TopTop
Begin typing your search above and press return to search.

വൈറസ് വേട്ടക്കാരി, കോവിഡിനെ പിടിച്ചുകെട്ടിയ കൊറിയന്‍ ഡോക്ടറെ അറിയാം

വൈറസ് വേട്ടക്കാരി, കോവിഡിനെ പിടിച്ചുകെട്ടിയ കൊറിയന്‍ ഡോക്ടറെ അറിയാം

ചൈന കഴിഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് 19 ഏറെ മരണം വിതയ്ക്കുമെന്ന് കരുതിയത് ദക്ഷിണ കൊറിയയില്‍ ആയിരുന്നു. ഫെബ്രുവരി 19നു 27 കേസ് എന്ന നിലയില്‍ നിന്നും ആരംഭിച്ച ദക്ഷിണ കൊറിയയിലെ രോഗ ബാധ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, മാര്‍ച്ച് 3നു 900ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിലയിലേക്കെത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് കോവിഡ് കേസുകള്‍ ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ് രാജ്യത്തു കണ്ടത്. ലോകാരോഗ്യ സംഘടന തന്നെ കൊറിയയെ മാതൃകയാക്കൂ എന്നു പറയുന്ന തരത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായി ദക്ഷിണ കൊറിയയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മാറി.

ഒരു വനിതയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. കൊറിയയുടെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്ഡ് പ്രിവെന്‍ഷന്‍ മേധാവി യുംഗ് ഇയൂന്‍ ക്യോങ്. അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൊറിയയുടെ ദേശീയ താരമാക്കി മാറ്റിയിരിക്കുകയാണ് യുംഗിനെ. വൈറസിനെതിരെ ലോകാമാകെ നടക്കുന്ന പോരാട്ടത്തില്‍ മാതൃകയാക്കാവുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയായി യുംഗ് മാറിയിരിക്കുകയാണ്. സിയൂളിന്‍റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ യാങ്ജുവില്‍ ഒരു സാധാരണ ഡോക്ടറായിരുന്നു 1990കളില്‍ യുംഗ് ഇയൂന്‍ ക്യോങ്. 1995ല്‍ ദേശീയ ആരോഗ്യ മന്ത്രാലയത്തില്‍ ഗവേഷകയായി അവര്‍ ചേര്‍ന്നു. 2009ല്‍ ഏകദേശം ഏഴര ലക്ഷം പേരെ എച്ച് 1 എന്‍ 1 ബാധിച്ചപ്പോള്‍ അടിയന്തിര ശുശ്രൂഷ സംവിധാനത്തിന്റെ മേധാവിയായി യുംഗിനെ നിയമിച്ചു. രാജ്യത്തു മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) പടര്‍ന്ന് പിടിച്ച 2015ല്‍ യുംഗ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്ഡ് പ്രിവെന്‍ഷന്‍ മേധാവിയായി നിയമിക്കപ്പെട്ടു. എന്നാല്‍ ഈ കാലഘട്ടം യുംഗിനെ സംബന്ധിച്ചിടത്തോളം കയ്പ്പ് നിറഞ്ഞതായിരുന്നു. MERS കൈകാര്യം ചെയ്ത സി ഡി സിയുടെ രീതി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. കോവിഡ് പോലെ വ്യാപകമായി പടരുന്നതല്ലെങ്കിലും മരണകാരിയായ രോഗമായിരുന്നു MERS. 36 പേരാണ് അന്ന് രോഗം ബാധിച്ചു കൊറിയയില്‍ മരണപ്പെട്ടത്. എന്നാല്‍ ആ കാലത്ത് യുംഗ് ടെലിവിഷനിലൂടെ നടത്തിയ ബ്രീഫിംഗുകള്‍ പൊതുജനങ്ങളുടെ ഇടയില്‍ വലിയ ശ്രദ്ധയാണ് നേടിയത്. മഹാമാരിയുടെ കാലത്ത് 'നേരെ വാ നേരെ പോ' രീതിയിലുള്ള അവരുടെ ആശയവിനിമയം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. 'എന്താണ് സംഭവിക്കുന്നത് എന്നു ജനങ്ങളെ അറിയിക്കുക, എന്നാല്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ കൊടുക്കാതിരിക്കുക'-ഇതായിരുന്നു അവരുടെ സിദ്ധാന്തം. കോവിഡ് ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പടരാന്‍ തുടങ്ങിയപ്പോള്‍ ഏറ്റവും മാരകമായി ബാധിക്കും എന്നു കരുതിയ രാജ്യങ്ങളില്‍ ഒന്നായിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍ കോവിഡ് ടെസ്റ്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക എന്ന സ്ട്രാറ്റജി സ്വീകരിച്ചതോടെ സാമൂഹിക സംക്രമണത്തെ വലിയ രീതിയില്‍ പിടിച്ച് കെട്ടാന്‍ രാജ്യത്തിനായി. ഇതുവരെ 3,20,000 പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്.

ഇതേ കാലത്ത് യു എസില്‍ നടന്നത്

വെറും 2000 ടെസ്റ്റുകള്‍ മാത്രമായിരുന്നു എന്നറിയുമ്പോഴാണ് കൊറിയയുടെ ചുവടുവെപ്പ് എത്രമാത്രം സുപ്രധാനമാണ് എന്നു മനസിലാകുക. കോവിഡ് സ്ഥിരീകരിച്ചു 10 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 30 ഇരട്ടി എന്ന നിലയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തിലാണ് യുംഗിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്.

ഷിനാചിയോഞ്ചി ചർച്ച് ഓഫ് ജീസസ്

രാജ്യത്തു ആദ്യ ഘട്ടത്തില്‍ വൈറസ് പകർച്ച കൂടാൻ കാരണമായത് ഷിനാചിയോഞ്ചി ചർച്ച് ഓഫ് ജീസസ് എന്ന സഭയുടെ ഉത്തരവാദിത്വമില്ലാത്ത നീക്കങ്ങളാണെന്ന് കണ്ടെത്തിയതോടെ ദക്ഷിണ കൊറിയന്‍ സര്‍ക്കാരും യുംങ്ങും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സർക്കാർ നൽകിയ നിർ‌ദ്ദേശങ്ങൾ പാലിക്കാതെ വലിയ പ്രാർത്ഥനായോഗങ്ങൾ വിളിച്ചു ചേര്‍ത്തത് സാമൂഹിക സംക്രമണം ഉണ്ടാക്കി എന്ന പ്രാഥമിക വിലയിരുത്തല്‍ സി ഡി സി നടത്തി. . ഈ സഭയ്ക്ക് ഏറെ വിശ്വാസികള്‍ ഉണ്ടായിരുന്ന ദേയ്ഗുവിലാണ് രോഗ പടര്‍ച്ച ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് വലിയ പ്രതിഷേധമുയര്‍ന്നതോടെ സഭയുടെ അധ്യക്ഷനായ വീ മാൻ ഹീ വാർത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു. വാർത്താ സമ്മേളനത്തിനിടയിൽ അദ്ദേഹം മാപ്പ് ചോദിച്ചു. താൻ ദിവ്യശക്തിയുള്ളയാളാണെങ്കിലും ചിലപ്പോഴെല്ലാം കൈവിട്ടു പോകുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വയംപ്രഖ്യാപിത മിശിഹായായാണ് ലീ മാൻ ഹീ അറിയപ്പെടുന്നത്. വൈറസ്സിനെ ഓടിക്കാൻ താൻ ആവുംവിധം ശ്രമിച്ചെന്നാണ് ലീ മാൻ ഹീ പറഞ്ഞത്. "ഇത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിരുന്നില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊലക്കേസ് ചുമത്തി അന്വേഷണം ആരംഭിക്കാൻ സര്‍ക്കാര്‍ നിർദ്ദേശം നൽകി. ഇതിനിടെ യുംഗിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി നിഗൂഢ പ്രാര്‍ഥനാ സംഘത്തിലെ 2,12,000 ത്തോളം വരുന്ന വിശ്വാസികളുടെ വിവരങള്‍ ഷിനാചിയോഞ്ചി ചർച്ച് ഓഫ് ജീസസ് സര്‍ക്കാരിന് കൈമാറി. ഇത് സാമൂഹിക സംക്രമണം തടയുന്നതില്‍ കൊറിയയെ വലിയ രീതിയില്‍ സഹായിക്കുക തന്നെ ചെയ്തു. എവിടെയൊക്കെ രോഗം പടര്‍ന്നേക്കാം എന്നു മനസിലാക്കാന്‍ യുംഗിനും സംഘത്തിനും ഈ വിവരങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. ദക്ഷിണ കൊറിയയിലെ ഇപ്പോഴത്തെ സ്ഥിതി ഇന്നലെ 87 കേസുകള്‍ മാത്രമാണു കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ആഴ്ചകളിലെ അതേ എണ്ണത്തിലേക്ക് രാജ്യത്തെ എത്തിക്കാന്‍ ഒരു മാസം കൊണ്ട് സാധിച്ചു എന്നതാണു യുംഗ് ഇയൂന്‍ ക്യോങിന്റെ വിജയം. ഇതുവരെ 8799 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായത്. 102 പേര്‍ മരണപ്പെട്ടപ്പോള്‍ 2612 പേര്‍ രോഗ വിമുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറില്‍ പതിനൊന്നു പേരാണ് ദക്ഷിണ കൊറിയയില്‍ മരണപ്പെട്ടത്.

Also Read:

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊറോണയുടെ രണ്ടാംതരംഗം; ഇത്തവണ വരുന്നത് വിദേശത്തു നിന്ന് തിരിച്ചെത്തുന്ന സ്വന്തം പൗരന്മാരിലൂടെ

Next Story

Related Stories