TopTop

കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഈ പഞ്ചായത്ത് ചെയ്യുന്നത് മാതൃകയാക്കാം

കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഈ പഞ്ചായത്ത് ചെയ്യുന്നത് മാതൃകയാക്കാം

കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിനായിയുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ആ പരിശ്രമത്തിനൊരു മുതല്‍ക്കൂട്ടാവുകയാണ് കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ പഞ്ചായത്ത്. വിദേശത്തു നിന്നും വരുന്നവരെ പ്രത്യേകം വീടുകളില്‍ താമസിപ്പിച്ചാണ് ഒരു പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാവുന്നത്.

വിദേശത്തു നിന്നും എത്തുന്നവര്‍ 14 ദിവസം കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ അവര്‍ക്ക് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാം. അത്തരത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവരും ഉണ്ടാകും. പ്രായമായവരോ, കുട്ടികളൊ വീട്ടില്‍ ഉള്ളതായിരിക്കാം കാരണം. അതുമല്ലെങ്കില്‍ വീട്ടിലുള്ളരുടെ സുരക്ഷ ഒരു പ്രശ്‌നമായിവരാം. ഇതിനൊരു പരിഹാരമായാണ് കതിരൂര്‍ പഞ്ചായത്ത് വിദേശത്തു നിന്നും എത്തുന്നവരെ പ്രത്യേകം വീടുകളില്‍ എത്തിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

'സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍, ആ വീട്ടില്‍ താമസമുള്ളവരടക്കം പിന്നീട് നിരീക്ഷണത്തിലാകുന്നതാണ് കണ്ടു വരുന്നത്. അപ്പോള്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലേക്കു പോകുന്ന ഒരു അവസ്ഥയുണ്ടാകുന്നു. ആ ഒരു സാഹചര്യം എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയില്‍ നിന്നുമാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ആശയം വരുന്നത്'. കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ അഴിമുഖത്തോട് പറഞ്ഞു.

മാര്‍ച്ച് 21 നാണ് ഈ ഒരു പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് ആലോചിക്കുന്നതും തീരുമാനമെടുക്കുന്നതും. 22 ന് തന്നെ പഞ്ചായത്തിലെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഇതിനെക്കുറിച്ചുള്ള സന്ദേശം അയച്ചു. ആദ്യ ദിവസം വീടു വിട്ടു നല്‍കാന്‍ തയ്യാറായി വന്നത് മൂന്ന് പേരാണ്. രണ്ടാം ദിവസമായപ്പോഴേക്കും അത് എട്ടായി. ഈ എട്ട് വീടുകളിലും സ്ഥിരതാമസക്കാരില്ല. 'കുടുംബങ്ങളുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാതെ ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിരീക്ഷണ സമയം കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം വീടുകളിലേക്ക് പോകാം. വിദേശത്തു നിന്നും ഒന്നിച്ചു വരുന്നവരെ, അതായത് ഒരേ സ്ഥലത്ത് ഒന്നിച്ചു താമസിച്ചു വരുന്നവരെ ഒന്നിച്ചാണ് താമസിപ്പിക്കുന്നത്. അല്ലാത്തവരെ വേറെ വേറെ വീടുകളില്‍ ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ കൂടെയുള്ള ഏതെങ്കിലും ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ അത് എല്ലാവരിലേക്കും എത്താന്‍ സാധ്യതയുണ്ട്. അതീവ ജാഗ്രതവേണ്ട സമയമാണല്ലോ ഇത്. ഇതിലൂടെ സാമൂഹ്യ വ്യാപനം തടയുക എന്നാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്ന്'. ഷീബ പറയുന്നു.

നിലവില്‍ കതിരൂര്‍ പഞ്ചായത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 182 പേരാണ്. രോഗബാധിതരായി ആരും തന്നെയില്ല. എന്നാലും അതീവ ജാഗ്രതയോടെയാണ് ഈ പഞ്ചായത്ത് മുന്നോട്ടു പോകുന്നത്. കോവിഡ് 19 നുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ പഞ്ചായത്തില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. കതിരൂര്‍ സിഐ, പഞ്ചായത്ത് പ്രസിഡന്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്നതാണ് സംഘടന. പഞ്ചായത്തിലെ എല്ലാ ജനങ്ങളും ഗൗരവം മനസിലാക്കി പഞ്ചായത്തിനൊപ്പം നില്‍ക്കുന്നുണ്ട്. ഏറ്റവും വലിയ പിന്തുണയായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് പോലീസാണെന്നാണ് പ്രസിഡന്റ് ഷീബ പറയുന്നത്.

യുവജനസംഘടനകളും കൊറോണയെ ചെറുക്കാന് പഞ്ചായത്തിനൊപ്പമുണ്ട്. ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുന്നത് ഈ യുവജന സംഘടനകളണ്. വീടുകളില്‍ കഴിയുന്നവരുടെ അയല്‍വീട്ടുകാരും അതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും, ഭക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്ന വീടിനു ചുറ്റുമുള്ളവര്‍ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നെന്നും, പിന്നീട് പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചെന്ന് ബോധവല്‍ക്കരണണം നടത്തിയതിന് ശേഷമാണ് അവരുടെ ഭയം മാറ്റിയെടുത്തതെന്നും ഷീബ പറയുന്നു. 'വിദേശത്തു നിന്നും വരുന്നവര്‍ താമസിക്കുന്ന വീടിനു ചുറ്റുമുള്ള വീട്ടുകാര്‍ക്ക് ആദ്യം നല്ല പേടിയുണ്ടായിരുന്നു. രോഗമുള്ളവരാണൊ വരുന്നത്, തങ്ങള്‍ക്കും അത് പകരുമോ എന്നെല്ലാം അവര്‍ ചിന്തിക്കുന്നത് തീര്‍ത്തു സ്വാഭാവികമാണ്. എന്നാല്‍ ഞങ്ങളുടെ പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ അവര്‍ക്കു വേണ്ട ബോധവല്‍ക്കരണം നല്‍കി. ഇപ്പോള്‍ ആര്‍ക്കും വലിയ ആശങ്കകളൊന്നുമില്ല'. ഷീബ കൂട്ടിച്ചേര്‍ത്തു.

വിദേശത്തു നിന്നു വരുന്നവര്‍ക്ക് താമസിക്കാന്‍ വീടാവശ്യപ്പെട്ടപ്പോള്‍ ആദ്യം വീടു വിട്ടു നല്‍കാന്‍ തയ്യാറായത് മൂന്നു പേരാണ്. അവരെ മാതൃകയാക്കി പിന്നീട് അഞ്ചുപേര്‍ കൂടി വീടു നല്‍കുകയായിരുന്നു. ആദ്യം വീടു വിട്ടു നല്‍കാന്‍ തയ്യാറായത് മൂന്നു പേരില്‍ ഒരാളാണ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ നൂറുദ്ദീന്‍. തന്റെ സ്ഥിരതാമസമില്ലാത്ത വീടാണ് നൂറുദ്ദീന്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി വിട്ടു നല്‍കിയത്.ഒരു സാമൂഹ്യജീവി എന്ന നിലയ്ക്ക് ഇപ്പോള്‍ ലോകത്തു നടക്കുന്നത് കണ്ടില്ലെന്ന് വെക്കാനാവില്ലെന്നും, അതിനാലാണ് താന്‍ സ്വമേധയാ വീടു വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നും നൂറുദ്ദീന്‍ പറയുന്നു. 'ലോകമിപ്പോള്‍ നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണ്. ഒരു സമൂഹജീവി എന്ന നിലയില്‍ നമുക്കിത് കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ. കൊല്ലങ്ങളു കഴിഞ്ഞ് നാട്ടിലേക്ക് വരുന്നവരായിരിക്കും പലരും. അങ്ങനെയുള്ളപ്പോള്‍ നമ്മള്‍ അവരെ ഭ്രഷ്ട് കല്‍പ്പിക്കുന്നത് ശരിയല്ലല്ലോ'. നൂറുദ്ദീന്‍ പറയുന്നു. നൂറുദ്ദീനെ പോലുള്ളവര്‍ തന്നെയാണ് കതിരൂര്‍ പഞ്ചായത്തിന്റെ കരുത്ത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വീടുകള്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അംഗങ്ങള്‍.

നിരീക്ഷണത്തിലുളളവര്‍ക്കായി ലഭിക്കുന്ന അടഞ്ഞു കിടക്കുന്ന വീടുകള്‍ എല്ലാം തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വൃത്തിയാക്കി നല്‍കുന്നത്. ഒപ്പം പൊതു ജനങ്ങളുടെ സഹകരണവുമുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മത വിശ്വാസഭേദമന്യേ കൊറോണയെ ചെറുക്കാന്‍ ഒരു പഞ്ചായത്തിലെ എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കതിരൂര്‍ പഞ്ചായത്തില്‍ കാണാന്‍ കഴിയുക. കരുതലിന്റെ ഈ കതിരൂര്‍ മോഡല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കും മാതൃകയാണ്.


Next Story

Related Stories