'നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കൂ..വേണ്ടതെല്ലാം വീട്ടിലെത്തും..' ലോക്ക് ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ വെബ്സൈറ്റുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. തിരുവനന്തപുരം സ്വദേശികളായ അതുലും സായ്ദിസും ചേര്‍ന്നാണ് ഈ വെബ്സെറ്റ് ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച 'കേരള ഇ കാര്‍ട്ട്' എന്ന വെബ്സൈറ്റ് ഇതിനോടകം തന്നെ തിരുവനന്തപുരം ജില്ലയിലെ ആയിരത്തോളം പേര് ഉപയോഗിച്ചു കഴിഞ്ഞു.
ഓരോ സ്ഥലത്തും സാധനങ്ങള്‍ ഹോം ഡെലിവറി ചെയ്യാന്‍ സന്നദ്ധരായിട്ടുള്ള കടകളെ കണ്ടെത്തി അവരുടെ വിവരങ്ങള്‍ ഇവര്‍ ഈ വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് വെബ്സൈറ്റില്‍ കയറി അവനവന്റെ പ്രദേശത്തുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മെഡിക്കല്‍ ഷോപ്പ്, സൂപ്പര്‍മാര്‍ക്കറ്റ്, ഹോം ഡെലിവറി ചെയ്യാന്‍ താല്പര്യമുള്ള മറ്റുകടകള്‍ എന്നിവരെയാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പച്ചക്കറി, പഴം വില്പ്പനശാലകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുവാന്‍ പുറത്തേക്ക് പോകാന്‍ സാധിക്കുന്നില്ല എന്ന പ്രശ്നമാണ് ആളുകള്‍ ഇപ്പോള്‍ പ്രധാനമായും നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വെബ്സൈറ്റില്‍ കയറി, ലൊക്കേഷന്‍ കൊടുത്തശേഷം ആവശ്യസാധനങ്ങള്‍ സര്‍ച്ച് ചെയ്യുകയാണെങ്കില്‍ അവരുടെ അടുത്തുള് ഹോം ഡെലിവറിയ്ക്കു താല്പര്യമുള്ള കടകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭിക്കും. കടയുടെ വാട്സ്ആപ്പ് നമ്പര്‍, ഏതെല്ലാം സമയങ്ങളിലാണ് ഹോംഡെലിവറി നടത്തുന്നത്, ഏതെല്ലാം സ്ഥലങ്ങളിലേക്ക് നടത്തുന്നുണ്ട് എന്നുള്ളതെല്ലാം വെബ്സൈറ്റില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ഈ ഒരു സമയത്ത് ഇത് എല്ലാവര്ക്കും ഒരു ഉപകാരം തന്നെയായിരിക്കും.
തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള കടകളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്കുള്ള വിവരശേഖരണം വരും ദിവസ്സങ്ങളില്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ പൂര്‍ണമായും ഹോം ഡെലിവറി സംവിധാനം കൊണ്ടുവരാന്‍ കഴിയും. ഇത് കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിവര്‍. തിരുവനന്തപുരം നഗരത്തിലെ ഹോംഡെലിവറിക്കു താല്പര്യമുള്ള കടകളുടെയെല്ലാം വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ച് വെബ് സൈറ്റില്‍ ചേര്‍ത്തു കഴിഞ്ഞു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുകയാണിപ്പോള്. ഞങ്ങള്‍ കുറച്ചു സുഹൃത്തുകളെല്ലാവരും ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് മറ്റുജില്ലകളിലേക്ക് കൂടി എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
കേരളസര്‍ക്കാര്‍ സഹായത്തോടെ ഇതേപോലൊരു വെബ്സൈറ്റ് ആരംഭിക്കാനുള്ള ചിന്തയിലായിരുന്ന ഇരുവരും കൊറോണക്കാലത്ത് അതിന്റെ ചെറിയ പതിപ്പ് ഉണ്ടാക്കുകയായിരുന്നു. ഈ വെബ്സൈറ്റ് ഉപയോഗിക്കാനൊ, ഇതില്‍ രജിസ്റ്റര്‍ ചെയ്യാനോ ഒന്നും തന്നെ പണം ആവശ്യമില്ല. ഇതിലൂടെ തങ്ങള്‍ സാമൂഹ്യ സേവനം കൂടിയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ലിങ്ക് ക്ലിക്ക് ചെയ്യൂ:
www.keralaekart.com