കായിക ഇനങ്ങളില്‍ മികവു പുലര്‍ത്താന്‍ പെണ്കുട്ടികളെക്കാള് കഴിവ് ആണ്‍കുട്ടികള്‍ക്കാണ് എന്നൊരു പൊതുബോധം സമൂഹത്തിലുണ്ട്. അതിനെ ഉടച്ചു വാര്‍ക്കുകയാണ് എറണാകുളം ജില്ലയിലെ ചാലക്കുടിയില്‍ നിന്നുള്ള കുറച്ച് പെണ്‍കുട്ടികള്‍.
സംസ്ഥാന പട്ടിവര്‍ഗ വികസന വകുപ്പ് കളിക്കളം എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കായികമേള നടത്തുന്നുണ്ട്. അതില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിത് എംആര്‍എസ് ചാലക്കുടിയാണ്. ഇത്തവണയും അവര്‍ അത് ആവര്‍ത്തിക്കുകയാണ്. 14 സ്വര്‍ണ്ണവും 6 വെള്ളിയും 6 വെങ്കലവും നേടിയാണ് ഇവര്‍ ഇത്തവണ ഈ നേട്ടം സ്വന്തമാക്കുന്നത്. തങ്ങളുടെ വിജയത്തിന്റെ എല്ലാ ക്രെഡറ്റും തങ്ങളുടെ പരിശീലകയായ സിനി ടീച്ചര്ക്കാണെന്നാണ് ഈ പെണ്കുട്ടികള്പറയുന്നത്.
കാര്യവട്ടം എല്‍ എന്‍ സി പി ഇ യില്‍ വച്ചായിരുന്നു കളിക്കളം നടന്നത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലേയും വിദ്യാര്‍ഥികളുടെ കായികമികവ് കണ്ടെത്തുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേള നടത്തുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും 1316 കായിക താരങ്ങളാണ് കായികമേളയില്‍ മാറ്റുരച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 400 ഓളം പേരാണ് ഇത്തവണ കൂടുതല്‍ പങ്കെടുത്തത്.