TopTop

മാഷെ ഓര്‍മിക്കാന്‍ ഗ്രന്ഥശാല നിര്‍മിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; സപ്തഭാഷയിലുമുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും

മാഷെ ഓര്‍മിക്കാന്‍ ഗ്രന്ഥശാല നിര്‍മിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; സപ്തഭാഷയിലുമുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും

അവനീന്ദ്രേനാഥ് എന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്ര പ്രിയപ്പെട്ടയാളായിരുന്നു എന്നറിണമെങ്കില്‍ കാസര്‍ഗോഡ് ചട്ടഞ്ചാല്‍ കവലയില്‍ ചെന്നാല്‍ മതി. അവിടെ കാണാം മാസ്റ്ററുടെ പേരില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രന്ഥശാല. കേരളത്തില്‍ ഇത് ആദ്യമാമായിരിക്കണം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരു അധ്യാപകനു വേണ്ടി വായനശാല നിര്‍മിക്കുന്നത്. കാസര്‍ഗോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായിരുന്ന അവനീന്ദ്രേനാഥ് മാസ്റ്ററുടെ ഓര്‍മയ്ക്കായാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കാസര്‍ഗോഡ് വായനശാല നിര്‍മിച്ചിരിക്കുന്നത്.

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രണ്ടു മാസം കൊണ്ട് രണ്ടായിരത്തോളം പുസ്തകങ്ങളാണ് സമാഹരിച്ചത്. ഗ്രന്ഥശാലയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത് പൂര്‍വ വിദ്യാര്‍ത്ഥികള്‍ തന്നെ. നിലവില്‍ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. നല്ലൊരു വായനക്കാരനായിരുന്ന അവനീന്ദ്രേനാഥ് മാഷ് അദ്ദേഹത്തിന്റെ നാട്ടില്‍ സ്വന്തമായൊരു വായനശാല തുടങ്ങിയിരുന്നു. ആ വായനശാലയിലെ പുസ്തകങ്ങള്‍ കൂടി ഈ പുതിയ വായനശാലയിലേക്കെത്തിച്ചിട്ടുണ്ട്.

ഇത് കേവലമൊരു വായനശാല മാത്രമായിരിക്കില്ല എന്നാണ് നിലവില്‍ വായനശാലയുടെ നടത്തിപ്പുകാരനായ രതീഷ് പറയുന്നത്. വിദ്യാഭ്യാസ മേഖലയിലും ഈ ഗ്രന്ഥശാല ഇടപെടലുകള്‍ നടത്തും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അയല്‍ക്കൂട്ട ലൈബ്രെറികളും നിര്‍മിക്കും എന്നും രതീഷ് പറയുന്നു.

1984 ലാണ് അവനീന്ദ്രേനാഥ് മാഷ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. തുടര്‍ന്ന് 1991 ല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി ആരംഭിക്കുന്നതുവരെ അദ്ദേഹം ഗണിത അദ്ധ്യാപകനായിരുന്നു. ഹയര്‍ സെക്കന്ററി വന്നതിനു ശേഷം ഇംഗ്ലീഷ് അധ്യാപകനായി. സ്‌കൂളിന്റെ പ്രിന്‍സിപ്പളായായിരിക്കെ 2014 ലാണ് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതയായി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ പറയുന്നത് പാഠപുസ്തകങ്ങളില്‍ നിന്നും മാറി അഭിനയത്തിലൂടെ ക്ലാസ് എടുക്കുന്ന അദ്ദേഹത്തിന്റെ ശൈലിയെക്കുറിച്ചാണ്. നല്ലൊരു നാടക നടന്‍ കൂടിയായിരുന്നു അദ്ദേഹം.

ബഹുഭാഷ സംഗമഭൂമിയാണ് കാസര്‍ഗോഡ്. അതിനാല്‍ തന്നെ ബ്യാരി, തുളു, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലുള്ള പുസ്തകങ്ങളും ഈ ലൈബ്രറിയിലുണ്ട്. ആര്‍ക്കു വേണമെങ്കിലും വായനശാലയിലെത്തി പുസ്തകങ്ങള്‍ വായിക്കാം. പുസ്തകങ്ങള്‍ കൂടാതെ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ദിനപത്രങ്ങളും ഈ വായനശാലയിലുണ്ട്.


Next Story

Related Stories