ദാരിദ്ര്യം മൂലം നാലാം ക്ലാസില്‍ പഠിപ്പു നിര്‍ത്തേണ്ടി വന്നപ്പോള്‍ രംഗസ്വാമി ഒരിക്കലും വിചാരിച്ചു കാണില്ല 23 വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്ക് ഡോക്ടറേറ്റ് നേടാനാകുമെന്ന്. രംഗസ്വാമി നേടിയ ഡോക്ടറേറ്റിനു പിന്നില്‍ എഴുതിയുണ്ടാക്കിയ തീസിസുകള്‍ മാത്രമായിരുന്നില്ല. തടസങ്ങള്‍ക്കു മുന്നില്‍ തളരാതെ, ആത്മവിശ്വാസത്തോടെ നിന്ന ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള പ്രതീക്ഷ കൂടി ഉണ്ടായിരുന്നു. ഈ ഡോക്ടറേറ്റിലൂടെ അട്ടപ്പാടിയില്‍ നിന്നും ഹിന്ദിയില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ വ്യക്തികൂടിയായിരിക്കുകയാണ് രംഗസ്വാമി.
രംഗസ്വാമിയുടെ കുട്ടിക്കാല ഓര്‍മകളിലെല്ലാം പട്ടിണിയും വിശപ്പുമാണുള്ളത്. കൂലിപ്പണിക്കാരായിരുന്ന അച്ഛനും അമ്മയ്ക്കും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുക പ്രയാസമായതോടെ നാലാംക്ലാസില്‍ വെച്ച് രംഗസ്വാമിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് മാമന്റെയും അമ്മായിയുടെയും കൂടെ താമസമാക്കിയതിനു ശേഷമാണ് പഠനം പുനരാരംഭിക്കുന്നത്. പഠനം ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ സങ്കടം തോന്നിയിരുന്നു. വീട്ടില്‍ ദാരിദ്ര്യമായിരുന്നു. അതുകൊണ്ട് തന്നെ പേന, പുസ്തകം, വസ്ത്രങ്ങള്‍ എന്നിവയൊന്നും എനിക്ക് കിട്ടില്ലായിരുന്നു. രാമസ്വാമി പറഞ്ഞു.
മാമന്റെ മക്കളായ രാമന്കുട്ടിയുടെയും രാമചന്ദ്രന്റെയും സഹോദരിമാരുടെയും സഹായത്തോടെയാണ് നാലാം ക്ലാസ്സില്‍ ചേരുന്നത്. എന്റെ ഉയര്‍ച്ചയ്ക്ക് കാരണം ചെറിയേട്ടനായ രാമന്‍കുട്ടിയാണ്. കൂടാതെ സഹോദരിമാരും എന്റെ പഠനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കി തന്നിട്ടുണ്ട്. രംഗസ്വാമി തുടര്‍ന്നു.
സ്കൂള്‍ പഠനം പൂര്ത്തിയിക്കിയ ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ ബിരുദത്തിന് ചേര്‍ന്നു. ഇംഗ്ലീഷിനോടായിരുന്നു താല്പര്യം. എന്നാല്‍ വിക്ടോറിയയില്‍ ഹിന്ദിക്ക് സീറ്റ് ലഭിച്ചപ്പോള്‍ അതു തന്നെ പഠിക്കാമെന്നുറപ്പിച്ചു. പ്ലസ്ടുവിന് രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചിരുന്നു. അന്ന് മുതല്‍ ഹിന്ദിയോട് താല്പര്യമുണ്ടയിരുന്നെങ്കിലും ഡിഗ്രിക്ക് ഇംഗ്ലീഷ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഹിന്ദിയില്‍ ഷുവര്‍ സീറ്റ് ലഭിച്ചതുകൊണ്ട് അതില്‍ തന്നെ തുടരാം എന്നുറപ്പിച്ചു. ഹിന്ദി എടുത്തു പഠിച്ചിട്ട് കാര്യമില്ല എന്ന് അന്ന് ഒരു പാടുപേര് എന്നോട് പറഞ്ഞിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഡോക്ടറേറ്റ്. രംഗസ്വാമി അഭിമാനത്തോടെ പറഞ്ഞു
വിക്ടോറിയയിലെ പഠനത്തിനൊപ്പം രംഗസ്വാമി ജോലിയും ചെയ്തിരുന്നു. ക്ലാസ്സ് കഴിഞ്ഞ് വൈകിട്ട് 5 മണി മുതല്‍ രാത്രി 9 വരെ സ്റ്റേഷനറി കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കുന്നതായിരുന്നു പണി. അതുവഴിയാണ് പഠനത്തിനും മറ്റുമുള്ള പണമുണ്ടാക്കിയത്. ബിരുദ പഠനത്തിനു ശേഷം 2010 കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഹിന്ദിയില്‍ തന്നെ ബിരുദാനന്തര ബിരുദവും ചെയ്തു. 2012 ല്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും എം.ഫിലും 2013 ല്‍ യു ജി സി നെറ്റും കരസ്ഥമാക്കി.
2015 ലായിരുന്നു നവീനയുമായി രംഗസ്വാമിയുടെ വിവാഹം. വിവാഹ ശേഷമുള്ള പഠനങ്ങള്‍ക്ക് ഭാര്യയും, ഭാര്യയുടെ വീട്ടുകാരുമെല്ലാം വലിയ പിന്തുണയും സഹായവുമാണ് നല്‍കിയതെന്ന് രംഗസ്വാമി പറയുന്നു. 2020 ജനുവരി 15 ന് ഡോക്ടറേറ്റ് നേടി. കാപ്പിറ്റലിസം, കൊളോണിയലിസം, നിയോ കൊളോണിയലിസം, മാര്‍ക്കറ്റൈസേഷന്‍, ആഗോളവല്‍ക്കരണം എന്നിവയെല്ലാം എങ്ങനെയാണ് സാധാരണ ജനങ്ങളെ ബാധിക്കുന്നത് എന്നതായിരുന്നു രംഗസ്വാമിയുടെ പിഎച്ച്ഡി വിഷയം. ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഇത്രയും പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന അട്ടപ്പാടിയില്‍ നിന്നും ഇതുവരെ ഹിന്ദി സാഹിത്യത്തില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടില്ല. എന്നെ പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. രംഗസ്വാമി പറഞ്ഞു.
നിലവില്‍ രാജീവ് ഗാന്ധി ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അട്ടപ്പാടിയിലെ ഹിന്ദി വിഭാഗം ഗസ്റ്റ് അധ്യാപകനാണ് രംഗസ്വാമി. തന്നെ പോലെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് രംഗസ്വാമിയുടെ ഇപ്പോഴത്തെ ആഗ്രഹം. എന്റെ ഡോക്ടറേറ്റ് തന്നെ പലര്‍ക്കും തുടര്‍ന്നു പഠിക്കുവാനുള്ള പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കുന്നു. ഞാനിപ്പോഴും ഒരു സ്ഥിര ജോലിക്കാരനായിട്ടില്ല. അതായി കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇത്തരത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. രംഗസ്വാമി പറഞ്ഞു.