TopTop
Begin typing your search above and press return to search.

POSITIVE STORY | മയക്കുമരുന്നു കേസില്‍ ശിക്ഷ 25 വര്‍ഷം, പത്ത് വര്‍ഷം കഴിഞ്ഞു; തുറന്ന ജയിലില്‍ ലിസി റോസക്കുട്ടി ഇപ്പോള്‍ എഴുത്തിന്റെ തടവിലാണ്

POSITIVE STORY | മയക്കുമരുന്നു കേസില്‍ ശിക്ഷ 25 വര്‍ഷം, പത്ത് വര്‍ഷം കഴിഞ്ഞു; തുറന്ന ജയിലില്‍ ലിസി റോസക്കുട്ടി  ഇപ്പോള്‍ എഴുത്തിന്റെ തടവിലാണ്


പകലിനോട് സൂര്യന്‍ പറഞ്ഞു, "ഞാന്‍ പോകുകയാണ്. നാളെ ഞാന്‍ വരുമ്പോള്‍ നീയെത്രത്തോളം സന്തോഷവതിയായിരിക്കുമെന്ന് എനിക്കറിയില്ല. കാരണം എനിക്ക് പകരക്കാരനായി വരുന്നവന്‍ നിന്നെ ക്രൂരമായി വേദനിപ്പിച്ചേക്കാം. അവന്റെ മറവില്‍ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കും സാക്ഷിയാകേണ്ടവരല്ലേ നമ്മള്‍. എങ്കിലും നിനക്ക് അവനോടാണല്ലോ കൂടുതല്‍ പ്രണയം. നിന്റെ കാത്തിരിപ്പും അവനുവേണ്ടിയല്ലേ."

ഇതെല്ലാം കേട്ട പകല്‍ സൂര്യന്റെ കാതില്‍ മെല്ലെ മൊഴിഞ്ഞു. "എന്റെ പ്രിയനേ നീയും എനിക്ക് വേണ്ടപ്പെട്ടതു തന്നെ, എന്റെ സങ്കടങ്ങളില്‍ പങ്കുചേര്‍ന്ന് നീ മരണത്തിന്റെ കടലാഴങ്ങളിലേക്ക് എന്നെ തനിച്ചാക്കി ഉഴിയിട്ടു പോയ് മറയുമ്പോള്‍ ഞാനൊന്ന് തേങ്ങിക്കരഞ്ഞു. തലചായ്ക്കാന്‍ മാത്രമാണ് പ്രിയനേ നിന്റെ പകരക്കാരനെ പ്രണയിക്കുന്നത്."

ഇതു കേട്ട സൂര്യന്‍ ഒരു നെടുവീര്‍പ്പോടെ കടലിന്റെ ആഴങ്ങളിലേയ്ക്ക് കൂപ്പുകുത്തി.


ഇത് എഴുതിയത് ലിസി റോസക്കുട്ടി എന്ന ലിസി പി ജോര്‍ജ്ജ്. പക്ഷെ ലിസി പറയുന്നത് തനിക്ക് ലിസി റോസക്കുട്ടി എന്ന പേരില്‍ അറിയപ്പെടാനാണ് ഇഷ്ടമെന്നാണ്. അവരുടെ അമ്മയുടെ പേരാണ് റോസക്കുട്ടി.
ഒരു മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ലിസി. എന്നാല്‍ അത് മാത്രമല്ല, തടവ് മുറിയില്‍ ഇരുന്നു എഴുതിയ കഥകള്‍ സ്വാതന്ത്ര്യത്തിന്റെ പുറംലോകം കാണുന്നത് കാത്തിരിക്കുന്ന എഴുത്തുകാരി കൂടിയാണവര്‍.
അഴിമുഖത്തിന് വേണ്ടി വിളിക്കുമ്പോള്‍ തിരുവനന്തപുരത്തെ തുറന്ന വനിതാ ജയിലില്‍ നിന്നും പരോള്‍ ലഭിച്ച് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ചുള്ളിയോട് എന്ന സ്ഥലത്തെ വീട്ടിലാണ് അവരിപ്പോള്‍ ഉള്ളത്.
തുടക്കത്തില്‍ തന്നെ എഴുത്തിനെ കുറിച്ചാണ് ചോദിച്ചത്. വലിയ ആവേശത്തോടെയായിരുന്നു ലിസിയുടെ മറുപടി.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ലിസി എഴുതുന്ന കഥകളാണ് ഇപ്പോള്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്. അക്കാലത്ത് തനിക്ക് ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലിസി പറയുന്നു. "ജയിലില്‍ കിടന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിച്ചു. ഒരുപക്ഷെ ജയിലില്‍ ആയിരുന്നില്ലെങ്കില്‍ ഞാന്‍ വീണ്ടും എഴുതില്ലായിരുന്നു. ജയിലില്‍ മൊട്ടിട്ട കഥകള്‍ എന്ന പേരില്‍ ജയിലിലെ എഴുത്തുകാരുടെ ഒരു കഥാസമാഹാരം ഇറങ്ങിയിരുന്നു. അതില്‍ ഒന്നാം സ്ഥാനം എന്റെ കഥയ്ക്ക് ആയിരുന്നു. പ്രാന്ത് എന്നായിരുന്നു ആ കഥയുടെ പേര്. ഏത് കഥ എഴുതിയാലും ഞങ്ങള്‍ക്ക് തരണമെന്ന് പൂര്‍ണ്ണ അതോടെയാണ് തന്നോട് ആവശ്യപ്പെട്ടത്."
"ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി കഥ എഴുതുന്നുണ്ട്. ലാല്‍സലാം എന്ന മോഹന്‍ലാലിന്റെ പരിപാടിയില്‍ ഞാന്‍ പങ്കടുത്തിരുന്നു. സുബിന്‍ മാനന്തവാടി എന്ന ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ അഭിമുഖം ചെയ്യാനായി ജയിലില്‍ വന്നിരുന്നു,. അതിലൂടെയാണ് മോഹന്‍ലാല്‍ എന്നെക്കുറിച്ച് അറിയുന്നത്." ലിസി പറഞ്ഞു.
താന്‍ എങ്ങനെ മയക്കുമരുന്ന് കേസില്‍ പെട്ടു എന്നു ലിസി വിശദീകരിക്കുന്നു; "കഞ്ചാവും കള്ളും എന്താണെന്ന് അറിയാമായിരുന്നു. പക്ഷെ മയക്കുമരുന്ന് തിരിച്ചറിയാന്‍ ആയില്ല. എന്നോട് പറഞ്ഞിരുന്നത് കോഴിക്ക് കൊടുക്കാനുള്ള ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ആണെന്നാണ്. നാട്ടില്‍ തന്നെയുള്ള എനിക്ക് മുമ്പേ അറിയാമായിരുന്ന ഷാജഹാന്‍ എന്നയാളാണ് തന്ന് വിട്ടത്. അനിയത്തിക്ക് തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ അയാളോട് കുറച്ച് കാശ് കടം ചോദിച്ചു. കോയമ്പത്തൂര്‍ പോയി കുറച്ച് തുണി കൊണ്ടുതരണം എന്ന ജോലിയാണ് അയാള്‍ എന്നെ ഏല്‍പ്പിച്ചത്. പിന്നീട് പല തവണ അയാള്‍ ഒരു ബിഗ്‌ഷോപ്പറില്‍ തന്ന് വിടുന്ന കോഴിക്കുള്ള മരുന്ന് ഞാന്‍ എറണാകുളത്ത് എത്തിച്ചു. പക്ഷെ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ഒരു ആശുപത്രിക്ക് അടുത്തു നിന്നും എന്നെ പോലീസ് പിടിച്ചു. ഈ വാര്‍ത്ത ചാനലുകളിലൂടെയാണ് എന്റെ അമ്മ അറിഞ്ഞത്. അന്ന് തളര്‍ന്ന് വീണതാണ് അമ്മ. പതിനൊന്ന് വര്‍ഷത്തിന് ഇപ്പുറവും അമ്മ എഴുന്നേറ്റിട്ടില്ല.
"
- ലിസി പറഞ്ഞു. എസ്റ്റേറ്റിലെ ജോലിയായിരുന്നു ലിസിയുടെ അമ്മ റോസക്കുട്ടിക്ക്.
ലിസിയുടെ ഭര്‍ത്താവ് ഒരു കടുത്ത മദ്യപാനിയായിരുന്നു എങ്കിലും നല്ല സ്‌നേഹമുള്ള മനുഷ്യന്‍ എന്നാണ് ലിസി തന്നെ പറയുന്നത്.
"മ
ദ്യപിച്ചാല്‍ ഉപദ്രവിക്കും. ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇഷ്ടപ്പെട്ട് തന്നെ കെട്ടിയതാണ്. അമ്മായിയമ്മ നന്നായി ഉപദ്രവിക്കുമായിരുന്നു. അതിന് ശേഷമാണ് എനിക്കെതിരെ കേസ് ഉണ്ടായത്. മദ്യപാനം ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കികളയും. കെട്ടിയവന്‍ ജീവിച്ചിരുന്നെങ്കില്‍ എനിക്ക് ഇതുപോലെ ജയിലില്‍ കിടക്കേണ്ട അവസ്ഥ വരില്ലായിരുന്നു. ജീവിതത്തില്‍ തിരിച്ചറിവ് ഇല്ലാതിരുന്ന കാലത്താണ് അതൊക്കെ സംഭവിച്ചത്. മയക്കുമരുന്നാണ് ഞാന്‍ കൊണ്ടുനടക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ആ വഴിക്ക് ഞാന്‍ പോകുകയേ ഇല്ലായിരുന്നു. അച്ഛന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. എനിക്ക് മക്കള്‍ ഇല്ല, അനിയത്തിയുടെ മകന്റെ മകളെ എന്റെ അമ്മച്ചിയാണ് വളര്‍ത്തുന്നത്. അവന്റെ ഭാര്യ ഉപേക്ഷിച്ച് പോയതാണ്. അമ്മച്ചിക്ക് തീരെ വയ്യ, അമ്മച്ചിക്ക് കൂട്ടായി മോള് വന്നതാണ്. ഇപ്പോള്‍ ഞാനാണ് അവളെയും നോക്കുന്നത്. ആ കുഞ്ഞിനെയും അമ്മയെയും നോക്കാന്‍ എനിക്ക് ജയിലില്‍ നിന്നും പുറത്തിങ്ങിയേ മതിയാകൂ."

മുമ്പും പിടിയിലായെങ്കിലും പെട്ടെന്ന് തന്നെ വിട്ടപ്പോള്‍ ഷാജഹാന്‍ പറഞ്ഞത് പോലെ ഇത് അപകടകരമായ സാധനങ്ങള്‍ അല്ലെന്നാണ് താന്‍ കരുതിയതെന്ന് ലിസി പറയുന്നു. "അവസാന തവണ ദീപു എന്നയാളില്‍ എത്തിക്കാനായിരുന്നു പറഞ്ഞിരുന്നത്. അയാള്‍ പോലീസിന്റെ പിടിയില്‍ ആയിരുന്നു. ദീപുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ആശുപത്രിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. അയാളാണ് ലിസിയുടെ പേര് പറയുന്നത്. ആശുപത്രിയുടെ ഗേറ്റ് കടന്നതും ലിസിയുടെ ബിഗ്‌ഷോപ്പറില്‍ പിടിത്തം വീണു."

ആ പിടിത്തം ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. ഇനിയും ഒരു പതിനഞ്ച് വര്‍ഷം ബാക്കിയുണ്ട്.
2010ല്‍ പോലീസിന്റെ പിടിയിലായ ഇവര്‍ 2011 ഒക്ടോബര്‍ വരെയും വിചാരണയില്‍ ആയിരുന്നു. അതിന് ശേഷം രണ്ട് കേസുകളിലായി 25 വര്‍ഷം തടവ് ലഭിച്ചു.
ആദ്യം എറണാകുളം സബ് ജയിലിലും പിന്നീട് കണ്ണൂര്‍ ജയിലിലും ആയിരുന്നു. എറണാകുളം ജയിലില്‍ കിടക്കുമ്പോഴെല്ലാം ധാരണ ഉടന്‍ പുറത്തിറങ്ങാനാകുമെന്നായിരുന്നു. ബാഗില്‍ ഉള്ളത് കുറച്ച പ്രശ്‌നമുള്ള കാര്യമാണെന്ന് പോലീസ് പറഞ്ഞപ്പോഴാണ് തന്റെ കയ്യിലുള്ളത് അപകടകരമായ എന്തോ ഒന്നാണെന്ന് ലിസിക്ക് മനസ്സിലായത്.

എന്‍ഡിപിഎസ് കേസില്‍ ഇത്രയധികം കാലം ജാമ്യം പോലും ലഭിക്കാതെ തടവ് അനുഭവിച്ചത് ഇവര്‍ മാത്രമാണെന്ന് തിരുവനന്തപുരം വനിതാ തുറന്ന ജയിലിലെ സൂപ്രണ്ട് ആയ സോഫിയ ബീവി പറയുന്നു. സോഫിയയുടെ താല്‍പര്യ പ്രകാരമാണ് ലിസിയെ കണ്ണൂര്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ എത്തിച്ചത്. ജയിലില്‍ നല്ല സ്വഭാവം പ്രകടിപ്പിച്ച വ്യക്തികളുടെ ലിസ്റ്റ് എടുത്തപ്പോഴാണ് തനിക്ക് ലിസിയുടെ പേര് കിട്ടിയതെന്നും അതോടെ അവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സോഫിയ ബീവി വ്യക്തമാക്കി. കോവിഡ് പ്രമാണിച്ച് തടവുകാര്‍ക്ക് ഇളവ് കൊടുത്തപ്പോള്‍ മാത്രമാണ് അവര്‍ക്കും പരോള്‍ ലഭിച്ചത്. നന്നായി എഴുതും. നന്നായി തൈയ്ക്കും-ലിസിയെക്കുറിച്ച് സോഫിയ ബീവി പറയുന്നു.

"ആ അമ്മയ്ക്കും കുഞ്ഞിനും ഇവര്‍ മാത്രമേയുള്ളൂ. അവരുടെ സ്വഭാവത്തെക്കുറിച്ച് നല്ല അഭിപ്രായം ഉള്ളതിനാലാണ് അവരെ കണ്ണൂരില്‍ നിന്നും തുറന്ന ജയിലിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചത്. മറ്റൊരു കേസില്‍ കൂടി ഇനി അവര്‍ പെടാന്‍ സാധ്യതയില്ല. നമുക്ക് ആരെയും കള്ളിയെന്ന് വിളിക്കാന്‍ സാധിക്കും. പലരും പണം സമ്പാദിക്കാന്‍ തന്നെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണ്. എന്നാല്‍ ലിസി അത്തരത്തിലൊരാള്‍ അല്ല. അവരുടെ പ്രദേശത്തിന്റെ സ്വാധീനം അവരുടെ കുറ്റകൃത്യത്തിലും സംഭവിച്ചിട്ടുണ്ടാകും. ആ കേസിലെ വന്‍ കരങ്ങളെയൊന്നും പോലീസ് ഇനിയും പിടിച്ചിട്ടില്ല. ഇനി പിടിക്കുമെന്നും തോന്നുന്നില്ല."
സോഫിയ ബീവി പ
റഞ്ഞു.

രണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്ക് വേണ്ടി തങ്ങള്‍ തന്നെ സംസാരിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം തുറന്ന ജയിലിലെ ജയിലിലെ സഹ പ്രിസണ്‍ ഓഫീസര്‍ ആയ മുകേഷ് കുമാര്‍ പറഞ്ഞു. ഇന്നേ വരെ അവര്‍ പരോളില്‍ പോയിട്ട് പുതിയതായി ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല. പരോള്‍ വ്യവസ്ഥകളും അവര്‍ ലംഘിച്ചിട്ടില്ല.

മയക്കുമരുന്ന് കേസുകളില്‍ സാധാരണ പരോളില്‍ വിടാറില്ലെന്നാണ് കണ്ണൂര്‍ ജയിലിലെ വനിതാ സെല്ലിന്റെ സൂപ്രണ്ട് ആയ ശകുന്തള പറയുന്നത്. "ലിസി നല്ല സ്വഭാവം പ്രകടിപ്പിക്കുകയും എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയാകുകയും ചെയ്ത സാഹചര്യത്തിലാണ് അവരെ തിരുവനന്തപുരം തുറന്ന ജയിലിലേക്ക് മാറ്റിയത്. അവരുടെ അമ്മയ്ക്ക് സുഖമില്ല. കടുത്ത സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്നുണ്ട്. പത്താം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ അടുത്തെവിടെയോ പണിക്ക് വന്ന ഒരു യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. അവനാണെങ്കില്‍ ഇല്ലാത്ത തോന്യവാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സംശയ രോഗവും ഉണ്ടായിരുന്നു. ലിസി ഓട്ടോ ഓടിക്കാന്‍ വരെ പോയിട്ടുണ്ട്. അവന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞാണ് അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അമ്മയും അനിയത്തിയുടെ മകന്റെ മകളും ഇപ്പോള്‍ ഇവരുടെ ഉത്തരവാദിത്തത്തിലാണ്. ഇവര്‍ ജയിലിലുള്ളപ്പോള്‍ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ കുട്ടി ഒറ്റപ്പെട്ടുപോകും. അതുകൊണ്ടാണ് ഇവര്‍ ജയിലിന് പുറത്തെത്തണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി."- ശകുന്തള വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് തന്നെ തനിക്ക് ഇപ്പോള്‍ വെറുപ്പാണെന്ന് ലിസി പറഞ്ഞു. "സാധാരണ ജയിലില്‍ കിടന്നാല്‍ കുപ്രസിദ്ധിയാണ് ലഭിക്കുക. പക്ഷെ തനിക്ക് ജയിലില്‍ നിന്നും പ്രശസ്തിയാണ് ലഭിച്ചത്." ലിസി പറഞ്ഞു നിര്‍ത്തി.


Next Story

Related Stories