TopTop
Begin typing your search above and press return to search.

"നാട്ടിലെല്ലാവര്‍ക്കും പേടിയാണ്; ഇതെന്റെ ജോലി, രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷം, ഒപ്പം അഭിമാനവും"- മുംബെയിലെ ഒരു നഴ്‌സിന്റെ അനുഭവം

"നാട്ടിലെല്ലാവര്‍ക്കും പേടിയാണ്; ഇതെന്റെ ജോലി, രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷം, ഒപ്പം അഭിമാനവും"- മുംബെയിലെ ഒരു നഴ്‌സിന്റെ അനുഭവം

"അഭിമാനവും ഒപ്പം സന്തോഷവും തോന്നുന്നുണ്ട്. ലോകം മുഴുവന്‍ ഒരു മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതിലും, അവരെ സഹായിക്കാന്‍ കഴിയുന്നതിലും". അമ്പിളി ചന്ദ്ര പറഞ്ഞു തുടങ്ങി. മലപ്പുറം കാരിയായ അമ്പിളി മുംബൈയിലെ റിലൈന്‍സ് ആശുപത്രിയിലെ നഴ്സ് ആണ്. കഴിഞ്ഞ ആറ് വര്‍ഷമായി അമ്പിളി മുബൈയില്‍ നഴ്സാണ്. അഴിമുഖം അമ്പിളിയെ വിളിക്കുമ്പോഴും അമ്പിളി ഡ്യൂട്ടിയിലായിരുന്നു.

"ഇവിടെ കേസുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലാണന്നു പറയുമ്പോള്‍ നാട്ടിലുള്ളവര്‍ക്കെല്ലാം പേടിയാണ്. വീട്ടുകാര്‍ക്കും പേടിയുണ്ട്". വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം തന്നെക്കുറിച്ചോര്‍ത്തുള്ള ആശങ്കയെ പറ്റി അമ്പിളി പറഞ്ഞു തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും അത് തുടര്‍ന്നു ചെയ്യാന്‍ തനിക്കൊരു ഭയവുമില്ലെന്നുമാണ് ഇക്കാര്യത്തില്‍ അമ്പിളിക്ക് പറയാനുള്ളത്. "ഇതെന്റെ ജോലി അല്ലെ അതുകൊണ്ട് തന്നെ എനിക്ക് പേടിയില്ല. രോഗികളുടെ അടുത്ത് പോകുമ്പോഴെല്ലാം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പേടിക്കാനായി ഒന്നുമില്ല. എനിക്കെന്നല്ല, ഈ മേഖലയിലുള്ള അധികമാരും രോഗങ്ങളെ പേടിക്കുന്നവരല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്". അമ്പിളി പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ദിനം പ്രതി അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇത് ലോക് ഡൗണ്‍ കൃത്യമായി പാലിക്കപ്പെടാത്തത് കൊണ്ടാണെന്നാണ് അമ്പിളി പറയുന്നത്. മുംബൈയിലെ ലോക് ഡൗണ്‍ കേരളത്തിലെ പോലെ വലിയ വിജയമല്ലെന്നും അമ്പിളി പറയുന്നു. "എത്രയൊക്കെ പറഞ്ഞിട്ടും ആളുകള്‍ക്ക് ഇപ്പോഴും അതിന്റ ഗൗരവം മനസിലായിട്ടില്ല എന്നു തോന്നുന്നു. അവനവന് വരുമ്പോഴെ ചിലപ്പൊ അത് മനസിലാവുകയുള്ളൂ. മുബൈയില്‍ ലോക് ഡൗണ്‍ പേരിനു മാത്രമെ ഉള്ളൂ. മുബൈയില്‍ ലോക് ഡൗണ്‍ അത്ര കണ്ട് വലിയ വിജയമൊന്നുമല്ല".

കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് കൊണ്ട് തന്നെ ഇപ്പോള്‍ ആശുപത്രികളില്‍ തിരക്ക് നല്ല കുറവാണെന്നാണ് അമ്പിളി പറയുന്നത്. "കോവിഡ് പടരാന്‍ തുടങ്ങിയതിന് ശേഷം പൊതുവില്‍ ഇപ്പോള്‍ ആശുപത്രിയില്‍ രോഗികള്‍ കുറവാണ്. ആ ഒരു മാറ്റം മാത്രമെ എനിക്കു തോന്നിയിട്ടുള്ളൂ. വെറുതെ ആശുപത്രിയില്‍ പോകേണ്ടെന്നും, ആശുപത്രിയില്‍ പോയാല്‍ കോവിഡ് വരുമോ എന്ന ഭയം കൊണ്ടുമൊക്കെയായിരിക്കണം അത്. അമ്പിളി പറഞ്ഞു". റിലയന്‍സ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിലാണ് അമ്പിളി നഴ്‌സായി പ്രവര്‍ത്തിക്കുന്നത്.

ദിവസവും കോവിഡ് രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യം എങ്ങനെയാണ് സര്‍ക്കാരും, ആശുപത്രിയും സംരക്ഷിക്കുന്നത് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. അതിനുള്ള ഉത്തരവും അമ്പിളി തരുന്നുണ്ട്. ഒപ്പം തന്നെ രോഗം പിടിപെട്ട നഴ്‌സുമാരെ പറ്റിയുള്ള ആശങ്കയും പങ്കുവെക്കുന്നു.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാര്‍ക്ക് വേണ്ട സുരക്ഷ സംവിധാനങ്ങള്‍ പോലും പല ആശുപത്രികളും ഒരുക്കിക്കൊടുക്കുന്നില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്. പല സ്ഥലങ്ങളില്‍ നിന്നുള്ള വോയ്‌സ് മെസേജുകളെല്ലാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഞങ്ങളുടെ ആശുപത്രിയില്‍ ഇതുവരെ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും വന്നിട്ടില്ല. ഇവിടെ ഞങ്ങള്‍ക്ക് ഡെയ്‌ലി ചെക്കിങ് ഉണ്ട്. ഒപ്പം തന്നെ എല്ലാ സുരക്ഷാ ഉപകരണങ്ങളും. പിപിഇ കിറ്റ് ധരിച്ചാണ് എല്ലാ രോഗികളുടെയും അടുത്തേക്കു ചെല്ലുന്നത്'. അമ്പിളി പറഞ്ഞു നിര്‍ത്തി. അമ്പിളിയെ പോലെ നിരവധിപേര്‍ തങ്ങളുടെ കടമ കൃത്യമായി നിര്‍വഹിക്കുന്നത് കൊണ്ടാണ് ഈ മഹാമാരിക്കെതിരെ പോരാടാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമാവുന്നത്.


Next Story

Related Stories