ജീവിതം ചക്ര കസേരയിലായവരെ എഴന്നേല്പ്പിക്കാന് മദ്രാസ് ഐഐടി. വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ നിൽക്കുന്ന വീൽച്ചെയറാണ് ഐഐടി പുറത്തിറക്കിയത്. 'എറൈസ്' എന്നാണ് പുതിയ സ്റ്റാഡിങ് വീല്‍ചെയറിന് പേരിട്ടിരിക്കുന്നത്. അംഗപരിമിതിയുള്ളവർക്കും, നട്ടെല്ലിന് പരിക്കേറ്റവർക്കും എറൈസ് ഏറെ ഗുണം ചെയ്യും. സ്വയം നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലാണ് എറൈസ് നിർമിച്ചിരിക്കുന്നത്. എറൈസ് ഉപയോഗിക്കൂന്നതിലൂടെ ഏറെ നേരം ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. കാല് മുട്ടുകളെയും ശരീരത്തെയും ഇത് താങ്ങി നിർത്തുന്നു. ഇരിക്കുമ്പോൾ കാലുവെയ്ക്കുന്ന ഭാഗത്ത് എഴുന്നേറ്റുനിൽക്കാൻകൂടി സൗകര്യമേർപ്പെടുത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഐ.ഐ.ടി. ഗവേഷണ പാർക്കിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹികനീതിമന്ത്രി താവർചന്ദ് ഗെഹ്ലോട്ട് 'എറൈസ്' പുറത്തിറക്കി. വ്യത്യസ്ത ശരീരഭാരമുളളവർക്കായി നാലുതരം ചക്രക്കസേരകളാണ് ഉണ്ടാക്കുന്നത്. 15000 രൂപയാണ് ഇതിന്റെ വില.

ഫീനിക്സ് മെഡിക്കൽ സിസ്റ്റവുമായി സഹകരിച്ചായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഈ സാങ്കേതികവിദ്യ ആഗോളതലത്തിൽ മാർക്കറ്റുകളിൽ എത്തിക്കാന്‍ ഇംഗ്ലണ്ട് ആസ്ഥാനമായ വെൽകം ട്രസ്റ്റും രംഗത്തുണ്ട്. സർക്കാർ ഏജൻസികൾവഴി വൈകാതെ എറൈസ് രോഗികൾക്കു ലഭ്യമാക്കാനാണ് പദ്ധതി. 2015-ലാണ് ഐ.ഐ.ടി. മദ്രാസ് 'സ്റ്റാൻഡിങ് വീൽച്ചെയർ' വികസിപ്പിക്കാൻ തുടങ്ങിയത്. നാല് വർഷങ്ങൾക്ക് ശേഷം പദ്ധതി ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നു.