കൊറോണ വൈറസ് മഹാമാരിമൂലം മനുഷ്യകുലം വലിയ ദുരിതമാണ് അനുഭവിക്കുന്നതെങ്കിലും പരിസ്ഥിതിയും മറ്റു ജീവജാലങ്ങളും സമീപ ഭൂതകാലത്തോന്നും അനുഭവിക്കാത്ത ആശ്വാസത്തിലാണ്. മനുഷ്യര്‍ പുറത്തിറങ്ങാതാവുകയും വിഷമാലിന്യങ്ങള്‍ പുറന്തള്ളാതിരിക്കുകയും ചെയ്യുന്നത് പ്രകൃതിയില്‍ പലതരത്തിലുള്ള അനുകൂലമായ മാറ്റങ്ങളും സൃഷ്ടിക്കുന്നുണ്ട്. അത് വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് കടലാമകളുടെ എണ്ണത്തിലും ഗുണം ചെയ്യുന്നുവെന്നാണ് ഫ്ലോറിഡയിലെ സമുദ്ര ജീവ ഗവേഷകർ പറയുന്നത്.
രണ്ടാഴ്ചത്തെ വേനൽക്കാല നെസ്റ്റിംഗ് സീസൺ ആരംഭിച്ചതോടെ ജുനോ ബീച്ചില്‍ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ കടലാമയുടെ 76 കൂടുകൾ കണ്ടെത്തി അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് ലോഗർഹെഡ് മറൈൻലൈഫ് സെന്ററിലെ ഗവേഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് അതെത്രയോ കൂടുതലാണെന്നാണ് അവരുടെ സാക്ഷ്യപ്പെടുത്തല്‍.
ലെതർബാക്കുകളുടെി ഒരു ബമ്പർ നെസ്റ്റിംഗ് സീസണിലാണ് ഗവേഷകരുടെ പ്രതീക്ഷ. കൂടാതെ മെയ് അവസാനത്തിന് മുമ്പ് മുട്ടയിടാൻ തുടങ്ങുന്ന വംശനാശത്തിന്റെ വക്കിലുള്ള ലോഗർഹെഡ് ആമകളും തീരത്തേക്ക് അടുത്തേക്കും. 'ഈ പരിതസ്ഥിതിയിൽ നമ്മുടെ ആമകൾ തഴച്ചുവളരുന്നത് ആവേശത്തോടെയാണ് നോക്കി കാണുന്നതെന്ന്' ഗവേഷണ-ഡാറ്റ സീനിയർ മാനേജർ സാറാ ഹിർഷ് പറഞ്ഞു. നമ്മുടെ ലോകം ആകെ മാറി, പക്ഷേ ഈ ആമകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി ചെയ്യുന്ന കാര്യമാണിത്. അതിലാണ് ആശ്വാസം. ലോകം മുന്നോട്ടുതന്നെ ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ഒരു തോന്നല്‍ അതുണ്ടാക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.