TopTop
Begin typing your search above and press return to search.

സവിത നമ്പ്രത്ത് കാസി, ശബ്ദ രൂപകൽപന കൊണ്ട് ബോളിവുഡ് കീഴടക്കിയ പട്ടാമ്പിക്കാരി

സവിത നമ്പ്രത്ത്  കാസി, ശബ്ദ രൂപകൽപന കൊണ്ട് ബോളിവുഡ് കീഴടക്കിയ പട്ടാമ്പിക്കാരി

ഭാഷയറിയില്ല, പ്രൊഫഷണലായി സൗണ്ട് ഡിസൈനിങ് പഠിച്ചിട്ടില്ല, തന്റെ ജോലിയെ കൂടെയുള്ളവര്‍ ഗൗരവത്തോടെ കാണിന്നുമില്ല. 2008-2009 കാലഘട്ടത്തില്‍ സവിത നമ്പ്രത്ത് കാസി എന്ന പെണ്‍കുട്ടിയുടെ അവസ്ഥ ഇങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ അറിയപ്പെടുന്ന സൗണ്ട് ഡിസൈനറാണ് സവിത. ദംഗല്‍ ചിച്ചോരേ, ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈനിങ് ചെയ്തിരിക്കുന്നത് പാലക്കാട്ടെ പട്ടാമ്പിയില്‍ ജനിച്ചു വളര്‍ന്ന സവിതയാണ്. പട്ടാമ്പിയില്‍ നിന്നും ബോളിവുഡിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് സവിത സംസാരിക്കുന്നു.

പട്ടാമ്പിയില്‍ നിന്നും മുംബൈയിലേക്ക്

പട്ടാമ്പിയിലാണ് വീട്. പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആയിരുന്നു പഠനം. തുടര്‍ന്ന് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ ജിയോഗ്രഫിയില്‍ ബിരുദമെടുത്തു. പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം. അതു കഴിഞ്ഞ് പിഎച്ച്ഡിയ്ക്കായി മുംബൈയിലേക്ക് എന്നാല്‍ പിഎച്ച്ഡി വിചാരിച്ചത് പോലെ നടന്നില്ല. അതോടെ പിഎച്ച്ഡി ഉപേക്ഷിച്ചു. നമുക്ക് തൃപ്തി തരുന്നില്ലെങ്കില്‍ ആ കാര്യം ചെയ്തിട്ട് കാര്യമില്ല എന്നു വിചാരിക്കുന്ന ഒരാളാണ് ഞാന്‍. വീട്ടുകാര്‍ ഫ്രീയായിരുന്നു. എന്റെ കാര്യങ്ങള്‍ എനിക്കു തന്നെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതാണ് വഴിത്തിരിവായത്.

സൗണ്ട് ഡിസൈനിങ് എന്ന പരിചയമില്ലാത്ത മേഖല

പിഎച്ച്ഡി വഴിയില്‍ ഉപേക്ഷിച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചുവരാന്‍ തോന്നിയില്ല. എനിക്ക് ക്രിയേറ്റീവായിട്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ സിനിമയില്‍ എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ കുറച്ച് സുഹൃത്തുക്കള്‍ വഴിയാണ് സൗണ്ട് ഡിസൈനിങ്ങിന്റെ മേഖലയിലേക്ക് വരുന്നത്. ഒരു സുഹൃത്ത് എനിക്ക് സൗണ്ട് ഡിസൈിങ്ങിന്റെ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു തന്നു. അങ്ങനെ ഞാന്‍ അതുവഴി ചെയ്തു പഠിക്കുകയായിരുന്നു. ഇന്റെര്‍നെറ്റില്‍ നോക്കും, പിന്നെ സംശയം തോന്നിയാല്‍ ആരോടെങ്കിലും ചോദിക്കും. അങ്ങനെയാണ് സൗണ്ട് ഡിസൈനിങ് പഠിക്കുന്നത്.

യൂട്യൂബില്‍ നിന്നും വീഡിയോസ് എടുത്ത് അതിന്റെ ഓഡിയോ കട്ട് ചെയ്തു കളയും എന്നിട്ട് ഞാന്‍ സൗണ്ട് ഡിസൈന്‍ ചെയ്യും. അങ്ങനെ ഓഡിയോ ചെയ്തു ചെയ്താണ് പഠിച്ചത്. ഒരിക്കല്‍ ഞാന്‍ യൂട്യൂബില്‍ നിന്നും എടുത്ത് ഓഡിയോ ചെയ്ത വീഡിയോ സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്തിന് ഇഷ്ടമായി. അദ്ദേഹം പിന്നെ മറ്റൊരു സുഹൃത്തിനോട് വീഡിയോയെ കുറിച്ച് പറയുകയും അദ്ദേഹം വഴി സിനിമ കിട്ടുകയുമായിരുന്നു. ആ സിനിമയ്ക്ക് ബഡ്ജറ്റ് കുറവായതിനാലാണ് എനിക്ക് കിട്ടുന്നത്. രാജ് ഗുപ്ത എന്ന സംവിധായകന്റെ ചിത്രമായിരുന്നു അത്. കാശിശ് ഇന്റെര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ആ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് അവസരങ്ങള്‍ വന്നു തുടങ്ങിയത്.

ആദ്യ സിനിമ

ഷോര്‍ട്ട് ഫിലിമുകളും ഡോക്യൂമെന്റെറികളുമെല്ലാം ചെയ്തപ്പോള്‍ തന്നെ എനിക്ക് ഒരു ഫീച്ചര്‍ ഫിലിം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ബര്‍ഫി സിനിമയിലേക്കെത്തുന്നത്. ഷാജിദേ ഗൊയ്ലയായിരുന്നു അതിന്റെ സൗണ്ട് ഡിസൈനര്‍. എനിക്ക് ഒരു റീല്‍ ചെയ്യാന്‍ തരുമോ എന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. അദ്ദേഹം എന്റെ ഷോര്‍ട്ട്ഫിലിം മുന്‍പ് കണ്ടിരുന്നതിനാല്‍ തന്നെ എന്നോട് ചെയ്തോളാന്‍ പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്തു. പ്രിയങ്ക ചോപ്രയും, റംബീര്‍ കപൂറും അഭിനയിച്ച ബര്‍ഫിയാണ് എന്റെ ആദ്യത്തെ സിനിമ.

'സൗണ്ട് ഡിസൈനര്‍' ആയ ആദ്യ സിനിമ

ബര്‍ഫിക്ക് ശേഷം ദംഗല്‍, ഹൈദര്‍, തല്‍വാര്‍ അങ്ങനെ കുറച്ചു പടങ്ങളൊക്കെ ചെയ്തു. അതിനു ശേഷം ആബ എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ആ ഷോര്‍ട്ട് ഫിലിമിന് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. അതൊരു തരത്തില്‍ ആത്മവിശ്വാസം തരുന്നതായിരുന്നു. പിന്നീട് ആ സംവിധായകന്‍ മറ്റൊരു പടം ചെയ്തപ്പോഴാണ് എനിക്ക് സൗണ്ട് ഡിസൈനറായി ക്രെഡിറ്റ് തരുന്നത്. സ്ത്രീ എന്നാണ് ആ സിനിമയുടെ പേര്. എന്റെ ആദ്യത്തെ സൗണ്ട് ഡിസൈനറായിട്ടുള്ള സിനിമയാണത്. അതായത് ക്രെഡിറ്റ് ലഭിക്കുന്ന ആദ്യ സിനിമ. പിന്നീട് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്, ചിച്ചോരേ എന്നിങ്ങനെയുള്ള സിനിമകളെല്ലാം ചെയ്തു. കോഫ് എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അത് പിന്നീട് അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ത്ത് ഒരു ഫീച്ചര്‍ ഫിലിമാക്കിയിരുന്നു. അതിന്റെ സൗണ്ട് ഡിസൈനിങ്ങിന് അഭിനന്ദനങ്ങളെല്ലാം ലഭിക്കുകയുണ്ടായി.

സൗണ്ട് ഡിസൈനിങിലെ പെണ്‍ സാന്നിധ്യം

സ്ത്രീകള്‍ വളരെ കുറവുള്ള ഒരു മേഖലയയാണ് സൗണ്ട് ഡിസൈനിങ്. ഞാന്‍ അതിനെ പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഈ മേഖലയില്‍ എത്തിപ്പെട്ടപ്പോള്‍ എനിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായി. എന്താണെന്നുവെച്ചാല്‍ നമ്മളെ ആളുകള്‍ സീരിയസായി എടുക്കില്ല. പെണ്‍കുട്ടി ആയ.ത് കൊണ്ടാണോ, അതോ ഇനി സൗണ്ട് ഡിസൈനിങ്ങില്‍ ഒരു പശ്ചാത്തലം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. എന്തായാലും സീരിയസ് ആയി എടുക്കാത്ത ഒരു പ്രശ്നം ഞാന്‍ നേരിട്ടിട്ടുണ്ട്. പിന്നെ പിന്നെ അതെല്ലാം കുറഞ്ഞു. കൂടുതല്‍ വര്‍ക് ചെയ്തപ്പോള്‍, വര്‍ക് നമുക്കുവേണ്ടി സംസാരിക്കാന്‍ തുടങ്ങി. എനിക്കു തോന്നുന്നു നമ്മള്‍ സീരിയസായി നമ്മുടെ ജോലി ചെയ്താല്‍ പിന്നെ ആര്‍ക്കും വിശദീകരണം നല്‍കേണ്ടി വരില്ല. നമ്മള്‍ ചെയ്ത വര്‍ക്കുകള്‍ വിശദീകരണമായിക്കോളും. മറ്റൊരു കാര്യം നല്ല നിര്‍മ്മാണ കമ്പനികള്‍ക്കൊപ്പവും, സംവിധായകര്‍ക്കെപ്പവും എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞു. അതുകൊണ്ടൊക്കെ തന്നെ പതിയെ പതിയെ ബുദ്ധിമുട്ടുകള്‍ മാറി തുടങ്ങി. ബുദ്ധിമുട്ട് മാത്രമല്ല. ഒരു സ്ത്രീയായത് കൊണ്ട് ഒരുപാട് ബഹുമാനം തരുന്നവരും ഉണ്ട്. അമീര്‍ഖാന്‍, വിശാല്‍ ബരധ്വാജ്, മജീദ് മജീദി ഇവരെല്ലാം എനിക്ക് വളരെ കൂടുതല്‍ ബഹുമാനം തരുന്നവരാണ്.

മലയാളച്ചുവയുള്ള ഇംഗ്ലീഷും ഹിന്ദിയും

മുംബൈയിലെത്തിയപ്പോള്‍ ആശയവിനിമയം വലിയൊരു ചലഞ്ച് ആയിരുന്നു. ഞാന്‍ നാട്ടിലെ ഒരു മലയാളം മീഡിയം സ്‌കൂളിലാണ് പഠിച്ചത്. ഹിന്ദിയും ഇംഗ്ലീഷുമൊന്നും അധികം കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. ഞാന്‍ പലപ്പോഴും ഭാഷപഠിക്കാനായി ശ്രമിക്കുമായിരുന്നു. ആളുകളോട് സംസാരിക്കും. കൂടെയുള്ളവരെല്ലാം എന്റെ സംസാരം കേട്ട് കളിയാക്കി ചിരിക്കും. പിന്നീട് ഞാന്‍ സംസാരം കുറക്കുകയും, പഠിച്ചേ പറ്റൂ എന്നുള്ള തീരുമാനം എടുക്കുകയും ചെയ്തു. സിനിമ കാണാന്‍ ഇഷ്ടമായത് കൊണ്ട് തന്നെ ഭാഷ പഠിക്കുന്നതിനായി ഇംഗ്ലീഷ് ഹിന്ദി സിനിമകള്‍ കാണാന്‍ ആരംഭിച്ചു. ദിവസവും ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. അങ്ങനെ ഭാഷ അത്യാവശ്യം പഠിച്ചെടുത്തു. പിന്നെ ചില സുഹൃത്തുക്കളുടെ പ്രോത്സാഹനവുമുണ്ടായിരുന്നു. അങ്ങനെ ഭാഷ ഒരു വിധം പഠിച്ചെടുത്തെങ്കിലും ഹിന്ദിയായാലും ഇംഗ്ലീഷായാലും ഇപ്പോഴും എനിക്ക് നല്ല മലയാള ചുവ ഉണ്ട്. അത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിക്കുന്നവരുണ്ട്. പിന്നെ ആശയവിനിമയം എന്നാല്‍ കേള്‍ക്കുന്നയാള്‍ക്ക് അത് മനസിലായാല്‍ മതിയല്ലോ.

സൗണ്ട് ഡിസൈനിങ് എന്താണെന്ന് അറിയാത്തവര്‍

ഈ ഒരു മേഖലയിലേക്ക് വരുന്നതിന് മുന്‍പ് സൗണ്ട് ഡിസൈനിങ് എന്താണെന്നോ, സൗണ്ട് ഡിസൈന്‍ ചെയ്യുന്നവര്‍ എന്താണ് ചെയ്യുന്നതെന്നോ എനിക്കറിയില്ലായിരുന്നു. അതുപോലെ തന്നെ ഇപ്പോഴും ഒരുപാട് പേര്‍ക്ക് ഇതെന്താണ് എന്നുള്ളതിനെപറ്റി കൃത്യമായൊരു ധാരണയില്ലെന്നു തോന്നുന്നു. പിന്നെ സാധാരണക്കാരെ പറഞ്ഞിട്ടും കാര്യമില്ല, ഞാന്‍ ഈ അടുത്തൊരു അവാര്‍ഡ് ഷോയില്‍ പങ്കെടുത്തിരുന്നു, പശ്ചാത്തല സംഗീതത്തിനും, സൗണ്ട് ഡിസൈനിങ്ങിനും ഒന്നിച്ചാണ് അവിടെ അവാര്‍ഡ് കൊടുത്തു കണ്ടത്. അവാര്‍ഡ് കമ്മിറ്റിക്കു പോലും സൗണ്ട് ഡിസൈനിങും പശ്ചാത്തല സംഗീതവും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു.

ശബ്ദം പ്രേക്ഷകരിലേക്ക്

ഞാന്‍ കാഴ്ചയില്ലാത്തവര്‍ക്കായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ബ്ലൈന്‍ഡ് ഡേറ്റ് എന്ന പേരില്‍ ശബ്ദത്തിലൂടെ കഥപറയുന്ന ഷോര്‍ട്ട് ഫിലിം. ജനിച്ചപ്പോള്‍ മുതല്‍ കണ്ണുകാണാത്ത ഒരാളിലൂടെ ലോകത്തെ നോക്കിക്കാണുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. അതിന് ധാരാളം അഭിനന്ദനം ലഭിക്കുകയും ചെയ്തു. എന്റെ കാഴ്ചയില്ലാത്തൊരു സുഹൃത്തിന് ഞാന്‍ അത് പരിചയപ്പെടുത്തിയിരുന്നു. അവര്‍ക്കത് ഇഷ്ടമാവുകയും ചെയ്തു.

ചിത്രങ്ങള്‍ക്ക് റിവ്യൂ എഴുതുന്നവരെല്ലാം സൗണ്ട് ഡിസൈനിങിനെക്കുറിച്ച് പറയാറുണ്ട്. അതെല്ലാം സന്തോഷങ്ങളാണ്. പിന്നെ നമ്മള്‍ ഒരു സൗണ്ട് ചെയ്ത് കാണുന്നവര്‍ക്ക് അത് ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിയുന്നതാണ് സന്തോഷം. ഹൊറര്‍ സിനിമയാണെങ്കില്‍ തിയറ്ററിലിരുന്ന് ആളുകള്‍ സൗണ്ട് കേട്ടു പേടിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ വര്‍ക് നല്ലതായത് കൊണ്ടാണല്ലോ.

എഴുതാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. നമ്മളിപ്പോള്‍ ഒരു കഥയെഴുതുകയാണെങ്കില്‍ ആ വൈകാരികത കൊണ്ടുവരാന്‍ ചില പശ്ചാത്തല എഴുത്തുകളെല്ലാം നടത്തില്ലേ. അതുപോലെ തന്നെ ഒരു സീനിനു വേണ്ടിയുള്ള വൈകാരികത നല്‍കുന്നതായിരിക്കും ശബ്ദവും. ഞാന്‍ എനിക്കുണ്ടാകുന്ന അനുഭവം കൂടി ചേര്‍ത്താണ് ഓരോ സീനിനും സൗണ്ട് ഡിസൈന്‍ ചെയ്യാറുള്ളത്.

Next Story

Related Stories