TopTop
Begin typing your search above and press return to search.

അധിക്ഷേപങ്ങള്‍ മറികടന്ന് ഒന്നാം റാങ്കില്‍ ബിരുദം; 'ഇനി ലക്ഷ്യം ഐഎഎസ്, നാട്ടിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തണം'; അതിഥി തൊഴിലാളിയുടെ മകള്‍ പായല്‍ ജീവിതം പറയുന്നു

അധിക്ഷേപങ്ങള്‍ മറികടന്ന് ഒന്നാം റാങ്കില്‍ ബിരുദം; ഇനി ലക്ഷ്യം ഐഎഎസ്, നാട്ടിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തണം; അതിഥി തൊഴിലാളിയുടെ മകള്‍ പായല്‍ ജീവിതം പറയുന്നു

'പെണ്‍കുട്ടികള്‍ പഠിച്ചിട്ട് എന്താണ് കാര്യം' എന്നു ചോദിക്കുന്ന ബീഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ ഗോസെയ്മടി ഗ്രാമത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടി കേരളത്തിലെത്തി യൂണിവേഴ്‌സിറ്റി റാങ്ക് സ്വന്തമാക്കുന്നു. എറണാകുളം ജില്ലയിലെ കങ്ങരപ്പടിയിലുള്ള പായലിന്റെ വാടകവീട്ടില്‍ ഇപ്പോള്‍ സന്തോഷത്തിന്റെ നാളുകളാണ്. അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത ദിവസങ്ങള്‍ അവിടെ ഉണ്ടായിരുന്നു. പായലിന് ഒന്നും എളുപ്പമായിരുന്നില്ല. അതിഥി തൊഴിലാളികളോട് സമൂഹത്തിനുള്ള മനോഭാവത്തോടും, മറ്റ് ജീവിത പ്രതിസന്ധികളോടും പോരാടിയാണ് പായല്‍ ഇപ്പോള്‍ ഈ നേട്ടത്തിലെത്തി നില്‍ക്കുന്നത്.

'റാങ്ക് കിട്ടിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്. എനിക്ക് എന്റെ അധ്യാപകരോടും മാതാപിതാക്കളോടും തന്നെയാണ് ഏറ്റവുമധികം നന്ദി പറയാനുള്ളത്'. അച്ഛന്റെയും അമ്മയുടെയും പിന്തുണ തന്നെയാണ് തന്നെ മുന്നോട്ടുപോകാന്‍ പ്രോരിപ്പിച്ചതെന്നാണ് പായല്‍ പറയുന്നത്. എംജി സര്‍വകലാശായിലെ നിന്നും ബി എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജിയിലാണ് പായല്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പെരുമ്പാവൂര്‍ മാര്‍ തോമ വുമണ്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പായല്‍.

1997 ലാണ് പായലിന്റെ അച്ഛന്‍ പ്രമോദ് കുമാര്‍ ജോലിക്കായി കേരളത്തിലെത്തുന്നത്. കേരളം പ്രമോദിന് ഇഷ്ടമായി. വിദ്യാഭ്യാസ കാര്യത്തില്‍ ബീഹാറിനെ അപേക്ഷിച്ച് കേരളം എത്രയോ മുന്നിലാണെന്ന് പലരും പറഞ്ഞാണ് പ്രമോദ് അറിയുന്നത്. അതോടെ ഒരു കാര്യം തീരുമാനിച്ചു. മക്കള്‍ക്ക് വിദ്യാഭ്യാസം കേരളത്തില്‍ നിന്നും തന്നെ നല്‍കണം. അങ്ങനെ നാലുവയസുകാരിയായ പായല്‍ 2001 ല്‍ കേരളത്തിലെത്തി. 'ഞങ്ങളുടെ നാട്ടില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് കുറവാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. എനിക്ക് എന്റെ മക്കളെ നന്നായി പഠിപ്പിക്കണമെന്നുണ്ടായിരുന്നു, അങ്ങനെയാണ് തുടര്‍ന്നുള്ള കാലം കേരളത്തില്‍ ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്'. പായലിന്റെ അച്ഛന്‍ പ്രമോദ് കുമാര്‍ ഹിന്ദിയും മലയാളവും കലര്‍ത്തിയാണ് മകളുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്.

പായലിന് ബിരുദാനന്തര ബിരുദത്തിന് സീറ്റ് ലഭിക്കുന്നതിനുള്ള മാര്‍ക്ക് മാത്രമല്ല ഈ വിജയം. അതിഥി തൊഴിലാളികളെന്ന് കളിയാക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ്. പണിയെടുക്കാന്‍ മാത്രമല്ല ഞങ്ങള്‍ക്ക് പഠിക്കാനും കഴിയും എന്നുള്ള തെളിയിക്കലാണ്. ഈ വിജയത്തിലൂടെ അതിഥിതൊഴിലാളികളോടുള്ള കേരളത്തിന്റെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരാന്‍ പായല്‍ ആഗ്രഹിക്കുന്നു.

'കളിയാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്റെ മുന്നില്‍ വെച്ച് വേറെയാളുകളെ കളിയാക്കുന്നത് കണ്ടിട്ടുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യനെ, അവര്‍ എന്ത് ജോലി ചെയ്യുന്ന ആളോ, എവിടെ നിന്നു വന്നയാളോ ആയിക്കോട്ടെ അവരെ കളിയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എന്റെ നേരെ വന്ന കളിയാക്കലുകളെയെല്ലാം മാറ്റി നിര്‍ത്തിയിട്ടാണ് ഞാന്‍ പഠിച്ചത്. നമ്മളെ കളിയാക്കാനും താഴോട്ട് വലിച്ചിടാനും ധാരാളം പേര്‍ ഉണ്ടാകും. എന്നാല്‍ നമ്മളെ കൈപിടിച്ചുയര്‍ത്താന്‍ ആരും ഉണ്ടായെന്നു വരില്ല. അതുകൊണ്ട് നമുക്ക് വേണ്ടതൊക്കെ നമ്മള്‍ തന്നെ ചെയ്യണം'. അതിഥി തൊഴിലാളിയുടെ മകളെന്ന പേരില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള അവഗണനകളെക്കുറിച്ചും കളിയാക്കലുകളെക്കുറിച്ചും പായല്‍ പറഞ്ഞതിങ്ങനെ. അതിഥിതൊഴിലാളികളോട് കാണിക്കുന്ന ഇത്തരം അവഗണനകള്‍ക്ക് പരിഹാരമായി പായല്‍ നിര്‍ദ്ദേശിക്കുന്നതും വിദ്യാഭ്യാസം തന്നെയാണ്. വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന് നില്‍ക്കാനാണ് പായല്‍ എല്ലാവരോടും ആവശ്യപ്പെടുന്നത്.

തന്റെ സ്വന്തം നാടായ ബീഹാറിനെക്കാള്‍ ഇഷ്ടം പായലിന് കേരളത്തോട് തന്നെയാണ് അതിന്റെ കാരണം മറ്റൊന്നുമല്ല വിദ്യാഭ്യാസത്തിനുള്ള അവസരം തന്നെയാണ്. 'ഞാന്‍ ഇപ്പോള്‍ എന്റെ നാട്ടിലായിരുന്നെങ്കില്‍ കല്യാണം കഴിച്ച് വീട്ടമ്മയായി ജീവിക്കുന്നുണ്ടാകും. അവിടെ പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നൊരു ചിന്ത പോലും ആര്‍ക്കും ഇല്ല. കൂടി വന്നാല്‍ 5 വരെ പഠിപ്പിക്കും. ഇനി ആരെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിച്ചാല്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് പേര്‍ ഉണ്ടാകുകയും ചെയ്യും'. പായല്‍ പറയുന്നു.

വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെപോയ ആളാണ് പായലിന്റെ അമ്മ ബിന്ദു ദേവി. അതിനാല്‍ തന്നെ മകളുടെ ഈ വിജയത്തില്‍ അവര്‍ ഏറെ സന്തോഷത്തിലാണ്. 'ബീഹാറില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരങ്ങള്‍ വളരെ കുറവാണ്. ഞാന്‍ പഠിക്കുന്ന കാലത്ത് ഒരുപാട് ബുദ്ധിമിട്ടിയിട്ടുണ്ട് സ്‌കൂളില്‍ പോകാനും മറ്റുമായി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടെന്ത് കാര്യം എന്നാണ് അവിടെ എല്ലാവരും ചോദിക്കുന്നത്. ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം എന്നുമാത്രം. ഇവിടെത്തി വളരെ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്. ഇപ്പോള്‍ പായല്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നു. ഒരുപാട് സന്തോഷമുണ്ട്. ഭഗവാന്റെ അനുഗ്രഹമായിരിക്കണം'. പായലിന്റെ അമ്മ സന്തോഷം പ്രകടിപ്പിച്ചത് ഹിന്ദിയിലായിരുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള പായല്‍ ഭാവിയില്‍ വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. ഐഎഎസ് എടുക്കണമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമാണ് പായല്‍ പറയുന്നത്. 'ഐഎഎസ് ലഭിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ ഒരു ജോലി കിട്ടിയ ശേഷം എനിക്കെന്റെ നാട്ടില്‍ പോകണമെന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപറ്റി അവിടെ ബോധവല്‍ക്കരണം നടത്തണം. അവിടെ മാത്രമല്ല. എല്ലായിടത്തും എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരമുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'. പായല്‍ പറഞ്ഞു നിര്‍ത്തി.

അച്ഛനും അമ്മയും മൂത്ത സഹോദരന്‍ ആകാശ് കുമാറും, അനിയത്തി പല്ലവി കുമാരിയുമാണ് പായലിന്റെ കുടുംബം. അച്ഛന്‍ എറണാകുളം മാര്‍ക്കറ്റ് റോഡിലെ പെയിന്റ് കടയിലെ ജോലിക്കാരനാണ്.Next Story

Related Stories