TopTop
Begin typing your search above and press return to search.

അടച്ചിട്ട ആകാശ പാത ഈ യുവാവിന് വേണ്ടി തുറന്നു, സഫലമായത് ബ്രിട്ടനില്‍ നിന്നും ജന്മനാട്ടിലെത്തണമെന്ന മലയാളിയുടെ ആഗ്രഹം

അടച്ചിട്ട ആകാശ പാത ഈ യുവാവിന് വേണ്ടി തുറന്നു, സഫലമായത് ബ്രിട്ടനില്‍ നിന്നും ജന്മനാട്ടിലെത്തണമെന്ന മലയാളിയുടെ ആഗ്രഹം

കോവിഡ് ഭീതിയില്‍ ലോകരാജ്യങ്ങളും ഇന്ത്യയും അടച്ചിട്ട ആകാശ പാത ഈ യുവാവിന് വേണ്ടി തുറന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം വിദേശ രാജ്യത്തു നിന്നും പ്രത്യേക എയര്‍ ആംബുലന്‍സില്‍ ഇന്ത്യയില്‍ എത്തുന്ന രണ്ടാമത്തെയാളായി പ്രസാദ് ദാസ്. ആദ്യത്തെ മലയാളിയും.അർബുദ രോഗത്തിന് ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി പ്രസാദ് ദാസിന് നാട്ടിൽ തിരിച്ചെത്തുക എന്നത് തീർത്തും അസാധ്യമായ ഒന്നായിരുന്നു. എന്നാൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജന പ്രതിനിധികള്‍ക്കുമൊപ്പം ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശ്രമം ഒടുവില്‍ സഫലമായിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നും വെള്ളിയാഴ്ച പ്രത്യേക അനുമതിയോടെ പ്രസാദിനെ നാട്ടിലെത്തിക്കുകയായിരുന്നു.

ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നോട്ടിംഗ്ഹാം യൂണിവേര്‍സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തിലും ചികിൽസ തേടി. പിന്നാലെ യു.കെയിലേക്ക് മടങ്ങുകയും നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ വിദഗ്ദ ചികിൽസ തുടരുകയും ചെയ്തു. ഇതിനിടെ അടിയന്തിര ശസ്ത്രക്രിയക്കായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറാവുന്നതിനിടെയാണ് ലോകം കോവിഡിന്റെ പിടിയിലാവുന്നത്. ‌‌തുടർചികിത്സമിംസിൽ തുടരാനായിരുന്നു നീക്കം. എന്നാൽ ബ്രിട്ടണിൽ കോവിഡ് ആഞ്ഞടിച്ചതോടെ ചികിൽസയും മടക്കവും പ്രതിസന്ധിയിലായി.

നാട്ടിലേക്ക് മടങ്ങാൻ സാധ്യമായ എല്ലാ വഴികളും ഇവർ‌ തേടുകയും ചെയ്തു. ഒരുഘട്ടത്തിൽ ഇനി മടക്കം സാധ്യമല്ലെന്ന് കരുതിയിടത്ത് നിന്നാണ് സുമനസുകളുടെ ഇടപെടലിലൂടെ പ്രസാദ് വീണ്ടും കേരളത്തിൽ എത്തുന്നത്. കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതി നേടി പ്രത്യേക എയർ ആംബുലൻസിലാണ് പ്രസാദിനെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. കുടെ നാലുവയസ്സുകാരി മകളും, ഭാര്യയുമുണ്ടായിരുന്നു.

പ്രസാദ് ദാസിന്റെ ദുരിതമമറിയുന്ന സുഹൃത്തുക്കളും ബ്രിട്ടിഷ് മലയാളി കൌണ്‍സിലുമാണ് യാത്രാ ചിലവ് ഉൾപ്പെടെ വഹിച്ചത്. ക്രൗഡ് ഫണ്ടിങ്ങായിരുന്നു ഇവർ‌ക്ക് മുന്നിലുള്ള ഏകമാര്‍ഗ്ഗം. യൂറോപ്പിലെയും യുഎസിലെയും പ്രവാസി മലയാളികൾ സഹായവുമായി എത്തിയതോടെ വിമാനം ചാർട്ട് ചെയ്യാനുള്ള തുക കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരു കോടി രൂപയാണ് വിമാന നിരക്കായി നൽകേണ്ടിവന്നത്.

ഒന്നും സാധ്യമല്ലെന്ന് കരുതിയിരുന്ന സാഹചര്യത്തിൽ നിന്നാണ് പ്രസാദ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്തുണയായും ആത്മവിശ്വാസം പകർന്നും നിരവധി പേർ ഇവർക്കൊപ്പം നിന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളും പ്രസാദിന്റെ മടങ്ങിവരവിനായി പ്രവർത്തിച്ചു. വിവരങ്ങൾ തിരക്കി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ചു. ഇടപെടൽ വാഗ്ദാനം ചെയ്തു. വലിയ ക്രിക്കറ്റ് ആരാധകനായ പ്രസാദിനെ തിരക്കി ഇഷ്ടതാരം വിരേന്ദ്ര സെവാഗിന്റെ സന്ദേശവും തേടിയെത്തി. ഓഡിയോ സന്ദേശമായിരുന്നു സെവാഗ് പ്രസാദിന് നൽകിയത്.

പിന്നാലെയാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്സ് കണ്ണന്താനത്തിന്റെ ഇടപെടൽ. ബ്രിസ്റ്റള്‍ ബ്രാഡ്ലി സ്റ്റോക്കിന്‍റെ മേയര്‍ ടോം ആദിത്യ കണ്ണന്താനവുമായി സംസാരിച്ചു. എയര്‍ ആംബുലന്‍സ് വിട്ടു നല്‍കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കിയാൽ മതിയെന്നായിരുന്നു മേയറുടെ നിലപാട്. കേരളം സമ്മതിച്ചാല്‍ മറ്റ് തടസങ്ങളില്ലെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളും നിലപാടറിയിച്ചതോടെ പ്രസാദിന്റെ മടക്കയാത്രയ്ക്കുള്ള ഉത്തരവ് അടിയന്തരമായി തന്നെ പുറത്തിറങ്ങി.

നോട്ടിങ്ങ്ഹാമില്‍ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മുംബൈ വഴിയുമാണ് എയർ ആംബുലൻസ് കരിപ്പൂരിലെത്തിയത്. മുംബൈയിലും വിമാനത്തിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊവിഡ് രോഗ ബാധയ്ക്ക് ശേഷം ഉണ്ടായ നിയന്ത്രണങ്ങൾക്ക് ശേഷം കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരാളെ നാട്ടിലെത്തിക്കുന്നത്. ഇന്ത്യയിൽ രണ്ടാമതും. നേരത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും ഹൈദരാബാദിലേക്കായിരുന്നു ഇത്തരത്തിൽ ഒരു അടിയന്തിര സർവീസ് നടത്തിയത്. നട്ടെല്ലിന് പരിക്കേറ്റ ചികിൽസയിലിരുന്ന പി. ശ്രീനിവാസ് (44) കാരനെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിച്ചത്. ബഗ്രാം എയർഫോഴ്‌സ് വിമാനത്താവളത്തിൽ നിന്നായിരുന്നു എയർ ആംബുലൻസ് ഹൈദരാബാദിലേക്ക് തിരിച്ചത്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യം, ആഭ്യന്തര, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ, ഡിസാസ്റ്റർ മാനേജ്‌മെന്റ്, എന്നിവയുൾപ്പെടെ കേന്ദ്രത്തിലെ 5 മന്ത്രാലയങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനമായിരുന്നു രോഗിക്ക് ഇന്ത്യയിലെത്താൻ സഹായകമായത്.


Next Story

Related Stories