"നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഇനി പഠിക്കാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. അങ്ങനെയായിരുന്നു സാഹചര്യങ്ങള്‍. ഇന്നിപ്പോള്‍ ഒരു വലിയ പരീക്ഷ പാസ്സായി. മനസ്സിലുണ്ടായിരുന്ന പേടിയെല്ലാം പോയ പോലെ", സന്തോഷത്തിന്റെ ആധിക്യത്തില്‍ കിതച്ച് കൊണ്ടാണ് രാധിക എന്ന മിടുക്കി സംസാരിച്ചത്. രാവിലെ മുതല്‍ തന്നെ കാണാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, അഭിമുഖങ്ങള്‍, ഇന്‍സ്പിരേഷണല്‍ വീഡിയോ ചെയ്യാനെത്തിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംഘം, അഭിനന്ദനം അറിയിക്കാനെത്തുന്ന അഭിഭാഷകര്‍, നിയമ വിദഗ്ദ്ധര്‍, പൊതുപ്രവര്‍ത്തകര്‍... തിരക്ക് പിടിച്ച ഒരു ദിവസത്തിലൂടെ ഓട്ടത്തിലാണ് രാധിക. ഇന്ത്യയില്‍ ആദ്യമായി എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ ചരിത്ര വിജയം നേടിയ വയനാട്ടുകാരി ഗോത്ര വിദ്യാര്‍ഥിയെ കാണാനാണ് എല്ലാവരും എത്തുന്നത്.
22 നിയമ സര്‍വകലാശാലകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ 1022-ാം റാങ്കുകാരിയാണ് രാധിക. രാജ്യത്ത് തന്നെ ഈ വിഭാഗത്തില്‍ പ്രവേശനം നേടുന്ന ആദ്യ പ്രാക്തന ഗോത്ര വിഭാഗ വിദ്യാര്‍ഥിയാണ് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കെ കെ രാധിക. "ഞാന്‍ നേടിയത് വലിയ വിജയമാണോ എന്നറിയില്ല.. എന്നാല്‍ എനിക്ക്, എന്റെ സമൂഹത്തിന് അത് വലിയ വിജയമാണ്. അമ്മ എപ്പോഴും പറയുമായിരുന്നു, എന്റെ കുട്ടിക്ക് ഒരു ജോലി വേണം എന്ന്. പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഇന്നലെ അമ്മ കരഞ്ഞു. 'എനിക്കിനി ആരെയും പേടിയില്ല. എന്റെ മകള്‍ വക്കീലാവും' എന്ന് അമ്മ അച്ഛനോട് ഇന്നലെ നേരെ നിന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും അഭിമാനവും സന്തോഷവും തോന്നി. കോളനിയിലെ അടുത്തുള്ള പലരും കള്ളുകുടിച്ചിട്ട് വഴക്കുണ്ടാക്കാന്‍ വരും. ഇന്നലെ അമ്മ അവരോടെല്ലാം ഇത് തന്നെ പറഞ്ഞു. അമ്മയുടെ പേടിയെല്ലാം പോയ പോലെ. അതാണ് എനിക്കേറ്റവും സന്തോഷം തോന്നിയത്", രാധിക അഴിമുഖത്തോട് തന്റെ സന്തോഷം പങ്കുവച്ചു.
ഒരു മത്സര പരീക്ഷ എഴുതി വിജയിക്കാനുള്ള സാഹചര്യങ്ങളായിരുന്നില്ല രാധികയുടേത്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളോട് തന്നെക്കൊണ്ടാവും പോലെ പടവെട്ടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. നാലാം ക്ലാസ് വരെ കല്ലൂര്‍ക്കുന്ന് കോളനിയില്‍ നിന്ന് ഒന്നര കിലോമീറ്ററിനപ്പുറമുള്ള വടക്കനാട് എല്‍പി സ്കൂളില്‍ പഠനം. അച്ഛന് കരിയന്‍ കൂലിപ്പണി. എന്നാല്‍ 'മദ്യപാനത്തിനുള്ള പണം തികയില്ല അതില്‍ നിന്നുള്ള വരുമാനം'. അമ്മ ബിന്ദു തൊഴിലുറപ്പ് തൊഴിലാളി. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വേണം അമ്മയും അച്ഛനും രാധികയും രണ്ട് അനുജന്മാരും ഒരു അനിയത്തിയും ഉള്‍പ്പെടുന്ന കുടുംബം കഴിയാന്‍. "പുസ്തകങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇടാന്‍ യൂണിഫോമോ നേരത്തിന് കഴിക്കാന്‍ ഭക്ഷണമോ ഉണ്ടായിരുന്നില്ല. രാവിലെ നടന്ന് സ്കൂളിലെത്തും. വൈകിട്ട് വീണ്ടും നടപ്പ്. പക്ഷെ സ്കൂളില്‍ എല്ലാത്തിലും ഫസ്റ്റ് ഞാനായിരുന്നു" നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠനം നിന്ന് പോവും എന്ന അവസ്ഥയായിരുന്നു. "വീട്ടില്‍ അമ്മയ്ക്കോ അച്ഛനോ പഠനത്തെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. നമുക്ക് വേണമെങ്കില്‍ പഠിക്കാം, ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു. പഠിച്ചാലും പഠിച്ചില്ലെങ്കിലും പ്രശ്നമില്ല എന്നായിരുന്നു. അവര്‍ക്ക് അതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്". പക്ഷെ രാധികയ്ക്ക് പഠിക്കാനായിരുന്നു ഇഷ്ടം. ഇതറിഞ്ഞ് അമ്മയുടെ ഒരു ബന്ധുവാണ് വേലിയമ്പ ഹൈസ്കൂളില്‍ ചേര്‍ക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് പഠനം. പഠനത്തില്‍ താത്പര്യമുണ്ടായിരുന്നു എങ്കിലും അത്രത്തോളം ഗൗരവമുള്ള പഠനമായിരുന്നില്ല പത്താം ക്ലാസ് വരെയെന്ന് രാധിക പറയുന്നു. "പ്ലസ്ടു വരെ ഒക്കെ ആയപ്പോള്‍ അമ്മയ്ക്കെല്ലാം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അറിവും ഉണ്ടായി. പത്താം ക്ലാസ് പാസ്സായപ്പോള്‍ പഠനം തുടരാന്‍ തീരുമാനിച്ചു. തൊഴിലുറപ്പിലൂടെ മാത്രമാണ് വരുമാനം. എന്നാലും അമ്മ ഒരുപാട് കൂടെ നിന്നു. അമ്മയുടെ സഹായവും പിന്തുണയും വളരെ വലുതായിരുന്നു. പഠനത്തിനും വസ്ത്രത്തിനും എല്ലാത്തിനും അമ്മയുടെ വരുമാനത്തില്‍ നിന്നായിരുന്നു".
പ്ലസ്ടുവിന് നൂല്‍പ്പുഴ കല്ലൂര്‍ രാജീവ് ഗാന്ധി ആശ്രാമം സ്കൂളില്‍ ചേര്‍ന്നു. ഹ്യുമാനിറ്റീസിലായിരുന്നു പഠനം. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സ്കൂളാണ് കല്ലൂര്‍ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍. ഈ വര്‍ഷം 77 ശതമാനം മാര്‍ക്ക് വാങ്ങിയാണ് രാധിക പ്ലസ്ടു വിജയിച്ചത്. സ്കൂളില്‍ പഠന സമയത്ത് എകണോമിക്സ് അധ്യാപകനായ അഖിലേഷിന്റെ പ്രോത്സാഹനമാണ് തനിക്ക് പ്രവേശന പരീക്ഷയെഴുതാന്‍ ധൈര്യം പകര്‍ന്നതെന്ന് രാധിക പറയുന്നു. "പ്ലസ്ടുവിന് പഠിച്ച സ്കൂളിലെ എല്ലാ അധ്യാപകരും നല്ല പ്രോത്സാഹനമായിരുന്നു. അഖിലേഷ് സാര്‍ പ്രത്യേകിച്ചും. വീട്ടിലാണെങ്കില്‍ പോലും ഫോണില്‍ ഇടക്കിടെ വിളിച്ച് പഠന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 'പഠിക്കണം, നീ നന്നായി പഠിക്കണം' എന്ന് ഇടക്കിടെ പറഞ്ഞ് എനിക്ക് ആത്മവിശ്വാസം തരും. ഒരു ദിവസം സ്കൂളില്‍ വച്ച് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ താത്പര്യമുള്ള കുട്ടികള്‍ പേരെഴുതാന്‍ പറഞ്ഞു. സാറിന്റെ നോട്ട്ബുക്കില്‍ ഞങ്ങള്‍ ഒമ്പത് കുട്ടികള്‍ പേരെഴുതി. പിന്നെ ഞങ്ങള്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്കി". ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടേയും പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നല്കിയ പരിശീലന ക്ലാസ്സില്‍ പങ്കെടുത്തതാണ് തന്നെ വിജയത്തിലേക്കെത്തിച്ചതെന്ന് രാധിക പറയുന്നു. പ്രവേശന പരീക്ഷയ്ക്കുള്ള പഠന സഹായികളടക്കം ചില അധ്യാപകരും അഭിഭാഷകരും നല്കി.
എന്നാല്‍ വീട്ടിലെ ദുരിത ജീവിതം പഠനം പ്രതിസന്ധിയിലാക്കി. "ഒരു കൊച്ചു വീടാണ്. മഴ പെയ്താല്‍ അതിനുള്ളില്‍ കിടന്നുറങ്ങാന്‍ കൂടി കഴിയില്ല. മുഴുവന്‍ ചോര്‍ന്ന് വീട്ടിനുള്ളിലെ എല്ലാം നനയും. കറണ്ടില്ല. ഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ പോലും അടുത്ത വീടുകളെ ആശ്രയിക്കണം. അച്ഛന്റെ മദ്യപാനം അതിലും ഉപദ്രവമായിരുന്നു. കള്ളുകുടിച്ച് വന്ന് അമ്മയെ ഉപദ്രവിക്കും. വീട്ടില്‍ നിന്ന് പഠിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ അവസാനം ഇടയ്ക്ക് അമ്മയുടെ ചേച്ചിയുടെ വീട്ടില്‍ പോയി നിന്നാണ് പഠിച്ചത്". കോഴിക്കോട് വച്ചായിരുന്നു പ്രവേശന പരീക്ഷ. പരീക്ഷയെഴുതി കഴിഞ്ഞപ്പോള്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചെറിയ ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ പരീക്ഷാ ഫലം വന്നപ്പോള്‍ ഇതുവരെ കഷ്ടപ്പെട്ടതിനെല്ലാമുള്ള ഫലം കിട്ടി എന്ന് രാധിക പറയുന്നു.
രാധികയുടെ തുടര്‍ന്നുള്ള പഠന ചെലവ് ഐടിഡിപി വഴിയാണ്. ഏത് സര്‍വകലാശാലയിലാണ് പ്രവേശനം ലഭിക്കുക എന്നത് സംബന്ധിച്ച് തീരുമാനം വന്നിട്ടില്ല. കൊച്ചിയിലോ ബാംഗ്ലൂരോ ആവാനാണ് സാധ്യത എന്നാണ് രാധികയ്ക്ക് അറിയാന്‍ കഴിഞ്ഞത്. പഠനത്തിന് പോവും മുമ്പ് രാധികയ്ക്ക് മുന്നില്‍ മറ്റൊരു വലിയ 'ടാസ്ക്' ഉണ്ട്. പഠനത്തില്‍ താത്പര്യം ഇല്ല എന്ന് പറഞ്ഞ് എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ അനുജത്തിയെ പഠിക്കാനയയ്ക്കണം. ആറാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന അനുജന്മാര് ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. കോവിഡ് കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ് അവര്‍. "എന്റെ പരീക്ഷാ ഫലം വന്നപ്പോള്‍ അവള് അവളുടെ കൂട്ടുകാരികളെ വിളിച്ച് പറഞ്ഞു, എന്റെ ചേച്ചി വക്കീലാവും എന്ന്. എനിക്ക് മാത്രം മതിയോ ആ ചൂട്, നിനക്ക് വേണ്ടേ എന്ന് ഞാനവളോട് ചോദിച്ചു. ഞാന്‍ പഠിച്ച് വലുതാവുമ്പോള്‍ അവള് പഠനം നിര്‍ത്തി ഇരിക്കുന്നത് എനിക്കും അവള്‍ക്കും എല്ലാം മോശമല്ലേ. അവളെ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കി സ്കൂളിലയയ്ക്കണം, പഠിപ്പിക്കണം". നിയമ പഠനം പൂര്‍ത്തിയാക്കിയ ശേഷം തന്റെ സമുദായത്തില്‍ ഉള്‍പ്പെടെയുള്ള പാവങ്ങള്‍ക്ക് നിയമ സഹായം ചെയ്യണമെന്നാണ് രാധികയുടെ ആഗ്രഹം. "ഞങ്ങളുടെ കമ്മ്യൂണിറ്റിക്കുള്പ്പെടെ നീതി നഷ്ടപ്പെടുന്ന ലോകത്ത് നീതിക്ക് വേണ്ടി നില്‍ക്കണം" രാധിക പറഞ്ഞ് നിര്‍ത്തി.