Top

നീലംപേരൂര്‍ പടയണിയില്‍ 'കോല'മായി പി വി സിന്ധുവും

ലോക കായിക ചരിത്രത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പിവി സിന്ധുവിനുള്ള മലയാളികളുടെ ആദരമായിരുന്നു നീലംപേരൂരിലെ ഇത്തവണത്തെ പടയണി. ദേവന്മാരുടെ രൂപത്തിലുള്ള കോലങ്ങള്‍ക്കൊപ്പം ഇത്തവണ പിവി സിന്ധുവും ഇടംപിടിച്ചു. ഒരു നാട് മുഴുവന്‍ ആവേശത്തോടെയാണ് സിന്ധുവിന്റെ കോലത്തെ ഏറ്റെടുത്തത്.


ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ നീലംപേരൂരില്‍ സ്ഥിതി ചെയ്യുന്ന പള്ളി ഭഗവതിക്ഷേത്രത്തില്‍, ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാളില്‍ നടത്തുന്ന പടയണി ഉത്സവമാണ് നീലംപേരൂര്‍ പടയണി. 16-ാം ദിവസം അതായത് പൂരം നാളിലായിരിക്കും പടയണി അവസാനിക്കുക. പ്രധാനപ്പെട്ട വലിയ പടയണി അന്നായിരിക്കും. പ്രധാന കേലങ്ങളെയെല്ലാം അന്നാണ് എഴുന്നള്ളിക്കുക. ദേവി ക്ഷേത്രമായതിനാല്‍, ദേവിയുടെ വാഹനമായ സിംഹമായിരിക്കും ഉത്സവത്തിന്റെ അവസാന ദിവസത്തെ അടിയന്തിരക്കോലം. അതിന് യാതൊരുവിധ മാറ്റവും പാടില്ല. അത് കൂടാതെ സ്ഥിരമായുണ്ടാവുന്ന കോലങ്ങളാണ് ഭീമസേനന്‍, യക്ഷി, രാവണന്‍ എന്നിവ. ജാതി-മത ഭേദമന്യേ ആ നാട്ടിലെ എല്ലാ ജനങ്ങളും പങ്കെടുക്കുന്ന ഈ ഉത്സവം ഒരുനാടിന്റെ കൂട്ടായ്മയെയാണ് കാണിച്ചു തരുന്നത്. ക്ഷേത്രത്തിനു വെളിയിലായിരിക്കും ഉത്സവവും ചടങ്ങുകളും നടക്കുക.
















കോലങ്ങളുടെ പണി അവിട്ടം നാളില്‍ ചൂട്ടിട്ടുകഴിഞ്ഞാല്‍ പിറ്റേദിവസം മുതല്‍ തുടങ്ങുന്നു. പ്രധാനമായും അന്നങ്ങള്‍ എന്നു പറയുന്ന രൂപങ്ങളാണ് ഉള്ളത്. അരയന്നങ്ങളെയാണ് അവ പ്രതിനിധീകരിക്കുന്നത്. ഇവകൂടാതെ ജനങ്ങള്‍ക്കിഷ്ടമുള്ള വ്യക്തികളുടെ കോലവും കെട്ടാം. ഒരിക്കല്‍ മറഡോണയുടെ കോലവും ഇതുപോലെ കെട്ടിയിരുന്നു.

പിവി സിന്ധുവിന്റെ കോലം ഇത്തവണ ഉള്‍പ്പെടുത്താം എന്ന ആശയം നാട്ടുകാര്‍ തന്നെയാണ് പറയുന്നത്. ഏലൂര്‍ മധുസൂദന പണിക്കര്‍ എന്നയാളാണ് ഈ നിര്‍മ്മിതിക്ക് നേതൃത്വം നല്‍കിയത്.

കൂടുതലായും പുരുഷന്മാരാണ് പടയണി ഉത്സവത്തിലെ ചടങ്ങുകളില്‍ മറ്റും പങ്കെടുക്കുന്നത്. സ്ത്രീകള്‍ കാഴ്ചക്കാര്‍ മാത്രമായിരിക്കും. എന്നാല്‍ കോലങ്ങള്‍ പണിയുന്നതിന് സ്ത്രീകള്‍ പലപ്പോഴും സഹായങ്ങള്‍ ചെയ്യാറുണ്ട്. കുടനൃത്ത്, പ്ലാവില നൃത്ത്, മകം പടയണി, പൂരം പടയണി എന്നിങ്ങനെ നാല് ദിവസമായിരിക്കും പ്രധാന പൂരങ്ങള്‍ നടക്കുക. ഈ നാല് ദിവസങ്ങളില്‍ മാത്രമായിരിക്കും സ്ത്രീകള്‍ പങ്കെടുക്കുക. ബാക്കി ദിവസങ്ങളിലെല്ലാം ഉത്സവത്തിനും, ചടങ്ങുകള്‍ക്കും പുരുഷന്മാര്‍ മാത്രമായിരിക്കും പങ്കെടുക്കുന്നത്.















ചേരമാന്‍ പെരുമാളിന്റെ കാലത്ത് നിലനിന്നിരുന്നതാണ് ഈ പടയണി ഉത്സവം എന്നു പറയുന്നവരുണ്ട്. അദ്ദേഹമാണിത് നടത്തിയതെന്നും, അദ്ദേഹം ഈ വഴി വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പടയണിക്കോലങ്ങള്‍ ജനങ്ങള്‍ ഒരുക്കിയതാണെന്നും പറയപ്പെടുന്നു. വിശ്വാസികള്‍ പറയുന്നത് ഭീമസേനന്‍ കല്യാണ സൗഗന്ധികം തേടിപ്പോയപ്പോള്‍ കണ്ട കാഴ്ചകളാണ് ഇവിടെ കോലങ്ങളിലൂടെ അവതരിപ്പിക്കുന്നതെന്നാണ്.


പടയണിയില്‍ ഇതിനുമുന്‍പ് വനിതകളുടെ കോലങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം പറയുന്നില്ല. എന്നാല്‍ പടയണിയില്‍ മറ്റ് കോലങ്ങള്‍ നിര്‍മ്മിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നത് വാസ്തവം തന്നെ. സിന്ധുവിന്റെ നേട്ടത്തെ ഒരു നാട് മുഴുവന്‍ ഏറ്റെടുത്തതിന്റെ ഉദാഹരണമായി മാറുകയാണ് നീലംപേരുര്‍ പടയണി.


Next Story

Related Stories