിന്റെ മറ്റൊരു മാതൃക

എസ്എസ്എല്‍സി, ഹയര്‍സെക്കന്റെറി പരീക്ഷകള്‍ വളരെ വിജയകരമായി പൂര്‍ത്തിയായി. അതിനിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ വിഷയം ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി 70 സീറ്റുള്ള സര്‍ക്കാര്‍ ബോട്ട് നടത്തിയ യാത്രയെ കുറിച്ചായിരുന്നു. ജലതാഗത വകുപ്പിന് വലിയ അഭിനന്ദനങ്ങളും ലഭിച്ചു. എന്നാല്‍ യത്ഥാര്‍ത്ഥത്തില്‍ സാന്ദ്ര ബാബുവിന് വേണ്ടി മാത്രമായിരുന്നില്ല ആ ബോട്ട് വെള്ളത്തിലിറങ്ങിയത്. സാന്ദ്രയുള്‍പ്പടെ കാഞ്ഞിരത്തെ എസ്എന്‍ഡിപി ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ പഠിക്കുന്ന നാല് കുട്ടികള്‍ക്കും വേണ്ടിയായിരുന്നു ആ ബോട്ട് സര്‍വീസ്. ഓരോ കുട്ടിയുടെയും പരീക്ഷ സമയത്തിനനുസരിച്ച് കുട്ടിയെ സ്‌കൂളില്‍ കൊണ്ടു പോകുകയും പരീക്ഷ കഴിയും വരെ കാത്തു നിന്ന് തിരികെ വീട്ടിലാക്കുകയുമായിരുന്നു നാല് ദിവസം ആ സര്‍ക്കാര്‍ ബോട്ട് ചെയ്തത്. ചിലപ്പോള്‍ ഒരു കുട്ടിക്കു വേണ്ടി മറ്റ് ചിലപ്പോള്‍ രണ്ട് കുട്ടികള്‍ക്ക് വേണ്ടി.

'ബോട്ടിലല്ലാതെ ഞങ്ങള്‍ക്ക് ഒരു വിധത്തിലും സ്‌കൂളിലേക്ക് പോകാന്‍ പറ്റില്ല. പരീക്ഷയുടെ തിയതികള്‍ വന്നപ്പോ ഏറ്റവും വലിയ ടെന്‍ഷന്‍ ബോട്ടു വരുമോ ഇല്ലയോ എന്നുള്ളതായിരുന്നു'. ബോട്ടില്‍ പരീക്ഷയ്ക്കു പോയ ആര്യനന്ദ കെ മധു പറയുന്നു. ആര്യ നന്ദയെ കൂടാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സാന്ദ്ര സാബുവിനും, അപര്‍ണ എസിനും, വര്‍ഷയ്ക്കും വേണ്ടിയായിരുന്നു ബോട്ട് സര്‍വീസ്. സ്‌കൂളില്‍ പോകാന്‍ ബോട്ടോ വള്ളമോ അല്ലാതെ മറ്റൊരു മാര്‍ഗവും ആശ്രയിക്കാന്‍ കഴിയാത്ത നാല് കുട്ടികള്‍. ഒരു കുട്ടി പോലും പരീക്ഷ എഴുതാതിരിക്കരുത് എന്ന് സര്‍ക്കാര്‍. ഒടുവില്‍ നാലു പേരുടെയും പരീക്ഷകള്‍ കഴിഞ്ഞു. നന്നായി പരീക്ഷ എഴുതാന്‍ കഴിഞ്ഞു എന്നു തന്നെയാണ് കുട്ടികളും പറയുന്നത്.

'ഞങ്ങളെ പരീക്ഷയ്ക്ക് കൊണ്ടുപോയി ഞങ്ങളുടെ പരീക്ഷ കഴിയുന്നത് വരെ ബോട്ട് അവിടെ തന്നെ നില്‍ക്കും. ചിലപ്പൊ ഒരാള്‍ക്ക് രാവിലെയും മറ്റേയാള്‍ക്ക് ഉച്ഛയ്ക്കുമായിരിക്കും പരീക്ഷ. അങ്ങനെയാണങ്കിലും ഞങ്ങള്‍ വിളിക്കുമ്പോഴെല്ലാം അവര്‍ ഓടിയെത്തുമായിരുന്നു. ഒരു ദേഷ്യമോ, വരാന്‍ ബുദ്ധിമുട്ടോ ഒന്നും കാണിച്ചിട്ട് ഇല്ല. ലോക് ഡൗണ്‍ ആയിട്ട് പോലും ഒരു മടിയും ഇല്ലാതെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. പരീക്ഷയും നന്നായി തന്നെ എഴുതിയിട്ടുണ്ട്'. ബോട്ടില്‍ യാത്ര ചെയ്ത് വിജയകരമായി രണ്ട് പരീക്ഷകളും പൂര്‍ത്തിയാക്കിയ ആര്യനന്ദ തന്റെ സന്തോഷം അഴിമുഖവുമായി പങ്കുവെച്ചു. കാഞ്ഞിരം എസ്എന്‍ഡിപി ഹയര്‍ സെക്കന്റെറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ആര്യനന്ദ. മെയ് 27 നും 30 നും ആയിരുന്നു ആര്യനന്ദയ്ക്ക് പരീക്ഷ. കോട്ടയം ആലപ്പുഴ ബോര്‍ഡറിലുള്ള ആറ് ബ്ലോക്കിലാണ് ആര്യനന്ദയുടെ വീട്. 30 മിനിറ്റാണ് സ്‌കൂളിലേക്കെത്താന്‍ ആര്യയ്ക്കും കൂട്ടുകാര്‍ക്കും ബോട്ടുയാത്ര നടത്തേണ്ടത്.

ആര്യനന്ദയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് സാന്ദ്ര. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സാന്ദ്ര. പരീക്ഷ എഴുതാന്‍ പറ്റില്ലേ എന്നാലോചിച്ച് എനിക്ക് നല്ല ടെന്‍ഷനായിരുന്നു. പിന്നെ ബോട്ട് കിട്ടും എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്. പരീക്ഷകളെല്ലാം നന്നായി എഴുതിയിട്ടുണ്ട്. ബോട്ടില്‍ പോകുമ്പോള്‍ പോലും ഒറ്റയ്ക്കാണല്ലോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പരീക്ഷ മാത്രമായിരുന്നു മനസില്‍. സാന്ദ്ര സാബു പറയുന്നു. കെമിസ്ട്രിയും ഫിസിക്‌സുമായിരുന്നു സാന്ദ്രയ്ക്ക ബാക്കിയുണ്ടായിരുന്ന പരീക്ഷകള്‍. 29 നും 30 നുമായി ആ പരീക്ഷകള്‍ അവസാനിച്ചു.

ആര്യനന്ദയ്ക്കും, സാന്ദ്രയ്ക്കും പറയാന്‍ ഉണ്ടായിരുന്നത് പോലെ ബോട്ടു ലഭിച്ചതിന്റെ സന്തോഷത്തെക്കുറിച്ചു തന്നെയാണ് അപര്‍ണ എസിനും പറയാന്‍ ഉണ്ടായിരുന്നത്. 'പരീക്ഷയ്ക്ക് പോകാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. ആ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് ബോട്ടുണ്ടാവും എന്ന് അറിഞ്ഞത്. സ്‌കൂളില്‍ നിന്ന് നല്ല പ്രോത്സാഹനമായിരുന്നു. അവരാണ് എല്ലാം ചെയ്തു തന്നത്. അതു പോലെ തന്നെ ബോട്ടിലുണ്ടായിരുന്നവരും. ഞങ്ങള്‍ക്കു വേണ്ടി ഇത്രയും ദൂരം വന്ന് ഞങ്ങളുടെ പരീക്ഷ കഴിയുന്നത് വരെ സ്‌കൂളിന്റെ വാതിലില്‍ കാത്തു നിന്ന്..നല്ല സന്തോഷമുണ്ട് അവര്‍ ഞങ്ങള്‍ക്കു വേണ്ടി ഇത്രയുമൊക്കെ ചെയ്തു തന്നല്ലോ'. അപര്‍ണ്ണ പറയുന്നു. അപര്‍ണയും വര്‍ഷയും പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ബാച്ചിലെ കുട്ടികളാണ്. ഇവര്‍ക്കു രണ്ടു പേര്‍ക്കും ഒരു ദിവസം ഒരേ സമയത്തായിരുന്നു പരീക്ഷ. അതിനാല്‍ തന്നെ ഒന്നിച്ചായിരുന്നു രണ്ടു പേരുടെയും യാത്ര. 28 നും 29 നും ആയിരുന്നു രണ്ടു പേരുടെയും പരീക്ഷ.

ബോട്ടില്‍ ജോലിക്കുണ്ടായിരുന്നവരും അതുപോലെ തന്നെ സ്‌കൂളും തങ്ങളുടെ ഒപ്പം നിന്നതിനാലാണ് പരീക്ഷ എഴുതാന്‍ സാധിച്ചതെന്നാണ് കുട്ടികള്‍ എല്ലാവരും തന്നെ പറയുന്നത്. കുട്ടികളുടെ യാത്ര സൗകര്യം അതത് സ്‌കൂള്‍ ഉറപ്പാക്കണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. അതിനാല്‍ തന്ന് ബോട്ടൊരുക്കിയതിന് പിന്നില്‍ സ്‌കൂള്‍ തന്നെയായിരുന്നു. ജലഗതാഗത വകുപ്പും നല്ല രീതിയില്‍ സഹകരിച്ചെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിന്‍സി പറയുന്നത്.

കുട്ടികളുടെ യാത്ര സൗകര്യം സ്‌കൂള്‍ ഉറപ്പാക്കണം എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ ജലഗതാഗത വകുപ്പിലേക്ക് വിളിക്കുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. അവര്‍ നല്ല സഹകരണമായിരുന്നു. കുട്ടികള്‍ക്ക് ബോട്ട് വേണമെന്നു പറഞ്ഞില്‍ പിന്നെ എല്ലാ കാര്യവും ഇങ്ങോട്ട് വിളിച്ചാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. അവര്‍ നല്ലൊരു കാര്യമാണ് ചെയ്തത്. ഈ കുട്ടികള്‍ മാത്രമെ ബോട്ടിനെ ആശ്രയിച്ച് സ്‌കൂളിലേക്ക് വന്നിരുന്നുള്ളൂ. ചില ദിവസം ഒരു കുട്ടി മാത്രം ചില ദിവസം രണ്ടു കുട്ടികള്‍ അങ്ങനെയായിരുന്നു പരീക്ഷയ്ക്ക് വന്നിരുന്നത്. എല്ലാ ദിവസവും അവരുടെ സമയത്തിനനുസരിച്ച് ബോട്ട് സൗകര്യം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ പറയുന്നു.

ബോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ കുട്ടികളുടെ മുന്നിലെ അടപുത്ത മാര്‍ഗം വള്ളമായിരുന്നു. ബോട്ടില്‍ അരമണിക്കൂറായിരുന്നു യാത്രയെങ്കില്‍ വള്ളത്തില്‍ അത് കൂടാനെ വഴിയുള്ളൂ. മാത്രവുമല്ല പോള നിറഞ്ഞിരിക്കുന്നത് യാത്രയ്ക്കു പ്രയാസം സൃഷ്ടിച്ചേനെ. ഇതു മനസിലാക്കി കുട്ടികളെ കൃത്യസമയത്ത് സഹായിച്ച സ്‌കൂളും, ലോക് ഡൗണായിട്ടും ഒരു മടിയും കൂടാതെ ജോലിക്കിറങ്ങിയ ജലഗതാഗത വകുപ്പിലെ ജോലിക്കാരുമെല്ലാം ഒരേ തരത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അതു പോലെ തന്നെ ഒരു കുട്ടി പോലും പരീക്ഷ എഴുതാതിരിക്കരുത് എന്നു തീരുമാനമെടുത്ത സര്‍ക്കാരും. ഇതിലൂടെ അതിജീനത്തിന്റെ മറ്റൊരു മാതൃകകൂടി തീര്‍ത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍.


Next Story

Related Stories