TopTop
Begin typing your search above and press return to search.

ഐ ക്യു പോയന്റില്‍ ഐന്‍സ്റ്റിനും ഹോക്കിംഗ്‌സിനും തൊട്ടടുത്ത് ഒരു മലയാളി പെണ്‍കുട്ടി

ഐ ക്യു പോയന്റില്‍ ഐന്‍സ്റ്റിനും ഹോക്കിംഗ്‌സിനും തൊട്ടടുത്ത് ഒരു മലയാളി പെണ്‍കുട്ടി

ഐ ക്യു വിന്റെ കാര്യത്തില്‍ ഐന്‍സ്റ്റിന്റെയും ഹോക്കിങ്‌സിന്റെയും ഏഴയലത്തെത്താന്‍ നമുക്കൊന്നും പറ്റില്ല എന്ന് പലരും പറയാറുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് അഭിമാനമായി ഏഴയലത്തല്ല, തൊട്ടടുത്തെത്തിയിരിക്കുകയാണ് നന്ദന എന്ന കൊല്ലം കുളത്തുപ്പുഴക്കാരി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിംഗും 160 പോയിന്റു നേടിയിട്ടുള്ള മെന്‍സ ജീനിയസ് സ്‌കോറില്‍ 14 കാരിയായ നന്ദന പ്രകാശ് സിമി നേടിയ സ്‌കോര്‍ 142 ആണ്.ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിംഗും 160 പോയിന്റു നേടിയിട്ടുള്ള മെന്‍സ ജീനിയസ് സ്‌കോറില്‍ 14 കാരിയായ നന്ദന പ്രകാശ് സിമി നേടിയ സ്‌കോര്‍ 142 ആണ്. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നന്ദന. ലോകത്തില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ മാത്രം ഇടം നേടിയിട്ടുള്ള മെന്‍സ ക്ലബിലാണ് നന്ദന ഇപ്പോള്‍ തന്റെ പേരു കൂടി എഴുതി ചേര്‍ത്തിരിക്കുന്നത്.

ഈ അച്ചീവ്മെന്റ് നേടാന്‍ കഴിഞ്ഞു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനുകുന്നില്ല....എന്തെന്നാല്‍ ഞാന്‍ ഈ പരീക്ഷയ്ക്ക് വേണ്ടി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. ഒരു കൗതുകത്തിന്റെ പുറത്തായിരുന്നു പരീക്ഷ എഴുതിയത്. മെന്‍സയില്‍ അംഗത്വം കിട്ടിയിട്ടുള്ള ഒരു കുട്ടി ഒന്നര മിനിറ്റില്‍ റൂബിക്സ് ക്യൂബ് ചെയ്യുമെന്നു കാണുകയുണ്ടായി. അങ്ങനെയാണെങ്കില്‍ ഒരു മിനുറ്റില്‍ റൂബിക്‌സ് ക്യൂബ് കംപ്ലീറ്റ് ചെയ്യുന്ന എനിക്കും മെന്‍സ എക്‌സാം എഴുതാമല്ലൊ എന്നു തോന്നി. അങ്ങനെയാണ് എക്‌സാം അറ്റന്റ് ചെയ്യുന്നത്. നന്ദന തന്റെ സന്തോഷം അഴിമുഖത്തോട് പങ്കുവെച്ചു.

മെന്‍സയിലേക്കെത്താന്‍ ആദ്യം ഒരു ഓണ്‍ലൈന്‍ പരീക്ഷയും, രണ്ട് പേപ്പര്‍ ടെസ്റ്റും ഉണ്ടായിരുന്നു. 3 മിനിറ്റില്‍ കംപ്ലീറ്റ് ചെയ്യേണ്ടുന്നവയായിരുന്നു ഓണ്‍ലൈന്‍ ചോദ്യങ്ങള്‍. അതില്‍ എനിക്ക് ഫുള്‍ മാര്‍ക്ക് കിട്ടി അങ്ങനെ മെന്‍സ യുടെ പരീക്ഷ എഴുതാന്‍ അനുമതി കിട്ടി. 2.30 മണിക്കുര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയായിരുന്നു. വെര്‍ബല്‍ റീസണിങ് ചോദ്യങ്ങളും നോണ്‍ വെര്‍ബല്‍ റീസണിങ് ചോദ്യങ്ങളും ആയിരുന്നു. വെര്‍ബല്‍ റീസണിങിന് എനിക്ക് അനുവദിച്ച സമയത്തിനു മുന്‍പു തന്നെ ഞാന്‍ ചെയ്തു തീര്‍ത്തു.


ജീനിയസ് സ്‌കോറില്‍ ഐന്‍സ്റ്റിന്റെയും ഹോക്കിങ്‌സിന്റെയും അടുത്തെത്തിയതിനാല്‍ തന്നെ അവരെ പോലെ തിയററ്റിക്കല്‍ ഫിസിക്‌സിലാണൊ താല്‍പര്യം എന്ന ചോദ്യത്തിന് കണക്കാണ് തനിക്ക് ഏറ്റവും എളുപ്പമുള്ള വിഷയം എന്നതായിരുന്നു നന്ദനയുടെ മറുപടി. ബയോളജിയും ഇംഗ്ലീഷുമാണ് ഇഷ്ടവിഷയങ്ങള്‍. പഠനകാര്യങ്ങളെല്ലാം അപ്പപ്പോള്‍ തീര്‍ക്കുന്ന പ്രകൃതക്കാരിയാണ് നന്ദന. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം രാത്രി 10 മണി വരെ പഠിക്കും. അന്നന്ന് പഠിക്കാനുള്ള വിഷയങ്ങള്‍ അന്നു തന്നെ പഠിച്ചു തീര്‍ത്തതിനു ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. ഭാവിയില്‍ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച്‌ കാര്‍ഡിയാക് സയന്റിസ്റ്റ് ആകണമെന്നാണ് നന്ദനയുടെ ആഗ്രഹം.

യുകെയില്‍ സ്‌കൂളുകള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങളില്‍ പലപ്പോഴും മികവു കാട്ടിയിട്ടുണ്ട് നന്ദന. സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ കൊണ്ട് മാത്തമാറ്റിക്കല്‍ ചലഞ്ചില്‍ പങ്കെടുത്ത് ഗോള്‍ഡ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ യുകെയിലെ 500 സൂകൂളുകളുമായി മത്സരിച്ച്‌ നാഷണല്‍ എഞ്ചിനീറിങ്ങ് കോംപറ്റീഷനില്‍ ഫൈനലിസ്റ്റ് ആവാനും നന്ദനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പലരും വാക്കിങ് ഡിക്ഷണറി എന്നാണ് നന്ദനയെ വിളിക്കുന്നത്.അതിനൊരു കാരണവുമുണ്ട്, ഇംഗ്ലീഷ് പരീക്ഷകളിലും മറ്റും സങ്കീര്‍ണ്ണമായ പല വാക്കുകളും നന്ദന ഉപയോഗിക്കാറുണ്ട്.

പഠനത്തിനു പുറമെ ചിത്രം വരയിലും നന്ദന തന്റെ മിടുക്കു തെളിയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ നന്ദനക്ക് പെയിന്റിങ്ങിനോട് താല്പര്യമുണ്ടായിരുന്നു. പോര്‍ട്രേറ്റുകളോടാണ് കൂടുതല്‍ താല്‍പര്യം. ചിത്രങ്ങളോട് താല്‍പര്യമുള്ളതിനാല്‍ തന്നെ നന്ദന പിക്കാസോയുടെ വലിയൊരു ആരാധികയാണ്. പിക്കാസോയുടെ ചിത്രങ്ങള്‍ എനിക്ക് വലിയ ഇഷ്ടമാണ്. കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് സങ്കീര്‍ണ്ണവും ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന നിരവധി അര്‍ത്ഥങ്ങളുണ്ട്, ഞാന്‍ വരക്കുന്ന പല ചിത്രങ്ങള്‍ക്കും പ്രചോദനം പിക്കാസോയുടെ ചിത്രങ്ങളാണെന്നു പറയാം. നന്ദന പറയുന്നു.


ചിത്രം വരയ്ക്കല്‍ തന്നെയാണ് നന്ദനയുടെ പ്രധാന ഹോബി. ഒപ്പം ടെലിവിഷന്‍ പരിപാടികള്‍ കാണാനും. പിയാനോ വായിക്കാനും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാനും വലിയ താല്‍പര്യമുള്ള കുട്ടിയാണ് നന്ദന. ഒന്‍പത് വയസ്സിലാണ് നന്ദന ലണ്ടനിലേക്കെത്തുന്നത്. അതിനു മുന്‍പ് മൂന്നാം ക്ലാസു വരെ കുളത്തുപ്പുഴ റിവര്‍ ഡി ഇന്റെര്‍ നാഷല്‍ സ്‌കൂളിലാണ് നന്ദന പഠിച്ചത്. മുത്തശ്ശിയോടൊപ്പം നിന്നായിരുന്നു പഠനം. തന്റെ റോള്‍ മോഡലായി നന്ദന ചൂണ്ടിക്കാണിക്കുന്നതും മുത്തശ്ശിയെയാണ്. നല്ലൊരു മനുഷ്യനായി നാടിനും രാജ്യത്തിനും അഭിമാനമായി വളരണം എന്ന് എന്നെ പഠിപ്പിച്ച എന്റെ മുത്തശ്ശിയാണ് ആണ് എന്റെ റോള്‍ മോഡല്‍ നന്ദന പറയുന്നു.

ലണ്ടനില്‍ ലെറ്റിങ് ഏജന്‍സിയില്‍ ബിസിനസ് ചെയ്യുന്ന എന്‍. എസ് പ്രകാശിന്റെയും, സിമിയുടെയും മകളാണ് നന്ദന. നന്ദനയ്ക്ക് സഹോദരി കൂടിയുണ്ട് ദേവിക. ഞങ്ങള്‍ക്ക് വലിയ അഭിമാനമാണ് നന്ദന. വീട്ടിലും സുഹുത്തുക്കള്‍ക്കിടയിലും വളരെ ശാന്തമായി പെരുമാറ്റ രീതിയാണ് മോളുടെത്. മകളിലെ കഴിവുകള്‍ ഞങ്ങള്‍ മുന്‍പ് തന്നെ മനസ്സിലാക്കിയിരുന്നു. അച്ഛനമ്മമാരായ ഞങ്ങള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലാ....മകളുടെ നേട്ടത്തിലുള്ള സന്തോഷം പ്രകാശും, സിമിയും പങ്കുവെച്ചു.


Next Story

Related Stories