TopTop
Begin typing your search above and press return to search.

'അസ്ഥിവിഴുങ്ങി പക്ഷികളുടെ സഹോദരി': വംശനാശത്തിലേക്ക് നീങ്ങുന്ന ഹര്‍ഗില സ്റ്റോര്‍ക്കുകളെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പൂര്‍ണിമാ ദേവി

'ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്ക്' എന്ന പക്ഷി കടുത്ത വംശനാശ ഭീഷണി നേരിടുന്നതായി 2014-ലാണ് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ തിരിച്ചറിയുന്നത്. തെക്ക് കിഴക്കൻ ഏഷ്യയിലെ തണ്ണീർത്തടങ്ങളിൽ ഉടനീളം കണ്ടിരുന്ന ഈ പക്ഷിയെ ഒരു ശകുനമായാണ് പലരും കണക്കിയിരുന്നത്. ഇന്ന് ലോകത്ത് കേവലം 1,200-ഓളം സ്റ്റോര്‍ക്കുകളെയൊള്ളൂ. അതില്‍ ഭൂരിഭാഗവും, ഏതാണ്ട് 75 ശതമാനത്തിലധികം, അസമിലാണ് ഉള്ളത്.

കൺസർവനിസ്റ്റ് പൂർണിമ ദേവി ബാർമാനെ സംബന്ധിച്ചിടത്തോളം, പ്രാദേശികമായി 'ഹർഗില' (അസ്ഥി വിഴുങ്ങുന്നവർ) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പക്ഷി എല്ലായ്പ്പോഴും ഒരു സുഹൃത്താണ്. പക്ഷികൾക്കായി അവർ ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് അവരെ 'ഹർഗില ബൈദു' (സ്റ്റോർക്ക് സിസ്റ്റർ) എന്നാണ് പ്രദേശവാസികള്‍ സ്നേഹപൂർവ്വം വിളിക്കുന്നത്. പക്ഷികളുടെ നെസ്റ്റിംഗ് സൈറ്റുകൾ വെട്ടിമാറ്റുന്നതിരെ ഭൂവുടമകളെ സമീപിച്ചും, തണ്ണീർത്തടങ്ങള്‍ മണ്ണിട്ടു നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കോടതി കയറിയും അവര്‍ ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്കുകളെ സംരക്ഷിക്കുന്നതിനായി തന്റെ ജീവിതംതന്നെ സമർപ്പിച്ചിരിക്കുകയാണ്.

കുട്ടിക്കാലത്ത്, ആസാമിലെ കമ്രൂപ് ജില്ലയിലെ 'പബ് മജീർ' ഗാവോണിലുള്ള (ഗ്രാമം) മുത്തശ്ശിയുടെ നെൽവയലുകളിൽ ഈ പക്ഷികൾ ഇറങ്ങുന്നത് പൂർണിമ കണ്ടിട്ടുണ്ട്. എന്നാല്‍, കടുവ, കാണ്ടാമൃഗം പോലുള്ള മറ്റ് ജനപ്രിയ ജന്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്കുകള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കാത്തതും അവള്‍ ശ്രദ്ധിച്ചിരുന്നു.

'പ്രകൃതിയോടുള്ള ഈ സ്നേഹവും അഭിനിവേശവും മുത്തശ്ശിയില്‍നിന്നും ലഭിച്ചതാണ്. എന്നാല്‍ എം.എയ്ക്ക് ഇക്കോളജി ആന്‍ഡ്‌ വൈല്‍ഡ്ലൈഫ് ബയോളജി പഠിക്കുന്ന സമയത്താണ്, എന്റെ പ്രൊഫസർമാർ വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്കിനെക്കുറിച്ച് സംസാരിക്കുന്നത്. അപ്പോഴേക്കും അവ എന്റെ മുത്തശ്ശിയുടെ നെല്‍വയലുകളില്‍നിന്നും അപ്രത്യക്ഷമായിരുന്നു. ഗുവാഹത്തി ആസ്ഥാനമായുള്ള വന്യജീവി സംരക്ഷണ സംഘടനയായ ആരണ്യാക്കിൽ ചേര്‍ന്നുകൊണ്ടാണ് സന്നദ്ധപ്രവർത്തനങ്ങള്‍ക്ക് ഞാന്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍, ആളുകളുടെ താൽപ്പര്യം കാണ്ടാമൃഗം, കടുവ പോലുള്ള ഗ്ലാമർ ഇനങ്ങളുടെ സംരക്ഷണത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്കിനെ സംരക്ഷിക്കാൻ എന്തുകൊണ്ട് എനിക്കിറങ്ങിത്തിരിച്ചൂടാ എന്ന ചോദ്യം ഉയര്‍ന്നു' എന്ന് 'ദി ബെറ്റർ ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണ്ണിമ പറയുന്നു.

സ്റ്റോര്‍ക്കിനെ കുറിച്ചുള്ള നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളൊന്നും മുഖവിലക്കെടുക്കാതെയാണ് പ്രാദേശിക ആവാസവ്യവസ്ഥയിലെ അതിന്റെ പ്രസക്തി അവൾ പെട്ടെന്നു മനസ്സിലാക്കി. ബ്രഹ്മപുത്ര താഴ്‌വരയിലെ കമ്രൂപ് ജില്ലയിലെ വിദൂര ഗ്രാമങ്ങളിൽ വന്യജീവി ബയോളജിയിൽ പിഎച്ച്ഡി തീസിസിന്‍റെ ജോലിക്കായി പോയ സമയത്താണ് അവയെകുറിച്ച് കൂടുതല്‍ അടുത്തറിയുന്നത്.

കാണാനൊട്ടും ഭംഗിയില്ലാത്ത മെലിഞ്ഞ ഈ പക്ഷിയുടെ പ്രസക്തി എല്ലാവർക്കും മനസ്സിലായിരുന്നില്ല. ഈ പക്ഷികളോടുള്ള പുച്ഛം കാരണം ഭൂവുടമകൾ അവരുടെ കൂടുണ്ടാക്കുന്ന മരങ്ങൾ വെട്ടിമാറ്റി അവരുടെ ഭക്ഷണ സ്രോതസ്സുകളെ വിഷലിപ്തമാക്കും. അവരുടെ പ്രാഥമിക ഭക്ഷണം ഉച്ചിഷ്ടങ്ങളാണ്. അതുകൊണ്ടാണ് അവയെ ശവംതീനികള്‍ എന്ന് വിളിക്കുന്നത്. ചിലപ്പോൾ, വിഷളിപ്തമോ പ്ലാസ്റ്റിക് കലര്‍ന്നതൊ ആയ ഭക്ഷണങ്ങള്‍ കഴിച്ചാണ് അവ ചാകുന്നത്. ദീപോർ ബീലിനും (ഗുവാഹത്തി നഗരത്തിലെ ശുദ്ധജല തടാകം) മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലത്തിനും ചുറ്റുമാണ് അത് കൂടുതലും കാണപ്പെടുന്നത്.

പ്രചോദനം

തുടക്കത്തിൽ, പൂർണിമയുടെ ലക്ഷ്യം ആദ്യം പിഎച്ച്ഡി പൂർത്തിയാക്കി എത്രയും പെട്ടെന്ന് അക്കാദമിക രംഗത്തേക്ക് പ്രവേശിക്കുക എന്നതായിരുന്നു. 2007 ഡിസംബറിൽ കമ്രൂപ് ജില്ലയിലെ ദാദാര എന്ന ഗ്രാമത്തിൽ പിഎച്ച്ഡി-യുമായി ബന്ധപ്പെട്ട ഒരു ഫീൽഡ് വർക്ക് ചെയ്യാൻ പോയപ്പോഴാണ് എല്ലാം മാറിമറിയുന്നത്. സ്റ്റോര്‍ക്കുകള്‍ കൂടുകൂട്ടിയ ഒരു മരം മുറിച്ചു മാറ്റുന്നതായി അവള്‍ക്കൊരു കോള്‍ വന്നു. 'ഒമ്പത് കൂടുകൾ ഉണ്ടായിരുന്ന ഒരു മരമാണ് ഒരാള്‍ വെട്ടിമാറ്റുന്നത്. അതില്‍നിന്നും പക്ഷിക്കുഞ്ഞുങ്ങള്‍ താഴെ വീഴാന്‍ തുടങ്ങി. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അപ്പോഴാണ്‌ അത് അദ്ദേഹത്തിന്‍റെ തെറ്റല്ലെന്ന് മനസ്സിലായത്. പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഇത് അത്രയ്ക്കും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ജീവിയാണെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. അതിനുശേഷം, പക്ഷിയുടെ വൃത്തികെട്ട ശീലങ്ങളെക്കുറിച്ചും അവയുടെ കൂടുകളിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധത്തെക്കുറിച്ചും അറപ്പോടെയും വെറുപ്പോടെയും മാത്രം സംസാരിക്കുന്ന വളരെ അസന്തുഷ്ടരായ പ്രദേശവാസികളെ ഞാന്‍ കണ്ടു' 2017-ൽ ''ഗ്രീൻ ഓസ്കാർ' എന്നറിയപ്പെടുന്ന വൈറ്റ്‌ലി അവാർഡ് സ്വീകരിച്ചുകൊണ്ട് പൂര്‍ണ്ണിമ വിശദീകരിച്ചു.

അന്ന്, വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു പിഎച്ച്ഡികൊണ്ടൊന്നും കാര്യം നടക്കില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. അന്നുമുതലാണ്, എന്തുകൊണ്ടാണ് ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്കുകളുടെ എണ്ണത്തില്‍ കുറവു വരുന്നത് എന്നതിനെകുറിച്ച് മനസ്സിലാക്കുക, ജനങ്ങളുമായി സംവദിക്കുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംരക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് തന്റെ ദൌത്യമെന്ന് അവള്‍ തിരിച്ചറിയുന്നത്. 'ആ സംഭവം എന്റെ ജീവിതത്തിന് വ്യക്തമായ ദിശാബോധം നല്‍കി. തന്മൂലം എനിക്ക് എന്റെ' പിഎച്ച്ഡി വൈകിക്കേണ്ടിവന്നു. ഈ വർഷം മാത്രമേ ഇത് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞുള്ളൂ' പൂര്‍ണ്ണിമ പറഞ്ഞു.

മിഷൻ മോഡ്

അന്നത്തെ നിർഭാഗ്യകരമായ ദിവസത്തിനു ശേഷം ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്കുകളെ സംരക്ഷിക്കുകയെന്ന ദൗത്യം പൂർണിമ ദേവി ബാർമാന്‍ സ്വയം ഏറ്റെടുത്തു. ഹർഗിലയെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി ഈ പക്ഷികളെക്കുറിച്ചുള്ള ജനങ്ങളുടെ മനോഭാവം മാറ്റുന്നതിനായിരുന്നു അവര്‍ പ്രഥമ പരിഗണന നല്‍കിയത്. പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ പക്ഷിയുടെ ചീത്തപ്പേര് മാറ്റാന്‍ തുനിഞ്ഞിറങ്ങി.

കമ്രൂപ് ജില്ലയിലെ ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് 150 ഓളം ഹർഗിലകൾ താമസിക്കുന്ന ദാദാര, പച്ചാരിയ ഗ്രാമങ്ങളിൽ അവളുടെ നിരന്തരമായ പിആർ പ്രചാരണം പതിയെ ഫലംകണ്ടുതുടങ്ങി. സ്ത്രീകൾക്കിടയിൽനിന്നും വലിയ പിന്തുണ ലഭിച്ചു. 'ഞാൻ കോളനിയിൽ (ദാദാര, പച്ചാരിയ ഗ്രാമങ്ങൾ) സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അവിടെ 28-ഓളം പക്ഷിക്കൂടുകളാണ് ഉണ്ടായിരുന്നത്. 2019-ല്‍ അത് 200 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഹാർഗിലകള്‍ ഉള്ള പ്രദേശമായി അവിടം മാറി' പൂര്‍ണ്ണിമ പറയുന്നു.

വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ 'ഹാർഗില ആർമി' അവര്‍ രൂപീകരിക്കുന്നത് 2015 ലാണ്. ഇന്ന് സംഘടനയില്‍ 400 ഓളം അംഗങ്ങളുണ്ട്, അതിൽ 200 പേർ സജീവമായി പ്രവര്‍ത്തിക്കുന്നു. ബാക്കിയുള്ളവർ പ്രാദേശിക സ്ത്രീകൾക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'അവര്‍ ഈ പക്ഷി വര്‍ഗ്ഗത്തെയും തങ്ങളുടെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. എന്നാലും, അവയെ സംരക്ഷിക്കുക എന്നത് ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണ്' എന്നാണ് പൂര്‍ണ്ണിമ പറയുന്നത്.

പ്രാദേശിക സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് നന്നായി മനസിലാക്കിയ അവർ ഹർഗിലയ്ക്കും അവര്‍ക്കിടയില്‍ വാസസ്ഥലം കണ്ടെത്തി. പ്രാദേശിക ക്ഷേത്രങ്ങളിലെ പ്രതിവാര ആചാരങ്ങളിൽ പങ്കെടുക്കാനെത്തുന്ന അവള്‍ക്ക് ഒടുവിൽ ഹർഗിലയെക്കുറിച്ചുള്ള സ്ലൈഡ്ഷോകൾ അവതരിപ്പിക്കാൻ പ്രാദേശിക സ്ത്രീകളുടെ സമ്മതം ലഭിച്ചു. സ്ത്രീകൾക്കായി പാചക മത്സരങ്ങള്‍ സംഘടിപ്പിക്കും, അതിനിടെ കുറച്ചു സമയം അവരുമായി ഹാർഗിലകളെ കുറിച്ച് സംസാരിച്ചു. കൂടാതെ, നാടൻ പാട്ടുകളിലും ദുർഗ പൂജ ഘോഷയാത്രകളിലും പക്ഷിയെ ഉൾപ്പെടുത്താനുള്ള ഒരു മാർഗ്ഗം അവർ കണ്ടെത്തി. പരമ്പരാഗത ഗാമോച്ചകളില്‍ (കോട്ടൺ സ്കാർഫുകൾ / ടവലുകൾ) ഹാർഗിലയുടെ ചിത്രം നെയ്തെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു. ഇന്ന്, അവളുടെ പ്രസിദ്ധമായ ഹർഗില ആർമിയിലെ അംഗങ്ങൾ മറ്റ് കൈത്തറി വസ്തുക്കൾക്കൊപ്പം ഈ ഗാമോച്ചകൾ നെയ്യുന്നു, ഈ പക്ഷി സമൂഹത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.

പക്ഷികള്‍ക്ക് കൂടുണ്ടാക്കാനുള്ള സ്ഥലം ഒരുക്കുന്നതിന്‍റെ ഭാഗമായി 60 അടി ഉയരത്തിൽ കൃത്രിമ മുളകള്‍കൊണ്ടുള്ള പ്ലാറ്റ്ഫോം ഒരുക്കാന്‍ പൂര്‍ണ്ണിമ തീരുമാനിച്ചു. അതിനെതിരെ ചില മൃഗ സംരക്ഷകര്‍തന്നെ രംഗത്തു വന്നിരുന്നു. ഡിസൈനിലുണ്ടായ ചില പാകപ്പിഴകള്‍ പരിഹരിച്ച് അതുമായി മുന്നോട്ടു പോകാന്‍ അവള്‍ തീരുമാനിച്ചു. പക്ഷികള്‍ അതില്‍ കൂടുവയ്ക്കാന്‍ തുടങ്ങി. ഈ വര്‍ഷം ആ കൂട്ടില്‍ ആദ്യത്തെ പക്ഷിക്കുഞ്ഞ് പിറവിയെടുക്കുകയും ചെയ്തു.

പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുകയാണെങ്കിൽ അത്തരം പ്ലാറ്റ്ഫോമുകള്‍ ധാരാളം ഒരുക്കാന്‍ സാധിക്കും. പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഹാർഗില എത്രത്തോളം അവിഭാജ്യമാണെന്ന് പ്രാദേശിക സ്ത്രീകളെ ബോധവത്കരിക്കുന്നതിനൊപ്പം സമാന ലക്ഷ്യവുമായി ഗ്രാമീണ സ്കൂൾ വിദ്യാർത്ഥികള്‍ക്ക് അവള്‍ കലാസ്സുകളും വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കാറുണ്ട്. ഇന്ന്, കൊടുങ്കാറ്റോ പെമാരിയോ വന്ന് പക്ഷിക്കുഞ്ഞുങ്ങള്‍ കൂടുകളില്‍നിന്നും നിലത്തു വീഴുന്നത് തടയാന്‍ ഗ്രാമീണര്‍തന്നെ നെറ്റുകള്‍ കെട്ടുന്ന നിലയിലായി കാര്യങ്ങള്‍.

(ദി ബെറ്റര്‍ ഇന്ത്യയുമായുള്ള കണ്ടന്‍റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എംഎഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)

ദി ബെറ്റര്‍ ഇന്ത്യ സ്റ്റോറിയിലേക്ക്


റിഞ്ചെന്‍ നോര്‍ബു വാങ്ചുക്

റിഞ്ചെന്‍ നോര്‍ബു വാങ്ചുക്

മാധ്യമ പ്രവര്‍ത്തക

Next Story

Related Stories