മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഏറെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. ഈ അടുത്താണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും, ലൈസന്‍സ് എടുക്കുന്നതിനും അവിടെ അനുവാദം ലഭിച്ചത്. ഇപ്പോഴിതാ സൗദിയില്‍ ഒരു വനിത കാര്‍ റേസര്‍ ഉണ്ടായിരിക്കുന്നു. റീമ ജുഫാലിയാണ് സൗദിയിലെ ആദ്യ വനിത കാര്‍ റേസര്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. സൗദി, സ്ത്രീകള്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള അനുവാദം നല്‍കിയതിനു പിന്നാലെ ഒക്ടോബറില്‍ ലൈസന്‍സ് എടുത്ത് റീമ മത്സരിക്കാനിറങ്ങി. 2018 ഒക്ടോബറില്‍ അബുദാബിയിലെ റാസ് മറീന സര്‍ക്യൂട്ടിലായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് മികച്ച പ്രകടനങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ജാഗ്വാര്‍ ഐ പെയ്സ് ഇ ട്രോഫി സീരീസില്‍ ദിര്‍ഇയ ഇ പ്രിയില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. ഇന്ത്യയിലെ എം.ആര്.എഫ് ചലഞ്ചിലും പങ്കെടുത്തിട്ടുണ്ട്. ജിദ്ദയില്‍ ജനിച്ചുവളര്‍ന്ന റീമ വിദേശത്താണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അന്ന് വാഹനങ്ങളോടു തോന്നിയ താല്പര്യമാണ് റീമയെ റേസിങ്ങിലേക്കെത്തിച്ചത്. ഇന്ന് നിരവധി സ്ത്രീകള്‍ക്ക് മാതൃകയാണ് ഈ 27 കാരി. വാഹനങ്ങളോടും, റേസിങ്ങിനോടും താല്പര്യമുള്ള നിരവധി സ്ത്രീകള്‍ ഉണ്ടെന്നും അവര്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്നുമാണ് റീമയ്ക്ക് പറയാനുള്ളത്.
റീമ ജുഫാലി; കാര്‍ റൈസിങ്ങിലെ ആദ്യ സൗദി വനിത

Next Story