TopTop

പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധത്തിന് പുല്ലും ആയുധം, പുല്ലുകൊണ്ടുള്ള സ്‌ട്രോയുമായി മലയാളി വിദ്യാര്‍ത്ഥി

പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധത്തിന് പുല്ലും ആയുധം, പുല്ലുകൊണ്ടുള്ള സ്‌ട്രോയുമായി മലയാളി വിദ്യാര്‍ത്ഥി

പുല്ലിന്‍തണ്ടുപയോഗച്ച് ജ്യൂസുകുടിച്ചാല്‍ എങ്ങനെയിരിക്കും. വൈകാതെ തന്നെ മലയാളികള്‍ക്ക് പുല്ലിന്‍തണ്ടുകൊണ്ടുള്ള സ്ട്രോയിലൂടെ പാനീയങ്ങള്‍ കുടിക്കാനുള്ള അവസരം ലഭിച്ചേക്കും. പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരം പുല്ലുകൊണ്ടുള്ള പുതിയ സ്ട്രോ ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഷിജോ ജോയി എന്ന മലയാളി വിദ്യാര്‍ത്ഥി. മഹാത്മഗാന്ധി സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷിജോ. സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതില്‍ പ്ലാസ്റ്റിക് സ്‌ട്രോയും ഉള്‍പ്പെടും. ഈ ഒരു സാഹചര്യത്തില്‍ ഷിജോയുടെ കണ്ടുപിടിത്തത്തിന് പ്രാധാന്യമേറുന്നു.

പ്ലാസ്റ്റിക് കൊണ്ട് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെക്കുറിച്ചുള്ള കൃത്യമായ അവബോധമുള്ളതു കൊണ്ടാണ് ഈ ഒരാശയം ഷിജോ നടപ്പിലാക്കുന്നത്. പ്രകൃതിയില്‍ പ്ലാസ്റ്റിക്കുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം നമുക്കറിയാം. സ്ട്രോ മാത്രമാണ് അതിന് കാരണം എന്നൊന്നും ഞാന്‍ പറയില്ല, എന്നാല്‍ മലിനീകരണത്തിന് സ്ട്രോയും ഒരു കാരണം തന്നെയാണ്. നമ്മള്‍ എവിടെ വെള്ളം കുടിച്ചാലും സ്ട്രോ അവിടെ കളഞ്ഞിട്ടു പോരുകയാണ് പതിവ്. അതു കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. കടല്‍ ജീവികളുടെ ശരീരത്തില്‍ നിന്നും പ്ലാസ്റ്റിക് കിട്ടുന്നതൊക്കെ നമ്മള്‍ കാണുന്നുണ്ട്. എല്ലാ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ഒഴിവാക്കുക സാധ്യമല്ല. അപ്പൊ സ്ട്രോ എങ്കിലും ഒഴിവാക്കാന്‍ പറ്റുമോ എന്നാലോചിച്ചു. അങ്ങനെയാണ് ഈ ഒരു ആശയത്തിലേക്കെത്തുന്നത്. ഷിജോ അഴിമുഖത്തോട് പറഞ്ഞു.

കേരളത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്ന പോത എന്ന പുല്ലില്‍ നിന്നാണ് ഷിജോ സ്ട്രോ നിര്‍മിച്ചിരിക്കുന്നത്. സ്ട്രോയ്ക്കായി പുല്ലിന്റെ തണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ സാധാരണമായി വഴിയരികിലും മറ്റും കണ്ടുവരുന്ന പുല്ലാണ് പോത. പശുവിനും മറ്റും ഇതിന്റെ മുകള്‍ ഭാഗം വെട്ടിക്കൊടുക്കും. തണ്ട് കത്തിച്ചുകളയുകാണ് പതിവ്. വെറുതെ കളയാതെ അത് സ്ട്രോയായി ഉപയോഗിക്കാം എന്നു കരുതി. ഷിജോ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഈ ഉല്‍പന്നത്തിന് പേറ്റന്റ് ലഭിക്കാത്തതിനാല്‍ തന്നെ അതിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഷിജോയ്ക്ക് കഴിയില്ല. എങ്കിലും മൂന്നര മാസത്തോളം ഈ പുല്ല് കേടുവരാതിരിക്കും എന്നാണ് ഷിജോ പറയുന്നത്. കുടുംബശ്രീ വഴി വലിയരീതിയില്‍ സ്ട്രോ ഉല്‍പാദിപ്പിക്കാന്‍ ആലോചിക്കുന്നതായും ഷിജോ പറയുന്നു. സ്വയം തൊഴില്‍ പോലെ ചേച്ചിമാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉല്‍പാദനത്തെക്കുറിച്ച് ആലോചിക്കുന്നത്. ഷിജോ പറഞ്ഞു.

പേറ്റന്റിനുവേണ്ടിയും, സ്ട്രോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനു വേണ്ടിയുമുള്ള ശ്രമത്തിലുമാണ് ഷിജോ ഇപ്പോള്‍. സാധാരണ പ്ലാസ്റ്റിക് സ്ട്രോയുടെ വിലയെക്കാള്‍ വളരെ തുച്ഛമായ വിലയെ വര്‍ദ്ധിക്കൂ എന്നാണ് ഷിജോ അവകാശപ്പെടുന്നത്. 100 പ്ലാസ്റ്റിക് സ്ട്രോയ്ക്ക് 50 രൂപയാണെങ്കില്‍ ഇതിന് 60 രൂപ. അത്രയെ പൈസ കൂടുകയുള്ളൂ. ഷിജോ പറയുന്നു. മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ ഇന്റെര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് നടന്ന സമയത്താണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. വിദേശത്തു നിന്നും വന്ന അതിഥികള്‍ക്ക് പാനീയം നല്‍കിയപ്പോള്‍ പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരം ഇത് ഒപ്പം നല്‍കി. നിലവില്‍ ഇതിന് പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് ഷിജോയും അധ്യാപകനായ സൈലസും.

എറണാകുളം ജില്ലയിലെ തുപ്പന്‍പടി സ്വദേശിയാണ് ഷിജോ. ഡിബി കോളേജ് തലയോലപ്പറമ്പില്‍ ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷമാണ് ഷിജോ മഹാത്മഗാന്ധി സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് പ്രവേശിക്കുന്നത്.
Next Story

Related Stories