'കഴിഞ്ഞ വര്‍ഷത്തെ കുറച്ച് തകര വിത്തുകള്‍ ബാക്കിയിരിപ്പുണ്ട്, പുതിയ വിത്ത് ആവശ്യമുള്ളവര്‍ ഈ സീസണ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും. ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9847640151' മുന്‍ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായിരുന്ന വേലിക്കകത്ത് കുഞ്ഞിരാമന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നല്കിയ അറിയിപ്പാണിത്. തകരയുടെ ഗുണങ്ങള്‍ പറഞ്ഞ് മനസിലാക്കി ആളുകളെ തകര കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് ഈ 70കാരന്റെ ലക്ഷ്യം. പാടത്തും പറമ്പിലും വഴിയരികിലുമെല്ലാം വെറുതെ തഴച്ച് വളരുന്ന പാഴ്ച്ചെടിയായാണ് നാം തകരയെ കാണുന്നത്. എന്നാല്‍ ആര്‍ക്കും വേണ്ടാതായ തകര തന്റെ വീടിനോട് ചേര്‍ന്നുള്ള ഏഴ് സെന്റ് സ്ഥലത്ത് കൃഷിചെയ്ത് വളര്‍ത്തുകയാണ് കുഞ്ഞിരാമന്. കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ നാടായ കോറോമാണ് എല്ലാവരും കുഞ്ഞിരാമേട്ടന് എന്നുവിളിക്കുന്ന ഈ വയോവൃദ്ധന്റെ നാട്. ഇത്തരമൊരു കൃഷിയിലേക്ക് കുഞ്ഞിരാമനെ നയിച്ചത് ധാരാളം ഇരുമ്പ് സത്തടങ്ങിയ തകരയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ ബാല്യമായിരുന്നു.
ഒന്‍പത് വര്‍ഷം മുന്‍പ് ബാധിച്ച ക്യാന്‍സറിനേയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളേയും കുഞ്ഞിരാമന് മറികടന്നത് പ്രകൃതിയോടിണങ്ങിയുള്ള ഇത്തരത്തിലുള്ള ജീവിതരീതികളിലൂടെയാണ്. ആദ്യം ബാര്‍ബര്‍ ജോലി ചെയ്തിരുന്ന കുഞ്ഞിരാമന് നാടക പ്രവര്‍ത്തകനായിരുന്നു. അരങ്ങില്‍ സ്ത്രീ വേഷധാരിയും. കോറോം മേഖലയിലെ കര്‍ഷക സമരങ്ങളും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളും കുഞ്ഞിരാമനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. 1940കളില്‍ കുഞ്ഞിരാമന്റെ കുട്ടിക്കാലത്ത് ജന്മിയുടെ ഭൂമിയിലായിരുന്നു വീട്ടുകാര്‍ കൃഷിപ്പണി ചെയ്തിരുന്നത്. കൃഷി ചെയ്തുണ്ടാക്കുന്നതിന്റെ ഭൂരിഭാഗവും ജന്മിക്ക് പാട്ടമായി നല്‍കണമായിരുന്നു. അതിനാല്‍ വീട്ടില്‍ പട്ടിണിയകറ്റാന്‍ പലപ്പോഴും സഹായിച്ചിരുന്നത് തകരയും, താളും, തടയുമൊക്കെയായിരുന്നു. അന്നൊക്കെ എല്ലായിടത്തും വളര്‍ന്നു നില്ക്കുന്ന തകരയുണ്ടായിരുന്നു നാട്ടില്‍. ഇന്ന് കാലവും കാലാവസ്ഥയും മാറിയതിനനുസരിച്ച് പ്രദേശത്തുനിന്ന് തകര പൂര്‍ണ്ണമായും ഇല്ലാതായി.
കുഞ്ഞിരാമന് കുട്ടിയായിരുന്നപ്പോള്‍ അമ്മ പറഞ്ഞുകൊടുത്ത ഒരു കഥയുണ്ട്, പണ്ടുകാലങ്ങളില്‍ പാവപ്പെട്ട ആളുകള്‍ക്ക് വിശപ്പ് മാറ്റാന്‍ തകര എത്രത്തോളം സഹായകമായിരുന്നുവെന്ന് മനസിലാക്കാന്‍ ഈ കഥ സഹായിക്കും. അതിങ്ങനെയാണ്. കുഞ്ഞിരാമന് തന്റേതായ രീതിയില്‍ കഥ പറഞ്ഞുതുടങ്ങി.
'നാടുവാഴിയായ തമ്പുരാനും പരിവാരങ്ങളും നാടുകാണാന്‍ ഇറങ്ങിയതായിരുന്നു. അപ്പോഴാണ് തമ്പുരാന് ആ കാഴ്ച കണ്ടത്! തന്നെ തൊഴുതു വണങ്ങാതെ കാട്ടില്‍ വളര്‍ന്നു നില്ക്കുന്ന തകരച്ചെടിയെ ദരിദ്രനായ ഒരു മനുഷ്യന് തൊഴുത് വന്ദിക്കുന്നു. ഇത് തമ്പുരാനെ വിറളി പിടിപ്പിച്ചു. ഉടനെ തമ്പുരാന് അയാളെ വിളിപ്പിച്ചു, എന്നെ ഗൗനിക്കാതെ നീ ഈ കാട്ടുചെടിയെ തൊഴുതു വന്ദിക്കുകയോ? നീ അഹങ്കാരിയാണ്, തക്കതായ ശിക്ഷ നീ അനുഭവിച്ചേ പറ്റൂ..... തമ്പുരാന് ക്രുദ്ധനായി ആക്രോശിച്ചു. പേടിച്ചു വിറച്ച ആ പാവം, തമ്പുരാനോട് പതിഞ്ഞ സ്വരത്തില്‍ ഇങ്ങനെ ബോധിപ്പിച്ചു. കാരാ കര്‍ക്കിടക മാസം യാതൊരു തൊരവുമില്ല, ഞാനും ഓളൂം കുഞ്ഞാളും തീരാ പട്ടിണിയാണ്! ഈ സമയം തവര മാത്രം തിന്നിറ്റാണ് അടിയങ്ങള്‍ ജീവിച്ചത്! തവരത്തമ്പുരാനാണ് അന്ന് ഞങ്ങളെ രക്ഷിച്ചത്. ആ തമ്പുരാനോടുള്ള ബഹുമാനം കാണിച്ചു പോയതാണ് തമ്പുരാനേ, അടിയന് മാപ്പു തരണം തമ്പുരാനേ ...'
ഏഴ് വര്‍ഷം മുന്‍പായിരുന്നു കുഞ്ഞിരാമന് കാസര്‍ഗോഡേയ്ക്ക് ഒരു യാത്ര പോയത്, അവിടെ തകരച്ചെടികള്‍ കണ്ട് വിത്തുകള്‍ ശേഖരിച്ചാണ് കുഞ്ഞിരാമന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയയുടന്‍ കുഞ്ഞിരാമനത് ചാണകപ്പൊടി കലര്‍ത്തിയ മണ്ണില്‍ കുഴിച്ചിട്ടു. അതിനുശേഷം എല്ലാവര്‍ഷവും മഴക്കാലത്ത് തോട്ടത്തില്‍ തകര മുളക്കുന്നുണ്ട്. ശേഖരിച്ചുവെച്ച വിത്തുകള്‍ ഉപയോഗിച്ച് വേനല്‍ക്കാലത്ത് കൃഷിചെയ്യുകയും ചെയ്യും.
തോട്ടത്തില്‍ വിളഞ്ഞു നില്ക്കുന്ന തകരച്ചെടികളില്നിന്ന് വിത്ത് ശേഖരിക്കുന്നതിനും കുഞ്ഞിരാമന് തന്റേതായൊരു രീതിയുണ്ട്. വെളുപ്പാന്‍ കാലത്താണ് വിത്തുകള്‍ ശേഖരിക്കുന്നത്. മഞ്ഞുവീണ് നനഞ്ഞ അന്തരീക്ഷമായതിനാല്‍ തകരവിത്തുകള് പൊട്ടിത്തെറിച്ച് ചിതറിപ്പോകില്ല എന്നതാണ് അതിന് കാരണം. ഇത്തരത്തില്‍ അടര്‍ത്തിയെടുക്കുന്ന വിത്തുകള്‍ കുഞ്ഞിരാമന് നിഴലില്‍ ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഈ വിത്തുകള്‍ പിന്നീട് പൂഴിമണ്ണ് കലര്‍ത്തി വായു കടക്കാത്ത കുപ്പിയിലിട്ട് അടച്ചുവെക്കുന്നു. ഇത്തരത്തില്‍ സൂക്ഷിക്കുന്ന വിത്തുകളാണ് കുഞ്ഞിരാമന് ആളുകള്‍ക്ക് നല്‍കുന്നത്. പയ്യന്നൂര്‍ കോറോത്ത് കുഞ്ഞിരാമന് വിത്തുകള്‍ നല്കി തകര കൃഷി ചെയ്യുന്ന വീടുകള്‍ നിരവധിയാണ്.
തകരയ്ക്ക് പുറമേ മറ്റാളുകള്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയ ചില ചെടികളുമുണ്ട് കുഞ്ഞിരാമന്റെ കൃഷിയിടത്തില്‍. മഞ്ചാടിക്കുരു, കുന്നിക്കുരു തുടങ്ങിയവ.. ഇത് കൃഷിചെയ്യുന്നത് കൗതുകം കൊണ്ടാണെന്നാണ് കുഞ്ഞിരാമന് പറയുന്നത്. കുപ്പിയില്‍ സൂക്ഷിച്ചിട്ടുള്ള ഇതിന്റെ വിത്തുകള്‍ കാണുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും കുഞ്ഞിരാമന് പറയുന്നു.