ഡോക്ടറാകാന്‍ പഠിക്കവേ കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തി 18 വര്‍ഷത്തിന് ശേഷം എംബിബിഎസ് പൂര്‍ത്തീകരിച്ചു. കര്‍ണാടകയിലെ കലബുറുഗിയിലുള്ള മഹാദേവപ്പ രാംപുരെ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പഠിക്കവേയാണ് നിലവില്‍ 40 വയസ്സുള്ള സുഭാഷ് തുക്കാറാം പാട്ടീല്‍ കൊലക്കേസില്‍ പ്രതിയായത്. കാമുകിയുടെ ഭര്‍ത്താവിനെയാണ് കൊലപ്പെടുത്തിയത്. ജയിലില്‍ നല്ലനടപ്പിന്റെ പേരില്‍ 14 വര്‍ഷം കഴിഞ്ഞപ്പോള്‍ മോചിപ്പിച്ചു. വീണ്ടും എംബിബിഎസ് പഠനം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കി. കര്‍ണാടകയിലെ അഫ്സല്‍പൂര്‍ താലൂക്കിലെ ഭസാഗി ഗ്രാമമാണ് 40കാരനായ സുഭാഷ് പാട്ടീലിന്റെ സ്വദേശം. 2016 ഓഗസ്റ്റ് 15നാണ് ജയില്‍മോചിതനായത്. ജയിലിലെ ഒപിഡിയില്‍ സുഭാഷ് ജോലി ചെയ്തിരുന്നു. ഈ മാസം ആദ്യം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി.
എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെ സുഭാഷ് പാട്ടീല്‍, വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലാവുകയും അവരുടെ പ്രേരണയില്‍ ഭര്‍ത്താവിനെ വെടിവച്ച് കൊല്ലുകയുമായിരുന്നു. ആറ് വര്‍ഷം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലും പിന്നീട് എട്ട് വര്‍ഷം കലബുറുഗി സെന്‍ട്രല്‍ ജയിലിലും തടവില്‍ കഴിഞ്ഞു. ജയിലിലായിരിക്കെ കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജേണലിസം കോഴ്സ് പൂര്‍ത്തിയാക്കി. പ്രത്യേക അനുമതിയോടെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി. 2016ല്‍ പഴയ കോളേജില്‍ ചേര്‍ന്ന് ആദ്യശ്രമത്തില്‍ തന്നെ എല്ലാ പേപ്പറുകളും ക്ലിയര്‍ ചെയ്തു. 2019 മുതല്‍ ബസവേശ്വര് ഹോസ്പിറ്റലില്‍ ഹൗസ്മാന്ഷിപ്പ് പൂര്‍ത്തിയാക്കി. പഠിക്കാനുള്ള താല്പര്യം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെന്നും ജയിലില്‍ ഒരുപാട് സമയം ലൈബ്രറിയില്‍ ചിലവഴിക്കുമായിരുന്നുവെന്നും സുഭാഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.