'എല്‍എല്‍ബി എന്റെ സ്വപ്നമാണ്. ഈ പഠനം എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്'. കഴിഞ്ഞ ദിവസം എല്‍എല്‍ബി പഠനത്തിനായി സര്‍ക്കാര്‍ സഹായം ലഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള നിയമ വിദ്യാര്‍ത്ഥി ദില്‍ഷ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. കേരളത്തിലെ ആദ്യത്തെ ട്രാന്സ്ജെന്റെര് നിയമ വിദ്യാര്‍ത്ഥിയാണ് ദില്‍ഷ. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കണം എന്നുണ്ടെങ്കില്‍ പലപ്പോഴും നിയമവും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് നില്‍ക്കണം. ഭരണഘടനയില്‍ ഞങ്ങളുടെ അവകാശത്തെക്കുറിച്ചും പറയുന്നുണ്ട്. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കണം എന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ എവിടെയെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കില്‍ ഞങ്ങള്‍ തന്നെ നിയമത്തെ പ്രതിനിധീകരിച്ച് അവിടെ വേണം'. എല്‍എല്‍ബി സ്വപ്നം മാത്രമല്ല ദില്‍ഷയ്ക്ക് അത് ജീവിതം തന്നെയാണ്.
പാലക്കാട് നെഹ്റു അക്കാഡമി ഓഫ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയായ ദില്‍ഷയുടെ പഠനം പ്രതിസന്ധി ഘട്ടത്തിലായ സമയത്താണ് സര്‍ക്കാര്‍ ഇടപെടുന്നതും പഠനം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ 2,42,595 രൂപ അനുവദിക്കുന്നതും നേരത്തെ സ്കോളര്‍ഷിപ്പായി അനുവദിച്ച 20,000 രൂപ കൂടാതെയാണ് ഇപ്പോള്‍ 2,22,595 രൂപ കൂടി അനുവദിച്ചിരിക്കുന്നത്. 'എനിക്ക് ശൈലജ ടീച്ചറെ നേരിട്ടു കണ്ട് നന്ദി പറയണമെന്നുണ്ട്. ഈ സാഹചര്യത്തില്‍ അത് നടക്കില്ല. എന്തായാലും പോയിക്കണ്ടു തന്നെ നന്ദി അറിയിക്കും'. ദില്‍ഷ പറയുന്നു.
കൊല്ലം സ്വദേശിയാണ് ദില്‍ഷ. പ്ലസ് വണ്‍ കാലഘട്ടത്തിലാണ് തന്റെ ഐഡന്റിറ്റിയെ പറ്റി ദില്‍ഷയ്ക്ക് കൂടുതല്‍ ബോധ്യങ്ങളുണ്ടാവുന്നത്. എന്നാല്‍ അത് പുറത്തു പറയാനോ പ്രകടിപ്പിക്കാനോ പറ്റിയൊരു സാഹചര്യം ഉണ്ടായിരുന്നില്ല. അമ്മയും അനിയത്തിയും മാത്രമടങ്ങുന്ന കുടുംബത്തിലെ ഒരു കുട്ടി എന്ന നിലയ്ക്കും മറ്റും പല പ്രതിസന്ധികളും ദില്‍ഷയെ അലട്ടിയിരുന്നു. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പഠനം എപ്പോഴും ദില്‍ഷ കൂടെ കൊണ്ടു നടന്നിരുന്നു. 'ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ടായപ്പോഴെല്ലാം ഞാന്‍ തളര്‍ന്നു പോകാതെ പഠനത്തെ കൂടെ കൂട്ടുകയായിരുന്നു. വിദ്യാഭ്യാസമുണ്ടെങ്കിലെ എനിക്കിവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് എനിക്കറിയാമായിരുന്നു'. ദില്‍ഷ പറഞ്ഞു.
ഏതറ്റം വരെയും പോയി പഠിക്കാന്‍ ദില്‍ഷ തയ്യാറാണ്. ഡിഗ്രിയ്ക്ക് മലയാളം എടുത്ത് കോളേജില്‍ ചേരുമ്പോഴും പഠനം മാത്രമായിരുന്നു ദില്‍ഷയുടെ ലക്ഷ്യം. ഡിഗ്രി കഴിഞ്ഞ് പിജിയ്ക്കും അഡ്മിഷന് ലഭിച്ചു. എന്നാല്‍ രണ്ട് സെമസ്റ്റര്‍ കഴിഞ്ഞപ്പോഴേക്കും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 'എനിക്ക് മറ്റു കൂട്ടികളുടെ കൂടെ ഇടപഴകാന്‍ കഴിയില്ല എന്നൊരു അവസ്ഥ വന്നു. ഐഡന്റിറ്റി പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ ഉള്ളില്‍ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു നടന്നിരുന്നത്. ആരുടെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള സപ്പോര്‍ട്ടും ഉണ്ടായിട്ടില്ല. വേറെ ഒരു വഴിയും കാണാത്തത് കൊണ്ടാണ് അത്രയും പ്രിയപ്പെട്ട പഠനം ഞാന്‍ ഉപേക്ഷിച്ചത്'. ദില്‍ഷ പറയുന്നു. പിന്നീട് ദില്‍ഷ പിജി പഠനം പൂര്‍ത്തീകരിച്ചു.
കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ജീവിതത്തിലുടനീളം ദില്‍ഷയോടൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിനും ദില്‍ഷയെ തളര്‍ത്താനായില്ല. 'വീട്ടില്‍ നിന്നെല്ലാം കളിയാക്കലുകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാന്‍ വീട്ടിലെ ജോലി ചെയ്യുമ്പോഴായാലും മുറ്റം തൂക്കുമ്പോഴായാലും നാട്ടുകാരടക്കം കളിയാക്കിയിട്ടെ ഉള്ളൂ. ചാന്ത്പൊട്ട് സിനിമ ഇറങ്ങിയപ്പോഴെല്ലാം ആ പേരിലാണ് വിളിച്ചുകൊണ്ടിരുന്നത്. എന്തുകൊണ്ട് ആണുങ്ങളെ പോല പെരുമാറുന്നില്ല എന്ന ചോദ്യം എനിക്ക് എപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തോറ്റുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല'. ആത്മവിശ്വാസം നിറഞ്ഞതായിരുന്നു ദില്‍ഷയുടെ ഓരോ വാക്കുകളും.
നിയമം പഠിക്കണം എന്ന സ്വപ്നം എപ്പോഴും ദില്‍ഷയോടൊപ്പം ഉണ്ടായിരുന്നു. 'ഒരു പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ നമ്മളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് അറിഞ്ഞും അനുഭവിച്ചും നിന്നിട്ടുള്ളതാണ്. നിയമം അറിയുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍ അത്തരം വിഷയങ്ങളിലെല്ലാം ഇടപെടാന്‍ സാധിക്കും'. നിയമ പഠനം സ്വപ്നമായതിന്റെ കാരണം ദില്‍ഷ പറയുന്നതിങ്ങനെ.
2018 ല്‍ എല്‍എല്‍ബി എന്‍ട്രന്‍സ് എഴുതുകയും റാങ്ക് വാങ്ങുകയും ചെയ്തയാളാണ് ദില്‍ഷ. എന്നാല്‍ ഓപ്ഷ്ന് കൊടുക്കേണ്ട തിയതി കഴിഞ്ഞതിന് ശേഷമാണ് ഇക്കാര്യം ദില്‍ഷ അറിയുന്നത്. സ്പോട്ട് അഡ്മിഷനെടുക്കാനും കഴിഞ്ഞില്ല. പിന്നീട് എന്തെങ്കിലും വഴിയുണ്ടാകുമോ എന്നറിയാനായാണ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറെ കാണാന്‍ ചെല്ലുന്നത്. പ്രൊഫഷണല്‍ കോഴ്സിനും രണ്ട് സീറ്റ് വേണം എന്നു പറഞ്ഞുകൊണ്ട് സ്പെഷല്‍ ഓര്‍ഡര്‍ ഇറക്കാമെന്നും ശൈലജ ടീച്ചര്‍ ഉറപ്പു നല്കി. പഠനം പൂര്‍ത്തീകരിക്കണമെന്നും ടീച്ചര്‍ പറഞ്ഞു. ആ ഓര്‍ഡര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ അടുത്തെത്തി എങ്കിലും നടപ്പാക്കപ്പെട്ടില്ല. ഈ അക്കാദമിക് വര്‍ഷത്തില്‍ പ്രവേശനമില്ല എന്നാണ് അവസാനമായി ദില്‍ഷ അറിഞ്ഞത്. ഇക്കാലയളവില്‍ തിരുവന്തപുരത്തു പ്രവര്‍ത്തിക്കുന്ന ക്യൂറിഥം എന്ന സംഘടനയാണ് ദില്‍ഷയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്.
'എന്തായാലും പഠിക്കണം. റാങ്കൊക്കെ ഉള്ളതല്ലേ സ്പെഷല്‍ ഓര്‍ഡര്‍ ഇറക്കാം' എന്ന ശൈലജ ടീച്ചറുടെ വാക്കുകള്‍ എനിക്ക് ആശ്വാസമായി. പക്ഷെ അത് നടന്നില്ല. രണ്ട് വര്‍ഷം എന്നു പറയുന്നത് എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇത് നേടിയെ അടങ്ങൂ എന്ന വാശി എന്റെ ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പിന്നീട് മറ്റൊരു കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിക്കുന്നത്'. ദില്‍ഷ പറഞ്ഞു. 2019 ലാണ് ദില്‍ഷ പാലക്കാട് നെഹ്റു അക്കാഡമി ഓഫ് ലോ കോളേജില്‍ ചേരുന്നത്. ഇപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
ഇതിനിടയില്‍ ദില്‍ഷ ഹോര്‍മോണ്‍ ട്രീറ്റ്മെന്റുകള്‍ എടുത്തിരുന്നു എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ' ട്രീറ്റ്മെന്റിനായി ഗവണ്മെന്റില് നിന്നും പണം ലഭിക്കും, എന്നാല്‍ അത് ട്രീറ്റ്മെന്റ് കഴിഞ്ഞതിന് ശേഷമായിരിക്കും ലഭിക്കുക. തല്ക്കാലം അത്രയും പണം ഇല്ലാത്തത് കൊണ്ട് ട്രീറ്റ്മെന്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വന്തം നിലയില്‍ നില്ക്കാന് തുടങ്ങിയതിന് ശേഷം വീണ്ടും ട്രീറ്റ്മെന്റെടുക്കാം എന്നു കരുതുന്നു'. ദില്‍ഷ പറയുന്നു.
'പലപ്പോഴും കഴിവുണ്ടെങ്കിലും അര്‍ഹതയുണ്ടെങ്കിലും ആഗ്രഹിച്ചതൊന്നും കിട്ടിയെന്നു വരില്ല. എന്നാല്‍ തളര്‍ന്നിരിക്കരുത്. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും തരത്തില്‍ പ്രചോദനമാകുമെങ്കില്‍ അത് തന്നെ വലിയ സന്തോഷം. നമ്മളൊക്കെ ജീവിക്കുന്നത് തന്നെ മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ വേണ്ടിയിട്ടാണ്'. ചിരിച്ചുകൊണ്ട് ദില്‍ഷ പറഞ്ഞു നിര്‍ത്തി.