മുംബൈയിലെ സാകിനാകയിലുള്ള മുസ്ലീം പള്ളി മാതൃകയായത് ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലും വരുമാനവും നഷ്ടമായ 800 തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി നല്‍കിയാണ്. അരിയും പയറുവര്‍ഗങ്ങളും പള്ളിയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് 19 പോലെ ഗുരുതരമായ പ്രശ്നമാണ് പട്ടിണിയെന്നും അത് മതഭേദമന്യേ എല്ലാ മനുഷ്യരേയും ബാധിക്കുമെന്നും ഖൈരാനി റോഡില്‍ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദ് അഹ്ലെ ഹാദിസിലെ മൗലാന ആത്തിഫ് സനബ് അലി, ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആരും വിശന്നുകൊണ്ട് ഉറങ്ങേണ്ട അവസ്ഥയുണ്ടാകരുത് - ഇതാണ് ഞങ്ങളുടെ ലക്ഷ്യം - സനബ് അലി പറഞ്ഞു. വൃത്തിയോടെ, സാമൂഹ്യ അകലം പാലിച്ചാണ് ഇവിടെ ഭക്ഷണം തയ്യാറാക്കി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുംബയ് നഗരത്തിൽ മാത്രം 2000ലധികം പേർക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 117 പേരാണ് മുംബൈയിൽ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. മഹാരാഷ്ട്രയിൽ ആകെ 3202 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 286 പുതിയ കേസുകളാണ് ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് വന്നിരിക്കുന്നത്.