TopTop
Begin typing your search above and press return to search.

കുതിരയ്ക്ക് ലാടമടിക്കല്‍ ചെറിയ കാര്യമല്ല, സ്‌കൂളില്‍ പോയിട്ടല്ല ഇതൊന്നും പഠിച്ചത്; ഈ വയനാട്ടുകാരി പെണ്‍കുട്ടിയുടെ കഥ വിസ്മയിപ്പിക്കും

കുതിരയ്ക്ക് ലാടമടിക്കല്‍ ചെറിയ കാര്യമല്ല, സ്‌കൂളില്‍ പോയിട്ടല്ല ഇതൊന്നും പഠിച്ചത്; ഈ വയനാട്ടുകാരി പെണ്‍കുട്ടിയുടെ കഥ വിസ്മയിപ്പിക്കും

'കൊല്ലന്റെ പണിശാല പോലെയാണ് ലാടമുണ്ടാക്കുന്ന ഇടം . പച്ചിരിമ്പ് പഴുപ്പിച്ച് അടിച്ച് പരത്തിയാണ് ലാടമുണ്ടാക്കുന്നത്. നല്ല ചൂടാണ്. ചിലപ്പോള്‍ തീച്ചീളുകള്‍ പറന്ന് വരും. ആദ്യമെല്ലാം കൈ നല്ലപോലെ വേദനിക്കുമായിരുന്നു, ചിലപ്പോള്‍ വീര്‍ത്ത് കുമളക്കും. എന്നാലും ഈ പണി ഇഷ്ടമാണ്, സ്‌നേഹത്തോടെ കുതിരകളെ മെരുക്കി കാലില്‍ ലാടമടിച്ചുറപ്പിക്കല്‍.' ഇന്ത്യയിലെ ആദ്യത്തെ ലേഡി ഫാരിയറുടെ വാക്കുകളാണിത്. ഇവള്‍ ഒലി അമന്‍ ജോദ്ധ. വയനാട് അമ്പലവയല്‍ സ്വദേശി.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സാമ്പ്രദായിക വിദ്യാഭ്യാസം അവസാനിപ്പിച്ച ഒലി കൂട്ട് കൂടിയത് കാടിനോടും, മൃഗങ്ങളോടുമൊക്കെയായിരുന്നു. അവള്‍ സ്‌കൂളില്‍ പോയില്ല പകരം അമ്മക്കൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. പല നാടുകളില്‍ താമസിച്ചു. അതിനിടയിലാണ് നേപ്പാളില്‍വെച്ച് കുതിരകളെ ലാടമടിക്കുന്ന വിദ്യ പഠിച്ചത്. കുതിരകളെ വേദനിപ്പിക്കാതെ ലാടമടിക്കാന്‍ പഠിക്കണമെന്ന ആഗ്രഹം തോന്നിയത് വളരെ ചെറുപ്പത്തിലാണ്. ഒലി കുട്ടിക്കാലം ചിലവഴിച്ചത് അമ്മയുടെ വീടായ അമ്പലവയലിലായിരുന്നു. അവിടെയുണ്ടായിരുന്ന കളരി പരിശീലനം ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ശീലങ്ങളിലേക്ക് ഒലിയെ അടുപ്പിച്ചു.

അന്നേ കുതിരകളെ ഇഷ്ടമായിരുന്നു, ഇഷ്ടം തിരിച്ചറിഞ്ഞാണ് കുടുംബ സുഹൃത്തായ രഘു പയ്യമ്പിള്ളി ഒലിക്ക് കുതിരയെ വാങ്ങി നല്‍കുന്നത്. അവര്‍ കുതിരയ്ക്ക് അമന്‍ ചാന്ദെന്ന് പേരുമിട്ടു. അമന്‍ ചാന്ദിന്റെ പുറത്തുകയറിയാണ് ഒലി കുതിര സവാരി പഠിച്ചത്. അന്ന് കുതിര സവാരിയില്‍ ടെന്നി ഫിലിപ്പെന്ന സുഹൃത്തായിരുന്നു ഒലിക്ക് ആശാനായത്.

നാലാം വയസ്സില്‍ സവാരി ചെയ്യാന്‍ തുടങ്ങിയ അമന്‍ ചന്ദിന് ലാടമടിക്കാന്‍ തുടങ്ങിയത് ഒന്‍പതാം വയസ്സിലായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നെത്തിയ ആള്‍ ലാടമടിക്കുന്നതിനിടയില്‍ കുതിരയുടെ കാലില്‍ പരിക്ക് പറ്റുകയും അത് സുഖപ്പെടാന്‍ ഏറെ താമസിക്കുകയും ചെയ്തു. തന്റെ കുതിരയുടെ കാലില്‍നിന്ന് ചോര പൊടിയുന്നതുകണ്ട ഒലിയുടെ ഹൃദയം വേദനിച്ചു. ആ വേദനയാണ് പിന്നീട് കുതിരകളെ സ്‌നേഹത്തോടെ മെരുക്കി ചോര പൊടിയാതെ ലാടമടിക്കുന്നത് പഠിക്കുക എന്ന ആഗ്രഹത്തിലേക്കെത്തിച്ചത്.

ഊട്ടി കല്ലാറിലെ ഫോറസ്റ്റ് ഗാര്‍ഡായ സുകുമാരനില്‍ നിന്നാണ് ലാടം ഉണ്ടാക്കുന്നതിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. പിന്നീട് നേപ്പാളിലെ കൊഹന്‍ പൂരില്‍നിന്നും, താജ്ഖാനില്‍ നിന്നുമാണ് ലാട നിര്‍മ്മാണവും കുതിരക്കുളമ്പുകളിലേക്ക് അത് ഉറപ്പിക്കുന്നതും പഠിച്ചു . ഒലിയെ സംബന്ധിച്ച് നേപ്പാളിലെ ജീവിതം തീര്‍ത്തും കുതിരകള്‍ക്കുവേണ്ടി മാറ്റിവെച്ചതായിരുന്നു. പതിനാല് വയസ്സുകാരിയായ ഒലി ഇതിനിടയില്‍ നൂറോളം കുതിരകള്‍ക്ക് ലാടം അടിച്ചു നല്‍കി. ഒരുവട്ടം കുതിരകളേയുമായി ലാടമടിക്കാനെത്തുന്നവര്‍ വീണ്ടും ഒലിക്കരികില്‍ തന്നെ എത്തുന്നു എന്നതും ഈ പെണ്‍കുട്ടിയുടെ കഴിവിന് തെളിവാണ്.

കാളകള്‍ക്ക് ലാടമടിക്കുന്നതു പോലെയല്ല കുതിരകള്‍ക്ക് ലാടമടിക്കുന്നത്. കിടത്തി ലാടമടിക്കുമ്പോള്‍ അവയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി ഹൃദയാഘാതം വരാന്‍ സാധ്യതയുണ്ട്, അതിനാല്‍ അവയുടെ ഭാരം ശരീരത്തില്‍ താങ്ങി നിര്‍ത്തി മാത്രമേ ലാടമടിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അതൊരു പ്രശ്‌നമായി ഒലിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. എന്നാലും ഒന്ന് പതറിയാല്‍ കുതിരയുടേയോ, മനുഷ്യന്റേയോ ജീവിതംതന്നെ ഇല്ലാതാവുന്ന ജോലിയാണിത്. എന്നാലും അത്രതന്നെ ആത്മധൈര്യവും വിശ്വാസവും ഒലിക്ക് ഈ ജോലിയിലുണ്ട്.

കുതിരയോടുള്ള ഇഷ്ടത്തിന് പുറമേ ഒലിക്ക് തേനീച്ചകളോടും വല്ലാത്ത സ്‌നേഹമാണ്. സമൂഹജീവിയായി നിലകൊള്ളുന്ന തേനീച്ചകള്‍ ഒരിക്കലും മനുഷ്യരെ ഉപദ്രവിക്കില്ലെന്നാണ് ഒലി പറയുന്നത്. വീടിനോട് ചേര്‍ന്ന് തേനീച്ചകളെ വളര്‍ത്തുവാനും ഇവര്‍ ശ്രമിച്ചിരുന്നു. തേനീച്ചകളെ മുഖത്ത് ഓടിക്കളിക്കാന്‍പോലും ഈ പെണ്‍കുട്ടി അനുവദിച്ചിരുന്നു.

തേനീച്ചകള്‍ക്കും കുതിരകള്‍ക്കും പുറമെ ഒട്ടകങ്ങളോടും ഒലി ചങ്ങാത്തം കൂടിയിരുന്നു. ഇടക്കാലത്തെ മഹാരാഷ്ട്ര ജീവിതത്തിനിടയില്‍ ഒലി ഒട്ടക സവാരിയും, റൈഡിങ്ങും പഠിച്ചു. ഒട്ടകങ്ങളെ റൈഡിങ്ങിന് ഉപയോഗിക്കുമെന്നുപോലും പലര്‍ക്കും അറിയില്ലെന്ന് ഒലി പറയുന്നു. ഒട്ടകങ്ങളെ റൈഡ് ചെയ്യുന്നത് പ്രയാസമാണെങ്കിലും അല്‍പ്പം പരിശ്രമിച്ചാല്‍ അത് പഠിച്ചെടുക്കാന്‍ കഴിയുമെന്നും ഒലി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ പോവാത്ത ഒരു കുട്ടിയെ പഠിക്കാന്‍ കഴിവില്ലാത്തവളായിട്ടാണ് പലരും കണ്ടിരുന്നതെന്നും ഒലി വേദനയോടെ പറയുന്നു. എന്നാല്‍ സ്‌കൂളിന്റെ നാല് ചുമരുകളല്ല എന്നെ ജീവിതം പഠിപ്പിച്ചതെന്ന് പറയുമ്പോള്‍ ജീവിതവുമായി പോരാടി വിജയിച്ച ഒരു പെണ്‍കുട്ടിയുടെ കരുത്ത് ഒലിയുടെ വാക്കുകളില്‍ നിറയുന്നു. അമ്മയും പിതാവും തമ്മില്‍ വേര്‍പിരിഞ്ഞതിനുശേഷം ഒലിയുടെ ജീവിതം അമ്മ അമിയ താജിന്റെ ഒപ്പം തന്നെയായിരുന്നു. സ്‌കൂളില്‍ വിട്ട് ഒലിയെ പഠിപ്പിക്കുന്നില്ല എന്ന തീരുമാനത്തിലെത്തിയതും അമ്മതന്നെയായിരുന്നു. ആ തീരുമാനമാണ് ഒലിയെ പ്രകൃതിയോടും ജീവജാലങ്ങളോടും ചേര്‍ന്നു ജീവിക്കുന്നവളാക്കി മാറ്റിയത്.

ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഓഫ് പഞ്ചായത്തിരാജില്‍ എപ്പിക്കള്‍ച്ചറില്‍ റിസോഴ്‌സ് പേഴ്‌സനായി ജോലിചെയ്യുകയാണ് ഒലിയിപ്പോള്‍. ഒപ്പം സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ എപ്പിക്കള്‍ച്ചറില്‍ ഗവേഷണവും നടത്തുന്നുണ്ട്. എപ്പിക്കള്‍ച്ചറിന് ലഭിച്ച നാഷണല്‍ അവാര്‍ഡിനെ തുടര്‍ന്നാണ് ഒലിക്ക് റിസോഴ്‌സ് പേഴ്‌സനായി ജോലി ലഭിച്ചത്. പത്താംക്ലാസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞ ഒലി താന്‍ പ്രകൃതിയേയും മനുഷ്യരേയും മൃഗങ്ങളേയും അറിഞ്ഞത് സ്‌കൂളില്‍ പോയി പഠിച്ചതുകൊണ്ടല്ലെന്നും അതില്‍ എന്നും അഭിമാനമുണ്ടെന്നും വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലും ആദിവാസി ജനങ്ങള്‍ക്കിടയിലും തേനീച്ച വളര്‍ത്തലില്‍ ട്രെയിനിങ് നല്‍കലാണ് ഒലിയുടെ ജോലി. തിരക്കുണ്ടെങ്കിലും തന്നെ തേടിയെത്തുന്ന കുതിരകളെ ഒലി കൈയ്യൊഴിയാറില്ല. വേദനയില്ലാതെ താന്‍ ലാടമടിച്ചുനല്‍കുന്നത് അവയ്ക്ക് ആശ്വാസമാകുമെന്ന് അവള്‍ക്ക് ഉറപ്പുണ്ട്.


Next Story

Related Stories