TopTop
Begin typing your search above and press return to search.

"രണ്ടു വര്‍ഷത്തോളമായി ഐസൊലേഷനില്‍", ആതിരയുടെ വാക്കുകള്‍ കേള്‍ക്കുക, കൊറോണ കാലത്ത് അത് നിങ്ങള്‍ക്ക് പകരുന്ന ധൈര്യം അത്ര ചെറുതല്ല

"രണ്ടു വര്‍ഷത്തോളമായി ഐസൊലേഷനില്‍", ആതിരയുടെ വാക്കുകള്‍ കേള്‍ക്കുക, കൊറോണ കാലത്ത് അത് നിങ്ങള്‍ക്ക് പകരുന്ന ധൈര്യം അത്ര ചെറുതല്ല

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മരുന്നുകള്‍ കഴിച്ചു തുടങ്ങണം. പിന്നീട് ഉണര്‍ന്നിരിക്കുന്ന നേരത്തൊക്കെ ശര്‍ദ്ദിയാണ്, കൂടാതെ പലതരത്തിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങളും. ഇരുപത്തിനാലുകാരിയായ ആതിര എല്‍സ ജോണ്‍സണ്‍ന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും മരുന്നുകളിലാണ്. കുറച്ചു വര്‍ഷങ്ങളായി ഈ പതിവ് തുടങ്ങിയിട്ട്. രാജ്യത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് പലരും ഇപ്പോള്‍ ഐസൊലേഷനിലോ, അല്ലെങ്കില്‍ സെല്‍ഫ് ക്വാറന്റൈനിലോ ആണ്. പ്രിയപ്പെട്ട ഇടങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നു കഴിയുന്ന പതിനാലൊ ഇരുപത്തെട്ടോ ദിവസങ്ങള്‍. കഴിഞ്ഞ ദിവസമാണ് രാജ്യം ലോക്ക്ഡൗണ്‍ ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പുറത്തിറങ്ങാതെ കൂട്ടുകാരെ കാണാത നീണ്ട 21 ദിവസങ്ങള്‍. 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് തന്നെ പലര്‍ക്കും ബോറടിച്ചു തുടങ്ങി, ബുദ്ധിമുട്ടായി തുടങ്ങി. എന്നാല്‍ വര്‍ഷങ്ങളോളം ഐസൊലേഷനില്‍ കഴിയേണ്ടിവരുന്ന ചിലരുണ്ട് നമുക്കു ചുറ്റും. ആതിരയെപോലെ. 'ഇന്നലെവരെ സജീവമായി നിന്നിരുന്ന ഇടങ്ങളില്‍ നിന്നെല്ലാം പെട്ടെന്ന് മാറി നില്‍ക്കേണ്ടിവരുമ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. എന്നാല്‍ എന്നെപോലെയുള്ളവര്‍ ഇന്നലെ എന്താണ് ചെയ്തിരുന്നത് എന്ന കാര്യം തന്നെ മറന്നു പോയി'. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐസൊലേഷനില്‍ കഴിയുന്ന ആതിര പറഞ്ഞു തുടങ്ങി. ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാം. എല്ലാം പഴയതുപോലെയാകും. എന്നാല്‍ ആതിരയ്ക്കിനി പഴയൊരു അവസ്ഥയിലേക്കു പോകണമെന്നുണ്ടെങ്കില്‍ പഴയ കാര്യങ്ങളെല്ലാം ആദ്യം മുതലേ പഠിച്ചു തുടങ്ങണം. ആതിരയുടെ ജീവിതത്തില്‍ ട്യൂബര്‍കുലോസിസ് എന്ന അസുഖം അത്രത്തോളം മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വരുത്തിയത്.

2015 ല്‍ പഞ്ചാബില്‍ ജേര്‍ണലിസത്തിന് പഠിക്കുമ്പോഴാണ് ആതിരയ്ക്ക് ടിബി വരുന്നത്. അന്ന് ടിബി എന്താണെന്നറിയാം എന്നല്ലാതെ അതിന്റെ മരുന്നു കഴിക്കുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ആതിരയ്ക്ക് ധാരണയുണ്ടായിരുന്നില്ല. മരുന്നുകളിലൂടെ ആ അസുഖം ഭേദപ്പെട്ടു. പിന്നീട് നാട്ടിലേക്കു പോന്ന ആതിര 2018 ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി കേരളവര്‍മ്മ കോളേജില്‍ എത്തി. അപ്പോഴാണ് വീണ്ടും ടിബി പിടിപെടുന്നത്. മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ്. ആതിരയുമായി ഇടപഴകുന്ന രോഗപ്രതിരോധ ശേഷി കുറവുള്ള ഏതൊരാള്‍ക്കും ഈ അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നു മനസിലാക്കിയ ആതിര അസുഖമുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ പഠനം ഉപേക്ഷിച്ചു. തനിക്കു ചുറ്റുമുള്ള ഒരുപാട് പേരുടെ ജീവിതം താന്‍ കാരണം ബുദ്ധിമുട്ടിലാകരുതെന്ന് മാത്രമെ ആതിര ചിന്തിച്ചിരുന്നുള്ളൂ. അവിടെ നിന്നിങ്ങോട്ടുള്ള ആതിരയുടെ ജീവിതം അതിജീവനത്തിന്റെത് കൂടിയായിരുന്നു.

മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് എന്ന അസുഖത്തിന്റെ ചികിത്സ കാലയളവ് മാസങ്ങളോ വര്‍ഷങ്ങളോ നീളുന്നതായിരുന്നു. മരുന്നുകളാണെങ്കില്‍ ധാരാളം പാര്‍ശ്വഫലങ്ങളോട് കൂടിയതും. ശാരീരികമായും മാനസികമായുമെല്ലാം മരുന്നുകള്‍ ആതിരയെ ബാധിച്ചു തുടങ്ങി. അതിനോടൊപ്പം ആളുകളുടെ നോട്ടവും, ചോദ്യങ്ങളും. "'ഇപ്പോള്‍ കൊറോണയായതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ട് ആര്‍ക്കും അതില്‍ കൗതുകമോ, അത്ഭുതമോയില്ല. ട്യൂബര്‍കുലോസിസ് വായുവിലൂടെ പകരുന്ന അസുഖമായതിനാല്‍ തന്നെ എനിക്ക മാസ്‌ക് നിര്‍ബന്ധമായിരുന്നു. ആശുപത്രികളില്‍ പോകേണ്ട സാഹചര്യത്തിലെല്ലാം മാസ്‌ക് ധരിച്ചാണ് പോയിരുന്നത്. ഞാന്‍ പോയിരുന്ന സമയങ്ങളിലെല്ലാം ആളുകളുടെ നോട്ടം മുഴുവന്‍ എന്നിലേക്കായിരിക്കും. നമ്മള്‍ എന്തോ തെറ്റ് ചെയ്തിട്ടു വന്നപോലെയായിരിക്കും അവരുടെ ഓരോ നോട്ടങ്ങളും. ചോദ്യങ്ങളും അങ്ങനെ തന്നെ. നിനക്കെങ്ങനെ ഈ രോഗം വന്നു, എവിടെ നിന്നു കിട്ടി ഈ അസുഖം ഇങ്ങനെ നീളുന്നു അവ. അതെല്ലാം പലതരത്തില്‍ ബുദ്ധിമുട്ടായിരുന്നു". ആതിര പറയുന്നു.

മരുന്നു കഴിക്കുന്നത് കൊണ്ട് ആതിരക്കുണ്ടായിരുന്ന ശാരീരിക പ്രശ്‌നങ്ങളെക്കാള്‍ വലുതായിരുന്നു മാനസികപ്രശ്‌നങ്ങള്‍. ആതിര അതിനെ നേരിട്ടത് ഈ അസുഖം വന്നവരുമായും, ഭേദമായവരുമായും സംസാരിച്ചായിരുന്നു. കൂടതെ കുടൂംബത്തിന്റെ വലിയ പിന്തുണയുമുണ്ടായിരുന്നു ആതിരയ്ക്ക് കരുത്തായി. "പല രാത്രികളും ഉറങ്ങാന്‍ കഴിയാറില്ല. അതിനാല്‍ തന്ന എഴുന്നേല്‍ക്കുന്നതിനോ ഉറങ്ങുന്നതിനോ ഒന്നും കൃത്യമായ സമയമുണ്ടായിരുന്നില്ല. ഈ സമയങ്ങളിലെല്ലാം എന്റെ വീട്ടുകാര്‍ എനിക്കൊപ്പം നിന്നു. കുറേക്കാലം ആശുപത്രിയിലേക്കല്ലാതെ മറ്റെങ്ങോട്ടും ഞാന്‍ പോയിരുന്നില്ല. പലരും പറയും സമയം പോകാന്‍ വായിച്ചാല്‍ മതി അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്താല്‍ മതി എന്നെല്ലാം. പക്ഷെ അതിനൊന്നും എനിക്കു കഴിയില്ലായിരുന്നു. അത് മറ്റാര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. ഇത്രയും മരുന്നുകളൊക്കെ കഴിച്ച് മാനസികാരോഗ്യത്തോടുകൂടിയിരിക്കാന്‍ പലപ്പോഴും ആര്‍ക്കും കഴിയാറില്ല". ആതിര പറഞ്ഞു.

<blockquote>"ഇപ്പോള്‍ സെല്‍ഫ് ക്വാറന്റൈന്‍ ആണെന്നും ഐസൊലേഷനിലാണെന്നുമെല്ലാം പറയുന്നവര്‍ക്ക് ധാരാളം പ്രിവിലേജുണ്ട്. അവര്‍ക്ക് 14 ദിവസം അല്ലെങ്കില്‍ 28 ദിവസം മറ്റു മനുഷ്യരുമായി ഇടപഴകാതിരുന്നാല്‍ മതി. എന്നാല്‍ വര്‍ഷങ്ങളായി മറ്റൊരു മനുഷ്യനുമായി ഇടപഴകാന്‍ കഴിയാത്ത എന്നെപോലുളള ധാരാളം മനുഷ്യന്മാരുണ്ടിവിടെ". </blockquote>

' നിലവില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കെല്ലാം വീടുകളുണ്ട്. എന്നാല്‍ ഐസൊലേറ്റഡ് ആയിരിക്കാന്‍ ഒരു മുറിയൊ വീടൊ ഇല്ലാത്ത ധാരാളം പേരുണ്ട്'. അവരെക്കുറിച്ചുള്ള ആശങ്കയും ആതിര പങ്കുവയ്ക്കുന്നു.

നിലവില്‍ ടിബി റിപ്പോര്‍ട്ടുകള്‍ നെഗറ്റീവ് എന്നാണ് കാണിക്കുന്നതെങ്കിലും ആതിര ചികിത്സയില്‍ തന്നെയാണ്. അതുകഴിഞ്ഞാല്‍ തന്റെ പഠനം വീണ്ടും തുടങ്ങാനുള്ള ചിന്തയിലാണിപ്പോള്‍. "പഠനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചു തുടങ്ങിയിട്ടെ ഉള്ളൂ. ഇത്രയും നാള്‍ തുടര്‍ പഠനം എന്നൊരു സാധ്യത പോലും മുന്നില്‍ കണ്ടിരുന്നില്ല. ജോലിചെയ്യാനോ, യാത്ര ചെയ്യാനോ, ക്ലാസിലിരിക്കാനോ, എന്തിന് കാര്യങ്ങള്‍ മനസിലാക്കുന്നതിനോ പോലും കഴിയാത്ത അവസ്ഥയിലാണുണ്ടായിരുന്നത്. ഡിസ്റ്റന്‍സായി പഠിക്കാം എന്നാണ് ഇപ്പോള്‍ കരുതുന്നത്". ആതിര തുടര്‍പഠനത്തെക്കുറിച്ച് പറയുന്നു.

ആതിരയുടെ രോഗാവസ്ഥ ഇപ്പോള്‍ ദിനംപ്രതി ഭേദപ്പെട്ടുവരുന്നുണ്ട്. ആശുപത്രിയിലേക്കു പോകാനായി മാത്രം മുറിക്കു പുറത്തിറങ്ങിയിരുന്ന ആതിരയ്ക്കിപ്പോള്‍ വീടിനു ചുറ്റും നടക്കാന്‍ പറ്റുന്നുണ്ട്. പതിയെ പതിയെ ടിബിയെ ആതിര തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. അവനവന്റെയും ചുറ്റുമുള്ളവരുടെയും നന്മയ്ക്കായി പതിനാലോ, ഇരുപതെട്ടോ ദിവസം വീട്ടില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടു കാണിക്കുന്നവര്‍ സഹജീവികള്‍ക്കായി വര്‍ഷങ്ങളോളം ഒരുമുറിയില്‍ പ്രിയപ്പെട്ടവരുമായി അകന്നു കഴിയുന്ന ആതിരപോലുള്ളവരെ ഓര്‍ക്കേണ്ടതുണ്ട്.


Next Story

Related Stories