പ്രൊഫ. സൊണാഞ്ഞാരിയ മിന്‍സ് ഇപ്പോഴും ആ വാക്കുകള്‍ നല്ലവണ്ണം ഓര്‍മിക്കുന്നുണ്ട്: 'തുംസേ ന ഹോ പായേഗാ' (നിന്നെക്കൊണ്ടു പറ്റില്ല)
റാഞ്ചിയിലെ തന്റെ സ്കൂളിലെ കണക്ക് അധ്യാപകനില്‍ നിന്ന് കേട്ട ആ വാക്കുകളാണ് ഇന്നത്തെ ഝാര്‍ഖണ്ഡിലുള്ള ഗുംല ജില്ലക്കാരിയായ ഒറൗണ്‍ ആദിവാസി വിഭാഗക്കാരിയായ മിന്സിലില് കണക്ക് എന്ന വിഷയത്തില്‍ ഉന്നതപഠനത്തിനുള്ള വാശി നിറച്ചത്.
"ഞാനൊരു ആദിവാസിയായതിനാല് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോകാന്‍ കഴിയുമായിരുന്നില്ല", അവര്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞു. "എന്നാല്‍ റാഞ്ചിയില്‍ കുട്ടികളും അധ്യാപകരുമൊക്കെ കൂടുതലും ആദിവാസികള്‍ തന്നെയായ ഹിന്ദി മീഡിയം സ്കൂളായ സെന്റ് മാര്ഗരറ്റ്സില് എനിക്ക് നന്നായി പഠിക്കാന്‍ പറ്റി"
"ആ അധ്യാപകന് ഒരു ആദിവാസിയായിരുന്നില്ല. കണക്ക് എന്റെ ഇഷ്ടവിഷയമാണെന്നും മുമ്പ് മൂന്നു തവണ ഞാന്‍ നൂറില്‍ നൂറ് മാര്‍ക്കും നേടിയിട്ടുള്ളതാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം എന്നോട് പറഞ്ഞത് ബിരുദത്തിന് കണക്ക് പ്രധാനവിഷയാമായി എടുക്കേണ്ട എന്നാണ്. അതാകട്ടെ, ആ വിഷയം കൂടുതല്‍ നന്നായി പഠിക്കാനുള്ള തീരുമാനമാണ് എന്റെ ഉള്ളില്‍ ഉണ്ടാക്കിയത്", മിന്‍സ് പറയുന്നു.
ഝാര്‍ഖണ്ഡിലെ ധുംക ജില്ലയിലുളള സിദോ കാഞ്ഞു മുര്‍മു സര്‍വകലാശാല (എസ്കെഎംയു) യിലെ പുതിയ വൈസ് ചാന്‍സിലറാണ് മിന്‍സ്. അതായത്, ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്സിലറാകുന്ന ആദ്യത്തെ സ്ത്രീ.
തന്നെ വി.സിയായി നിയമിച്ചിരിക്കുന്നു എന്ന വാര്‍ത്തയറിയുമ്പോള്‍ അവര്‍ റാഞ്ചിയിലെ തന്റെ കുടുംബ വീട്ടില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസിലെ അധ്യാപികയായ മിന്‍സ് ലോക്ഡൗണ്‍ കാരണം റാഞ്ചിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
പക്ഷേ, അതുകൊണ്ട് ഒരു ഗുണമുണ്ടായി. ലോക്ഡൗണ്‍ കാരണം റാഞ്ചിയില്‍ നില്‍ക്കേണ്ടി വന്നതു കൊണ്ടാണ് വി.സി പദവിയിലേക്ക് അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. എസ്.കെ.എം.യുവിലും ഹസാരിബാഗിലെ വിനോബ ഭാവെ യൂണിവേഴ്സിറ്റിയിലുമാണ് വി.സി പദവിക്ക് മിന്‍സ് അപേക്ഷിച്ചത്.
"എന്റെ പിതാവ് പഠിച്ചത് ഹസാരിബാഗിലെ സെന്റ് കൊളംബയിലാണ്. അവിടെ നിന്നാണ് വിനോബ യൂണിവേഴ്സിറ്റി ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ എളുപ്പം അവിടെയായിരുന്നു. എന്നാല്‍ എസ്കെഎംയു പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ വെല്ലുവിളി കൂടുതലാണ്" എന്നും അവര്‍ പറയുന്നു.
റാഞ്ചിയിലെ ഗോസ്നെര് കോളേജിന്റെ സ്ഥാപകനായ ലൂതെറന്‍ ബിഷപ് എമിരേറ്റസ് നിര്‍മല്‍ മിന്‍സിന്റെ മകളാണ് സൊണാഞ്ഞാരിയ. ഒറൗണ്‍ വിഭാഗക്കാര്‍ സംസാരിക്കുന്ന കുടുഖ് പോലുള്ള ആദിവാസി ഭാഷകളിലെ വിദഗ്ധന്‍ കൂടിയാണ് സ്വാതന്ത്ര്യസമര സേനാനികൂടിയായ അദ്ദേഹം.
ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് കണക്കില്‍ ബിരുദപഠനം പൂര്‍ത്തയാക്കിയ ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് എം.എസ്.സിയും പാസായി. തുടര്‍ന്ന് 1986-ലാണ് കമ്പ്യൂട്ടര്‍ സയന്‍സിലുള്ള പഠനത്തിനായി ജെഎന്‍യുവിലെത്തുന്നത്.
"കണക്കില്‍ നിന്ന് ഞാന്‍ കമ്പ്യൂട്ടറിലേക്ക് മാറി. പുതിയൊരു വെല്ലുവിളി. അങ്ങനെ ജെഎന്‍യുവിലെത്തി", അവര്‍ പറയുന്നു.
പഠനശേഷം ഭോപ്പാലിലും മധുരയിലുമുള്ള കോളേജുകളില്‍ പഠിപ്പിച്ച മിന്‍സ് 1992-ല്‍ ജെഎന്‍യുവില്‍ തിരിച്ചെത്തി. എസ്കെഎംയു വൈസ് ചാന്‍സിലറായുള്ള മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞ ശേഷം ജെഎന്‍യുവിലേക്ക് തിരികെ എത്താനാണ് തന്റെ പദ്ധതിയെന്നും അവര്‍ പറയുന്നു. ഒരുകാലത്ത് ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ഡല്‍ഹിയില്‍ പഠിക്കാന്‍ വരുന്ന ഒട്ടുമിക്ക വിദ്യാര്‍ത്ഥികളുടേയും ലോക്കല്‍ ഗാര്ഡിയന് എന്ന് പറഞ്ഞിരുന്നത് മിന്സിനെയായിരുന്നു. പിന്നീട് നിരവധി പേര് ജെഎന്‍യുവില്‍ അടക്കം വന്നു എന്ന് അവര്‍ പറയുന്നു.
മിന്‍സ് ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റായിരുന്ന 2018-19 കാലയളവ് ജെഎന്‍യു വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ സമയം കൂടിയാണ്. സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും നിര്‍ബന്ധിത അറ്റന്‍ഡന്‍സിനും ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുമൊക്കെ എതിരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് അധ്യാപകരും വലിയ പ്രക്ഷോഭങ്ങള്‍ നയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസില്‍ നടത്തിയ അക്രമത്തിനിടയില്‍ ഉണ്ടായ കല്ലേറില്‍ അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളെ ഏതുവിധേനെയും സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു മിന്‍സ്.