TopTop
Begin typing your search above and press return to search.

ഒമ്പതാം ക്ലാസുകാരിയുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ 83കാരിയുടെ ചിത്രപ്രദർശനം

ഒമ്പതാം ക്ലാസുകാരിയുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ 83കാരിയുടെ ചിത്രപ്രദർശനം

83 വയസ്സുകാരിയായ പി എസ് പദ്മിനിയുടെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളുടെയും ക്രാഫ്റ്റ് വര്‍ക്കുകളുടെയും ഒരു വെര്‍ച്ച്വല്‍ എക്‌സിബിഷന്‍ നടക്കുകയാണ്. 165 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ചിത്രങ്ങളും ആര്‍ട്ട് വര്‍ക്കുകളുമായി ഇത് പദ്മിനിയുടെ അഞ്ചാമത്തെ എക്‌സിബിഷനാണ്. ഇതിലൂടെ ലഭിക്കുന്ന തുകയും സംഭാവനകളും തിരുവനന്തപുരത്തുള്ള ഒരു ഒമ്പതാം ക്ലാസുകാരിക്ക് കിടപ്പാടം ഉണ്ടാക്കിക്കൊടുക്കുന്നതിലേക്ക് ഉപയോഗിക്കാനാണ് അവരുടെ തീരുമാനം. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് കീഴില്‍ ഫ്‌ളോറ എന്ന ചിത്ര രചന സ്‌കൂളില്‍ ചിത്രരചന പരിശീലിച്ച പദ്മിനി പലതരം സങ്കേതങ്ങളാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്.

ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം സ്‌റ്റേജില്‍ നില്‍ക്കുകയാണ് പദ്മിനി. ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ് എംഎല്‍എയും മുന്‍ തിരുവന്തപുരം മേയറുമായ വി കെ പ്രശാന്ത് ആണ് തന്നെക്കൊണ്ട് ഈ ആശയത്തില്‍ എത്തിച്ചതെന്ന് പദ്മിനി അഴിമുഖത്തോട് പറഞ്ഞു. പദ്മിനിയുടെ മകന്‍ പ്രകാശ് ഗോപിനാഥ് ആണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം. ഇന്‍ഡസ് സൈക്കിള്‍ എംബസിയിലൂടെ സൈക്കിള്‍ മേയര്‍ എന്ന് അറിയപ്പെടുന്ന പ്രകാശ് ഒരിക്കല്‍ പ്രശാന്തിനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയപ്പോഴാണ് വീടില്ലാത്ത ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ച് അറിയുന്നത്. ഷെഡ്ഡ് പോലെയുള്ള വീട്ടില്‍ രാത്രി കഴിയാനാകാത്തതിനാല്‍ അയല്‍വക്കത്തെ ബന്ധുവീട്ടിലാണ് കുട്ടി രാത്രി തങ്ങുന്നതെന്നും പ്രശാന്തില്‍ നിന്നും അറിഞ്ഞു. ഏതെങ്കിലും എന്‍ജിഒയുടെ സഹായം തേടാമോയെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം. വിവരം അമ്മയോട് പറഞ്ഞപ്പോള്‍ തന്റെ എക്‌സിബിഷനില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനായും കുട്ടിയ്ക്ക് നല്‍കാമെന്നും പദ്മിനി സമ്മതിക്കുകയായിരുന്നുവെന്ന് പ്രകാശ് ഗോപിനാഥ് വ്യക്തമാക്കി.

വീടിന്റെ താഴത്തെ നിലയിലെ ഹാളില്‍ നിന്നും ഫര്‍ണിച്ചറുകള്‍ എല്ലാം എടുത്തുമാറ്റി രണ്ട് ആഴ്ച മുമ്പാണ് എക്‌സിബിഷന് ഒരുക്കിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റ് ഹാളുകള്‍ വാടകയ്ക്ക് എടുത്ത് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. തിരുവനന്തപുരം മേയര്‍ ശ്രീകുമാറിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യം വന്നതോടെയാണ് ഓണ്‍ലൈന്‍ ഗാലറിയെന്ന ആശയത്തിലേക്ക് തിരിഞ്ഞത്. ഓണ്‍ലൈന്‍ ഗാലറികള്‍ വാടകയ്ക്ക് എടുത്ത് കൊടുക്കുന്ന ജര്‍മ്മന്‍ ആര്‍ട്ട് സ്ഥാപനമുണ്ട്. 4900 രൂപയാണ് ഇതിന് ഒരു മാസത്തെ വാടക. സാധാരണ ഗാലറി പോലെ തന്നെ അകത്തേക്ക് കയറിക്കയറി പോകാവുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. thesthree.com എന്ന സൈറ്റ് വഴിയാണ് വില്‍പ്പന നടത്തുന്നത്. ഓണ്‍ലൈന്‍ ആയും ഗൂഗിള്‍ പേ ആയും പണം സ്വീകരിച്ച് ഈ സൈറ്റിന്റെ പ്രതിനിധികള്‍ ആവശ്യക്കാരില്‍ ചിത്രങ്ങളും ആര്‍ട്ട് വര്‍ക്കുകളും എത്തിക്കുന്നു.

അക്രലിക്, മ്യൂറല്‍, കോഫീ പെയിന്റിംഗ്, സാന്‍ഡ് പെയിന്റിംഗ്, എംസീല്‍, ഗ്ലാസ് പെയിന്റിംഗ്, മുത്ത് കൊണ്ടുള്ള ആര്‍ട്ട് വര്‍ക്കുകള്‍ തുടങ്ങീ വിവിധ മാധ്യമങ്ങളിലേതുള്‍പ്പെടെയുള്ള സൃഷ്ടികളാണ് എക്‌സിബിഷന് വച്ചിരിക്കുന്നത്. വളരെ കുട്ടിയായിരുന്ന കാലം മുതല്‍ മുത്തിലും മറ്റും താന്‍ വര്‍ക്ക് ചെയ്തിരുന്നതായി പദ്മിനി പറഞ്ഞു. എന്നാല്‍ അധ്യാപികയായിരുന്ന ഇവര്‍ ചിത്രരചന ആരംഭിച്ചത് 18 വര്‍ഷം മുമ്പാണ്. ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് കീഴില്‍ ചിത്രരചന അഭ്യസിക്കാന്‍ ആരംഭിച്ചത്.

പതിനായിരം രൂപ മുതല്‍ വിലയുള്ള സൃഷ്ടികളാണ് എക്‌സിബിഷന് വച്ചിരിക്കുന്നത്. ശരാശരി രണ്ടായിരം രൂപ ഒരു സൃഷ്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി പ്രകാശ് പറഞ്ഞു. 150 സൃഷ്ടികള്‍ വിറ്റുപോയാല്‍ തന്നെ മൂന്ന് ലക്ഷത്തോളം രൂപ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ലഭിക്കുന്ന സംഭാവനകള്‍ കൂടി ചേര്‍ത്ത് വീട് പണിയാനുള്ള തുക നേടാമെന്ന പ്രതീക്ഷയിലാണ് ഇവര്‍. രണ്ട് ആര്‍കിടെക്കുകള്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച നിര്‍മ്മാണ് സാമഗ്രികളുടെ വില മാത്രം ഈടാക്കി സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രകാശ് വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുഹൃത്തുക്കളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

പദ്മിനിയെക്കൊണ്ട് ചിത്രം വരപ്പിച്ച് ഇവരുടെ ഗുരു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആണ് ഓണ്‍ലൈന്‍ ഗാലറി ഉദ്ഘാടനം ചെയ്തത്. അതോടെ അമ്മ വളരെയധികം ആവേശത്തിലായെന്നും പ്രകാശ് പറഞ്ഞു. ഏറെ നാളായി ക്യാന്‍സര്‍ അവസാന സ്റ്റേജ് ചികിത്സയില്‍ കഴിയുന്ന പദ്മിനി വീട്ടില്‍ തന്നെ വിശ്രമത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഒന്നര മണിക്കൂര്‍ ഒക്കെ ഇരുന്ന് വരയ്ക്കാന്‍ തുടങ്ങിയതായി പ്രകാശ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരമായി ഇപ്പോഴും ദുര്‍ബലയാണെങ്കിലും മാനസികമായി വളരെയധികം ആവേശത്തിലാണ് താനെന്ന് പദ്മിനിയും പറയുന്നു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വളരെധികം കാലം അധ്യാപികയായിരുന്ന പദ്മിനി പിന്നീട് പ്രധാനാധ്യാപികയായിരുന്നു. പരീക്ഷാ ഭവനിലെ യുനിസെഫിന്റെ കോര്‍ഡിനേറ്റര്‍ പദവിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ചത്. അതിന് ശേഷമായിരുന്നു ചിത്രരചനയെ ഗൗരവമായി കാണാന്‍ ആരംഭിച്ചത്. മുമ്പും എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയാണെന്നതിന്റെ ആവേശം പദ്മിനിയുടെ വാക്കുകളിലും നിറഞ്ഞിരുന്നു.

ശാസ്ത്രീയമായി അഭ്യസിക്കുന്നത് റിട്ടയര്‍മെന്റിന് ശേഷമാണെങ്കിലും കുട്ടിയായിരിക്കുമ്പോള്‍ തന്നെ ചിത്രകലയോട് താല്‍പര്യമുണ്ടായിരുന്നതായി പദ്മിനി വ്യക്തമാക്കി. കോട്ടയം സ്വദേശിയായ ഇവര്‍ക്ക് പിതാവില്‍ നിന്നാണ് അതിനുള്ള പ്രചോദനം ലഭിച്ചത്. പഴയ അറയും നിലയുമുള്ള വീടുകള്‍ക്ക് കൊത്തുപണികള്‍ ചെയ്തിരുന്നു അച്ഛന്‍. സന്ധ്യയ്ക്ക് വീട്ടിലിരുന്നാണ് അതിനുള്ള സ്‌കെച്ചുകള്‍ തയ്യാറാക്കിയിരുന്നത്. കൂടാതെ ചേച്ചിമാരും ചിത്രകലയോട് താല്‍പര്യമുള്ളവരായിരുന്നു. അതെല്ലാം കൊച്ചുനാള്‍ മുതല്‍ കണ്ടാണ് തനിക്കും അതിനോട് താല്‍പര്യമുണ്ടായതെന്നും പദ്മിനി വ്യക്തമാക്കി. എന്നാല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് കീഴിലുള്ള പരിശീലനമാണ് വരയ്ക്കാനാകുമെന്ന ആത്മവിശ്വാസം വളര്‍ത്തിയെടുത്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 1952 മുതല്‍ ചെയ്ത് തുടങ്ങിയ മുത്തിലെ ആര്‍ട്ട് വര്‍ക്കുകളും ഇപ്പോഴത്തെ പ്രദര്‍ശനത്തിലുള്ളതായി പദ്മിനി വ്യക്തമാക്കി. അത്രയും പഴയ വര്‍ക്കുകള്‍ പോലും ഈ പ്രദര്‍ശനത്തിലുണ്ട്. അക്രലിക്, മ്യൂറല്‍, തഞ്ചാവൂര്‍ തുടങ്ങിയ സങ്കേതങ്ങളും കോഫി, തേയില, സാന്‍ഡ്, പേപ്പര്‍, റിബണ്‍, അറക്കപ്പൊടി തുടങ്ങിയ മാധ്യമങ്ങളും കലയില്‍ താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. യാത്രകളാണ് ചിത്രകലയ്ക്ക് അപ്പുറം അമ്മയുടെ താല്‍പര്യങ്ങളെന്ന് പ്രകാശ് കൂട്ടിച്ചേര്‍ത്തു. ബദ്രിനാഥ്, കേദാര്‍നാഥ്, കാശി, കാശ്മീര്‍ തുടങ്ങിയ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇവര്‍ യാത്രകള്‍ നടത്തിയിട്ടുണ്ട്. നേപ്പാള്‍, ടുണീഷ്യ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുള്ള ഇവര്‍ കോവിഡ് തുടങ്ങുന്നതിന് മുമ്പ് വരെയും വര്‍ഷത്തില്‍ രണ്ടോ മൂന്നോ ആഴ്ചകളില്‍ യാത്രകളിലായിരുന്നു. സംഘം ചേര്‍ന്നുള്ള യാത്രകളായിരുന്നു ഇവരുടേതെന്നും പ്രകാശ് അറിയിച്ചു.

'പാര്‍പ്പിടമില്ലാത്ത ഒരു കുട്ടിയെ സഹായിക്കുന്നതിനായാണ് ഇത്. രാത്രിയാകുമ്പോള്‍ ബന്ധുവീട്ടിലാണ് ആ കുട്ടി പോയി കിടക്കുന്നത്. വീടെന്ന് പറയാവുന്നത് ഷീറ്റുകള്‍ കൊണ്ട് കമ്പുകള്‍ കൊണ്ടും നിര്‍മ്മിച്ചിരിക്കുന്ന ഒരു ഷെഡ് വെറുതെ മറച്ചിട്ടേയുള്ളൂ അത്. വലിയ പരിഗണ അര്‍ഹിക്കുന്ന ഒരു കാര്യമായതിനാലാണ് എന്നെക്കൊണ്ട് ആവുന്നത് ചെയ്യാമെന്ന് വച്ചത്.'- അവര്‍ വ്യക്തമാക്കി. എക്‌സിബിഷനിലൂടെ മാത്രം ആവശ്യമായ പണം സ്വരൂപിക്കാനാകില്ലെന്നും സുമനസ്സുകളുടെ സഹായവും അതിന് ആവശ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പദ്മിനിയുടെ ചിത്രങ്ങളും വര്‍ക്കുകളും കാണാനും വാങ്ങാനും http://www.induscyclingembassy.com/event-art-exhibition.htm-l എന്ന സൈറ്റ് സന്ദര്‍ശിക്കാം.


Next Story

Related Stories