TopTop

"ഒരിക്കലും ഭയം തോന്നിയിട്ടില്ല"; എറണാകുളത്തെ സൈക്കിള്‍ ഫുഡ് ഡെലിവറി ഗേള്‍ ശ്രീരശ്മി

"ഒരിക്കലും ഭയം തോന്നിയിട്ടില്ല"; എറണാകുളത്തെ സൈക്കിള്‍ ഫുഡ് ഡെലിവറി ഗേള്‍ ശ്രീരശ്മി

എറണാകുളത്തെ പനമ്പിള്ളി നഗര്‍, കടവന്ത്ര, തേവര തുടങ്ങിയ ഭാഗങ്ങളില്‍ രാത്രി ഏഴ് മണിതൊട്ട് പതിനൊന്നുവരെ സൈക്കിള്‍ ബെല്ല് കേള്‍ക്കാം. എറണാകുളം മഹാരാജാസ് കോളേജിലെ ബിഎ ഫിലോസഫി വിദ്യാര്‍ത്ഥിയായ ശ്രീരശ്മിയുടെ സൈക്കിളിന്റെ ബെല്ലടികളാണ് നഗരത്തിന്റെ രാത്രികാല തിരക്കുകള്‍ക്കിടയിലും മുഴങ്ങി കേള്‍ക്കുന്നത്.

ശ്രീരശ്മി ഒരു സൊമാറ്റൊ ഡെലിവറി ഗേളാണ്. മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ സൈക്കിളിലാണ് ശ്രീരശ്മി ഭക്ഷണം വിതരണം ചെയ്യുന്നത്. സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സമയം കഴിഞ്ഞ് സൈക്കിളുമെടുത്ത് ശ്രീരശ്മി നിരത്തിലിറങ്ങുന്നത്. സൊമാറ്റോയില്‍ മുന്‍പും സൈക്കിളില്‍ ഫുഡ് ഡെലിവറി ചെയ്യുന്ന പെണ്‍കുട്ടികളുണ്ടായിരുന്നു. എന്നാല്‍ സൈക്കിളില്‍ സഞ്ചരിച്ച് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ അവരെല്ലാം ഇതില്‍നിന്ന് പിന്‍മാറുകയായിരുന്നു.

സൈക്കിളോടിച്ച് ഭക്ഷണ വിതരണം നടത്തുന്നതില്‍ ആയാസം കൂടുതലാണെങ്കിലും ശ്രീരശ്മി സൈക്കിള്‍ യാത്രയെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പരിസ്ഥിതി സൗഹാര്‍ദപരമാണിതെന്നതാണ് സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ ശ്രീരശ്മിയെ പ്രേരിപ്പിച്ചത്. പഠനകാലത്താണെങ്കിലും പെണ്‍കുട്ടികള്‍ക്ക് സ്വയം പര്യാപ്തരാവാന്‍ നിരവധി അവസരങ്ങളുണ്ടെന്നും അതില്‍ മികച്ചൊരു വഴിയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയെന്നും ശ്രീരശ്മി പറയുന്നു.

രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നതും പണിചെയ്യുന്നതും സുരക്ഷിതമല്ല എന്നൊരു മനോഭാവം ഇവിടുത്തെ ആളുകളിലില്ലേ എന്ന ചോദ്യത്തിന് ശ്രീരശ്മി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. "സൈക്കിളില്‍ സൊമാറ്റോയുടെ യൂണിഫോമണിഞ്ഞ് ഡെലിവറിക്കായി പോവുന്നത് കാണുമ്പോള്‍ ആളുകള്‍ കൗതുകത്തോടെയാണ് നോക്കാറുള്ളത്. ഓഡര്‍ ചെയ്ത ആളുകളും സന്തോഷത്തോടെയാണ് ഇടപെടാറ്. എത്ര ഉള്‍പ്രദേശങ്ങളിലേക്ക് പോവേണ്ടി വന്നാലും ഭക്ഷണം വിതരണം ചെയ്യുന്ന ആരെങ്കിലുമൊക്കെ ആ ഭാഗങ്ങളിലുണ്ടാവും. എപ്പോഴും ഒന്ന് ചിരിച്ചിട്ടാണ് ഞങ്ങള്‍ പരസ്പ്പരം മറികടന്ന് പോവാറുള്ളത്. ഒരിക്കലും ഭയം തോന്നിയിട്ടില്ല. പെണ്‍കുട്ടികളെ ഇത്തരം ഭയങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തുന്നതിനോട് യോജിക്കാനും കഴിയില്ല."

പഠനത്തിനായി കായങ്കുളത്തുനിന്ന് മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ സ്വന്തം പഠനത്തിനാവശ്യമായി തുക സ്വന്തമായുണ്ടാക്കണം എന്നുതന്നെയായിരുന്നു ശ്രീരശ്മിയുടെ മനസിലുണ്ടായിരുന്ന ആഗ്രഹം. എന്നാല്‍ അതിനായി പല ജോലികളും കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സമയപരിധി തടസമായി മാറുകയായിരുന്നു. അങ്ങനെയാണ് ശ്രീരശ്മി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയിലേക്ക് കടന്നു വരുന്നത്. അതിനായി വാഹനം കയ്യിലില്ല എന്നത് പ്രശ്‌നമായപ്പോള്‍ സഹപാഠിയായ അന്‍ഷിഫായിരുന്നു സഹായവുമായി മുന്നോട്ട് വന്നത്. ഒഎല്‍എക്‌സില്‍നിന്ന് സൈക്കിള്‍ വാങ്ങി നല്‍കി സുഹൃത്തിന് കൈത്താങ്ങാവുന്നതിനൊപ്പം തന്റെ സ്‌ക്കൂട്ടിയുമായി അന്‍ഷിഫും ഫുഡ് ഡെലിവറിക്കിറങ്ങി. പരസ്പ്പരം സഹായിച്ചുകൊണ്ടാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ മുന്നോട്ട് പോവുന്നതെന്ന് പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും മുഴക്കം ശ്രീരശ്മിയുടെ ശബ്ദത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. പഠനചെലവ് കഴിഞ്ഞുള്ള പണം ശ്രീരശ്മി വീട്ടിലേക്ക് നല്‍കുന്നുണ്ട് ഇപ്പോള്‍. അത് നല്‍കുന്ന സന്തോഷം വളരെ വലുതാണെന്നും ശ്രീരശ്മി പറയുന്നു.

ശ്രീരശ്മിക്ക് സൈക്കിളിനോടുള്ള ഇഷ്ടം കണ്ട് സൈക്കിള്‍ യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ്ബിന്റെ സൈക്കിള്‍ ഇന്‍ഡസ് എംബസി ഫൗണ്ടറായിട്ടുള്ള 'സൈക്കിള്‍ പ്രകാശന്‍' കഴിഞ്ഞ ദിവസം ഇലക്ട്രിക് സൈക്കിള്‍ വാങ്ങി നല്‍കുകയുണ്ടായി. ഇത്തരം ഫുഡ് ഡെലിവറി സംവിധാനങ്ങളില്‍ മുതലാളിത്തത്തിന്റെ അധികാര പ്രയോഗങ്ങളില്ലെന്നും നമ്മുടെ സമയത്തിനനുസരിച്ച് ഇഷ്ടമുള്ള സമയത്ത് ജോലിചെയ്യാമെന്നത് ഇതിന്റെ മേന്മയാണെന്നും ശ്രീരശ്മി പറയുന്നു. അതിനാല്‍തന്നെ തനിക്ക് സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കാനും, വായിക്കാനും, പഠിക്കാനുമൊക്കെ സമയം ലഭിക്കുന്നുണ്ടെന്നും ശ്രീരശ്മി പറയുന്നു. ഈ തൊഴില്‍ വല്ലാത്തൊരു ധൈര്യമാണ് തരുന്നത്, ജീവിതത്തെ പഠനത്തിനൊപ്പം മുന്നോട്ട് നയിക്കുന്ന ഒന്ന്, ശ്രീരശ്മി പറഞ്ഞു നിര്‍ത്തി.


ആര്‍ഷ കബനി

ആര്‍ഷ കബനി

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ്

Next Story

Related Stories