TopTop
Begin typing your search above and press return to search.

മൽസ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ഇന്ത്യക്ക് 'കോൺഫറൻസ്' നടത്താൻ വീ കൺസോൾ ഉണ്ടാക്കിയ ജോയ് സെബാസ്റ്റ്യൻ നടന്ന മാനവികതയുടെ വഴികള്‍

മൽസ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ഇന്ത്യക്ക്  കോൺഫറൻസ് നടത്താൻ വീ കൺസോൾ ഉണ്ടാക്കിയ ജോയ് സെബാസ്റ്റ്യൻ നടന്ന മാനവികതയുടെ വഴികള്‍

ഒരു മത്സ്യത്തൊഴിലാളിയുടെ ഓരോ ദിവസത്തെ ജീവിതവും വെല്ലുവിളികളുടേതാണ്. വന്‍ തിരകളെയും കാറ്റിനെയും പ്രതിരോധിച്ച് കടലിന്റെ ആഴങ്ങളെ ഭയക്കാതെയാണ് അന്നന്നത്തെ അന്നത്തിനുവേണ്ടി അവര്‍ തുഴയെടുക്കുന്നത്. പോകുന്ന കാര്യം നേടുമെന്നും തിരിച്ചുവരുമെന്നുമുള്ള ആത്മവിശ്വാസമാണവരുടെ കരുത്ത്. ഏത് പ്രതിസന്ധിഘട്ടത്തോടും തോറ്റു കൊടുക്കാന്‍ തയ്യാറാകാത്ത മനുഷ്യരാണവര്‍. ആ കൂട്ടത്തില്‍ നിന്നൊരാളാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ ജോയ് സെബാസ്റ്റ്യന്‍. ജോയിയുടെ നേതൃത്വത്തിലുള്ള ടെക്‌ജെന്‍ഷ്യ തയ്യാറാക്കിയ വീ കണ്‍സോള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നവേഷന്‍ ചലഞ്ചിലൂടെ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി തെരഞ്ഞെടുക്കപ്പെട്ടത്. 'മേക്ക് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംഘടിപ്പിച്ച ടെക്‌നോളജി ചലഞ്ചില്‍ പങ്കെടുത്ത രണ്ടായിരം കമ്പനികളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത് എന്നുകൂടി പറയുമ്പോഴാണ് ഒരു കൊച്ച് കടലോര ഗ്രാമത്തില്‍ നിന്നും വന്ന് രാജ്യത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുന്ന ജോയിയുടെ വിജയത്തിന്റെ യഥാര്‍ത്ഥ തിളക്കം കാണാന്‍ കഴിയൂ.

ആലപ്പുഴയിലെ പാതിരാപ്പള്ളിയില്‍ ചെട്ടികാട് എന്ന ഗ്രാമത്തിലാണ് ജോയ് സെബാസ്റ്റ്യന്റെ വീട്. മത്സ്യത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും ഗ്രാമമാണ് ചെട്ടികാട്. വറുതിയുടെ കരയിലായിരുന്നു ജോയിയുടെ ബാല്യം. മത്സ്യത്തൊഴിലാളിയായ പിതാവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോയിയുടെ മൂത്ത സഹോദരന്‍ ജോബ്. രണ്ടു പേരും പഠിക്കാന്‍ മിടുക്കന്മാരായിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാറും കോളും നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും പഠിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീന്താന്‍ യാതൊന്നും ജോബിനും ജോയിക്കും തടസമായില്ല. അന്നേ ചെട്ടിക്കാട്ടുകാര്‍ പറയുമായിരുന്നു; ജോബും ജോയിയും തീരത്തിന്റെ അഭിമാനമാകുമെന്ന്.

പക്ഷേ, അപ്രതീക്ഷിതമായൊരു ദുരന്തം ആ കൊച്ചുവീട്ടിലേക്ക് കടന്നു വന്നു. എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന ജോബ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. വലിയ ആഘാതമായിരുന്നു ജോബിന്റെ അകാല വിയോഗം ആ കുടുംബത്തിനും നാടിനും സൃഷ്ടിച്ചത്. പഠന മികവില്‍ ജോയിയേക്കാളും മുന്നിലായിരുന്നു ജോബ്. എല്ലാവരുടെയും പ്രതീക്ഷകളും കാത്തിരുപ്പുകളും വിഫലമാക്കി ജോബ് പോയി.

സഹോദരന്റെ മരണം ജോയിയുടെ ജീവിതത്തില്‍ വലിയ താങ്ങായിരുന്നു. അത് നഷ്ടമായെങ്കിലും തളര്‍ന്നിരിക്കാന്‍ കഴിയുമായിരുന്നില്ല. കുടുംബത്തിന്റെ പ്രതീക്ഷ തന്നിലാണെന്നറിയാമായിരുന്നു ജോയിക്ക്. പഠനം മുന്നോട്ടുകൊണ്ടു പോകാന്‍ വെല്ലുവിളികളേറെ തരണം ചെയ്യണമായിരുന്നു. പിതാവിന്റെ വരുമാനം ഒന്നിനുമൊന്നിനും തികയില്ലെന്നറിയാവുന്ന ജോയി, ട്യൂഷന്‍ സെന്ററുകളിലും വീടുകളിലും കുട്ടികളെ പഠിപ്പിക്കാന്‍ പോയി. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വിദ്യാഭ്യാസം മുന്നോട്ടു പോയി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പഠിച്ചു വളര്‍ന്ന ജോയിയുടെ ചിന്തകളില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറിംഗിന്റെ സാധ്യതകള്‍ ആവേശം കൊള്ളിക്കുമ്പോള്‍, കമ്പ്യൂട്ടര്‍ വ്യാപകമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. തീരത്തു നിന്ന് ജോയ് ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോകുമ്പോള്‍, അതിനെക്കുറിച്ചൊന്നും അത്ര ബോധ്യമില്ലായിരുന്നുവെങ്കിലും ചെട്ടികാട് ഗ്രാമത്തിന്റെ പ്രതീക്ഷകള്‍ വാനോളമായിരുന്നു.

ആരുടെയും പ്രതീക്ഷകളെ ജോയി നിരാശപ്പെടുത്തിയില്ല. സോഫ്‌റ്റ്വെയര്‍ രംഗത്ത് തന്റേതായൊരു സ്ഥാനം അദ്ദേഹം നേടിയെടുത്തു. കഴിവും കഠിനാദ്ധ്വാനവും കൈമുതലാക്കി ജോയി തുടങ്ങിയ ആ യാത്രയാണ് രാജ്യത്തിന്റെ ആദരവും അംഗീകാരവും നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ജോയിയെ വിജയത്തിലെത്തിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍. സോഫ്‌റ്റ്വെയര്‍ രംഗത്തെ കച്ചവടതന്ത്രങ്ങളറിയാത്ത, അല്ലെങ്കില്‍ അതില്‍ താത്പര്യം കാണിക്കാതിരുന്നയാളാണ് ജോയ്. രാജ്യത്തിന്റെ അംഗീകാരം ഒരിക്കല്‍ തന്നെ തേടിയെത്തുമെന്നും ജോയിക്ക് വിശ്വാസം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ പങ്കെടുക്കുമ്പോഴും സുഹൃത്തുക്കളോട് ജോയ് പറയുമായിരുന്നു, നിഷ്പക്ഷമായ തെരഞ്ഞെടുക്കലാണ് നടക്കുന്നതെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ വിജയിക്കുമെന്ന്, അത്രയേറെ ആത്മവിശ്വാസം ജോയിയില്‍ ഉണ്ടായിരുന്നു; അതിലേറെ ജോയിയുടെ ഗ്രാമത്തിനും.

ഏതു വിജയവും നാടിനും നാട്ടുകാര്‍ക്കുമൊപ്പം ആഘോഷിക്കാനാണ് ജോയ് സെബാസ്റ്റ്യന്‍ എന്നും തയ്യാറായിട്ടുള്ളത്. വന്ന വഴി മറക്കാത്തവന്‍ എന്നാണ് നാട്ടുകാരും ജോയിയെക്കുറിച്ച് പറയുന്നത്. ഇന്ന് കേരളത്തില്‍ തന്നെ ശ്രദ്ധേയമായി മാറിയ പാതിരാപ്പള്ളിയിലെ ഔവര്‍ ലൈബ്രറിയുടെ പ്രസിഡന്റായി ജോയി ഉണ്ടായിരുന്ന കാലത്താണ് പഠിപ്പുര എന്ന പേരില്‍ ഓണ്‍ലൈന്‍ മാഗസിന്‍ തയ്യാറാക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ ഇങ്ങനെയൊരു ആശയം നടപ്പാക്കുന്നത് ഇതിനു ശേഷമാണ്. കേരളത്തില്‍ തന്നെ ഇന്ന് ഏറ്റവും അറിയപ്പെടുന്ന പാലിയേറ്റീവ് സെന്ററാണ് പാതിരാപ്പള്ളിയിലെ സ്‌നേഹജാലകം. സ്‌നേഹ ജാലകത്തിന്റെ കീഴില്‍ ജനകീയ ഭക്ഷണശാല എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനു പിന്നിലും ജോയിയുണ്ടായിരുന്നു. വിശപ്പിന്റെ വിലയറിഞ്ഞു വളര്‍ന്നു വന്നൊരുവന്റെ സഹജീവികളോടുള്ള കരുതല്‍. കൈയില്‍ കാശില്ലാത്തതുകൊണ്ട് ആരും വിശന്നിരിക്കേണ്ടി വരരുതെന്ന ആഗ്രഹമായിരുന്നു ജനകീയ ഭക്ഷണ ശാലയെന്ന ആശയത്തിനു പിന്നില്‍. അതുപോലെയൊന്നാണ് ജനകീയ ലാബോറട്ടറി. സ്വകാര്യ ലാബുകള്‍ ആളുകളെ ചൂഷണം ചെയ്യുന്നതിന് തടയുകയായിരുന്നു ജനകീയ ലാബിനു പിന്നിലെ ലക്ഷ്യം. ഇതിനുവേണ്ടി വിശദമായൊരു പഠനം തന്നെ നടത്തിയ ശേഷമായിരുന്നു ജോയ് ലാബ് യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കേരളം മുഴവന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിഭാതീരം പദ്ധതിയുടെ പിന്നിലും ജോയി സെബാസ്റ്റ്യന്‍ എന്ന പേരുണ്ട്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടി ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ ആശയമായിരുന്നു പ്രതിഭാതീരം. ഇന്ന് സംസ്ഥാനത്തിനു തന്നെ മാതൃകയമായി മാറിയ ഈ പദ്ധതിയും സാക്ഷാത്കരിക്കാന്‍ ജോയിയുണ്ടായിരുന്നു. 2018- ലെ മഹാപ്രളയ കാലത്ത് ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ജോയി സെബാസ്റ്റ്യന്‍ പൂര്‍ണസമയവുമുണ്ടായിരുന്നു. കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ജോയിക്കായിരുന്നു.

പറയാന്‍ ഇനിയുമേറെയുണ്ട് ചെട്ടികാടുകാര്‍ക്കും ആലപ്പുഴക്കാര്‍ക്കും ജോയിയെക്കുറിച്ച്. ഇന്നിപ്പോള്‍ ജോയിയുടെ വിജയം തങ്ങള്‍ ഓരോരുത്തരുടെയും വിജയമായാണ് ചെട്ടികാട്ടെ മനുഷ്യര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏത് ആകാശവും എത്തിപ്പിടിക്കാന്‍ തങ്ങള്‍ക്കുമാകുമെന്നാണവര്‍ ജോയിയുടെ നേട്ടത്തെ അടയാളപ്പെടുത്തുന്നു.


Next Story

Related Stories