TopTop
Begin typing your search above and press return to search.

'എന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്, രക്തം വേണോ'; സാമൂഹിക മാധ്യമങ്ങളില്‍ താരമായി പത്തു വയസുകാരി

എന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്, രക്തം വേണോ; സാമൂഹിക മാധ്യമങ്ങളില്‍ താരമായി പത്തു വയസുകാരി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായപ്പോള്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ ഓടിയെത്തിയ ഒരുപാട് മനുഷ്യരെ നമ്മള്‍ കണ്ടു. അതേ സമയത്ത് മലപ്പുറത്തെ വളാഞ്ചേരിയില്‍ നിന്നും ഒരു കൊച്ചുമിടുക്കി രക്തം നല്‍കാന്‍ ബന്ധപ്പെടേണ്ട നമ്പറുകളിലേക്ക് തിരക്കിട്ട് വിളിക്കുകയായിരുന്നു. ഉമ്മയുടെ ഫോണിലെ സ്റ്റാറ്റസില്‍ കണ്ട കോഴിക്കോട്ടെ ഒരു നമ്പറിലേക്ക്. 'എന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്, രക്തം വേണോ' എന്നാണ് ചോദ്യം. ഒപ്പം തന്നെ 'എനിക്ക് 10 വയസ്സായിട്ടെ ഉള്ളൂ കൂട്ടികളുടെ രക്തം എടുക്കുമോ' എന്ന സംശയവും ഉന്നയിച്ചു. 'രക്തം കൊടുക്കാന്‍ 18 വയസാകണം മോളെ...എന്താ പറയാ... ഒരുപാട് സ്‌നേഹം' എന്നായിരുന്നു മറുപടി.

വെങ്ങാട് ടിആര്‍കെ എയുപി സ്‌കൂളിലെ ആറാംക്ലാസുകാരിയായ ഫാത്തിമ ഷെറിനാണ് രക്തം നല്‍കാന്‍ തയ്യാറായ ആ കൊച്ചു മിടുക്കി. രക്തം കൊടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ടെങ്കിലും 18 വയസ്സാവുമ്പോള്‍ കൊടുക്കാന്‍ കഴിയും എന്ന സന്തോഷത്തിലാണ് ഫാത്തിമ ഷെറിനിപ്പോള്‍. 'താത്താടെ കൂട്ടുകാരത്ത്യോള്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഉമ്മാടെ ഫോണീന്നാണ് കണ്ടത്. അപകടം പറ്റിയതില്‍ ചെറിയ കുട്ടികളൊക്കെ ഉണ്ടെന്നറിഞ്ഞപ്പോ എനിക്ക് വെഷമായി. അപ്പോ ഞാന്‍ കൊടുക്കാ കരുതി. പക്ഷെ 10 വയസുള്ളൊര്‍ക്ക് പറ്റില്ല പറഞ്ഞു വിളിച്ചപ്പോ. അപ്പൊ വെഷമായി. സാരല്ല...18 ആവുമ്പൊ കൊടുക്കാലോ'. ഫാത്തിമ ഷെറിന്‍ പറഞ്ഞു.

എന്നാല്‍ ഫാത്തിമ വിളിച്ചകാര്യമൊന്നും ഉമ്മയ്ക്കും ഉപ്പയ്ക്കും അറിയില്ലായിരുന്നു. ഉപ്പ ഫോണ്‍ വീട്ടില്‍ വെച്ച് പുറത്തുപോയ സമയത്താണ് ഫാത്തിമ ഫോണ്‍ എടുക്കുന്നതും വിളിക്കുന്നതും. രാവിലെ ഉണ്ടായ സംഭവം ഉച്ഛയ്ക്കാണ് ഉമ്മയേയും ഉപ്പയേയും അറിയിക്കുന്നത്. 'ഉമ്മേം ഉപ്പേം ഒന്നും അറയാണ്ടാണ് വിളിച്ചത്. താത്തക്ക് മാത്രം അറിയാര്‍ന്നു'. ഫാത്തിമ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷണമാണിപ്പോള്‍. മോള്‍ക്കങ്ങനെ തോന്നിയല്ലോ. മോളുടെ പ്രവൃത്തിയിലെ സന്തോഷം ഉമ്മ ഹസീന കെപി പങ്കുവെച്ചു.

'ഇതറിഞ്ഞിട്ട് ടീച്ചര്‍മാരും, എംഎല്‍എയും പഞ്ചായത്തിലെ ആള്‍ക്കാരുമൊക്കെ വിളിച്ചു'. എല്ലാവരും തന്നെ വിളിച്ച് അഭിനന്ദിച്ചതിന്റെ സന്തോഷത്തില്‍ കൂടിയാണ് ഇപ്പോള്‍ ഫാത്തിമ ഷെറിന്‍. 'വളരെ സ്വാഭാവികമായി ഒരു കുട്ടിക്കങ്ങനെ തോന്നുക എന്നു പറയുമ്പോള്‍ വലിയ കാര്യമല്ലേ അത്. ഈ ഒരുമനസാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് കിട്ടേണ്ടത്. ഒന്നും പഠിച്ചില്ലെങ്കിലും കുഴപ്പമില്ല. ഈ മനുഷ്യത്വം തന്നെയാണ് വിദ്യാഭ്യാസം കൊണ്ട് ഉണ്ടാകേണ്ടത്. എനിക്ക് വലിയ അഭിമാനം തോന്നി.'വെങ്ങാട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുഭാഷ് ടികെ പറയുന്നു.

ഫാത്തിമ ഷെറിനെ പോലുള്ള കുട്ടികള്‍ വലിയ മാതൃകയാണ്, ഒപ്പം തന്നെ പ്രതീക്ഷയും. ഇനി വരുന്നകാലത്തും ഇവിടെ മാനവിക ഉയര്‍ത്തിപ്പിടിക്കാന്‍, അന്യനെ സഹായിക്കാന്‍ ഫാത്തിമയെ പോലുള്ളവര്‍ ആവശ്യമാണ്. ഈ ദുരന്തമുഖത്തും കേരളത്തിന് ആശ്വാസമാകുന്നത് ഇത്തരം ചെറിയ എന്നാല്‍ വലിയ മനസുകളാണ്.



Next Story

Related Stories