നല്ലകാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രീയം ഒരു തടസമാവില്ല. അതു തെളിയിച്ചിരിക്കുകയാണ് മലപ്പുറത്തെ എസ്എഫ്ഐ, കെഎസ്യു വിദ്യാര്‍ത്ഥി സംഘടനകള്‍. കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുതല്‍ ടിവിയോ, ഫോണോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതെത്തിച്ചുകൊടുക്കാന്‍ പല വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളും മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് പഠനസൗകര്യമൊരുക്കാന്‍ മലപ്പുറത്ത് എസ്എഫ്ഐയും കെഎസ്യുവും ഒന്നിച്ചിരിക്കുകയാണ്.
ജൂണ്‍ 18-ന് മലപ്പുറം കെഎസ്യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിട്ടു, ഒരു പാവപ്പെട്ട വീട്ടിലേക്ക് ടി.വി വേണം. ആ സ്റ്റാറ്റസിന് മറപടി നല്‍കിയത് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീറായിരുന്നു. ആ കുട്ടിക്ക് ടിവി നല്കാന് എസ്എഫ്ഐ തയ്യാറാണെന്ന് സക്കീര്‍ അറിയിച്ചു. വളരെ സന്തോഷത്തോടെ തന്നെ ഹാരിസ് സമ്മതവും പറഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം ഇരുസംഘടനകളുടെയും പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിക്ക് ടിവി കൈമാറി. ടിവി കുട്ടിക്കു കൈമാറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചില്ല. പകരം എല്ലാ സുരക്ഷ മാനദണ്ഡങ്ങളോടെയും ഇരു സംഘടന പ്രവര്‍ത്തകരും ഒന്നിച്ചു നില്ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.
"ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ട് നാടിന് ഒരു പ്രശ്നം വരുമ്പോള്‍ ഒറ്റക്കെട്ടായി തന്നെ അതിനെ നേരിടണം. ഇത്തരം ഘട്ടങ്ങളില്‍ കൈകോര്‍ക്കണം എന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കണ്ടത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് പരിമിതികള്‍ ഉണ്ട് എന്നത് വസ്തുതയാണ്. ആ പരിമിതികള്‍ മറികടക്കാന്‍ സര്‍ക്കാരും വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആ ശ്രമങ്ങള്‍ക്ക് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒറ്റക്കെട്ടായി രംഗത്തു വന്നിട്ടും ഉണ്ട്", എസ്എഫ്ഐയും കെഎസ്യുവും ഒന്നിച്ചു പ്രവര്‍ത്തിച്ചതിനെക്കുറിച്ച് എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍ പ്രതികരിച്ചതിങ്ങനെ.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന വേളയില്‍ രാഷ്ട്രീയ ഭേദമന്യേ സമരം ചെയ്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണിച്ചു തന്ന മാതൃകയാണ് തങ്ങള്‍ പിന്തുടര്ന്നത് എന്നും, ഇനിയും നാടിനൊരാവശ്യം വരുമ്പോള്‍ തങ്ങള്‍ ഒന്നിക്കുമെന്നും സക്കീര്‍ പറയുന്നു. "പൗരത്വ ഭേദഗതി നിയമം കേന്ദ്ര ഗവണ്മെന്റ് കൊണ്ടു വന്നപ്പോള്‍ രാജ്യത്തിനു തന്നെ മാതൃകയാവുകയാണ് കേരളം ചെയ്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ വേദിയിലിരുന്നാണ് തിരുവനന്തപുരത്ത് സമരം നടത്തിയത്. അത്തരം മാതൃകയാണ് ഞങ്ങള്‍ തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്", സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
'എന്റെ സ്റ്റാറ്റസ് കണ്ട് ആദ്യം വിളിച്ചത് സക്കീറാണ്. ഞങ്ങള്‍ ടിവി തരാം, സ്വീകരിക്കുമോ എന്നു ചോദിച്ചു. നമ്മുടെ ആവശ്യം ആ കുട്ടി പഠിക്കുക എന്നതാണ്. അതു കൊണ്ട് ഞങ്ങള്‍ക്കും അത് സന്തോമാണ്. പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം തന്നെ ജനങ്ങളുടെ ക്ഷേമമാണ്. ഈ ഒരു സാഹചര്യത്തില്‍ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കുക തന്നെയാണ് വേണ്ടത്. പല സ്ഥലങ്ങളിലും ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും ഒരുമിച്ച് ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഇതെല്ലാം നല്ലൊരു രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്'. കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ പറയുന്നു.
ഇതിനു മുന്‍പും ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത്തരം മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരിക്കല്‍ കൊല്ലത്ത് കെ എസ് യു പ്രവര്ത്തകന് ചികിത്സ സഹായം ആവശ്യമായി വന്നപ്പോള്‍ എസ്എഫ്ഐ സഹായവുമായി രംഗത്തെത്തിയിരുന്നു. അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. പലപ്പോഴും പൊതുവായ വിഷയങ്ങളില്‍ കെഎസ്യുവും എസ്എഫഐയും യോജിച്ചു സമരങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇവരുടെ ഈ പ്രവര്‍ത്തിക്ക് നല്ല പ്രതികരണങ്ങളാണ് പൊതു ഇടങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നു.