TopTop
Begin typing your search above and press return to search.

'കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണ്'; ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്സ് വെള്ളമെത്തിച്ചു എന്ന വൈറല്‍ പോസ്റ്റിനു പിന്നിലെ കഥ

കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണ്; ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്സ് വെള്ളമെത്തിച്ചു എന്ന വൈറല്‍ പോസ്റ്റിനു പിന്നിലെ കഥ

"കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണ്" എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ അടുത്തിടെ വാട്സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളിലും മറ്റുമായി അനേകം തവണ ഷെയര്‍ ചെയ്യപ്പെടുകയും വൈറലാവുകയും ചെയ്ത ഒന്നാണ്. ഗര്‍ഭിണിയായ ബന്ധു ബ്ലീഡിംഗുമായി ഡോക്ടറെ കാണാന്‍ പോകുന്നു. ബ്ലീഡിംഗിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിച്ച ഡോക്ടറോട്, വെള്ളമില്ലാത്തതു മൂലം ഒരു കയറ്റത്തിന്റെ താഴെയുള്ള ബന്ധുവീട്ടിലാണ് കുളിക്കുന്നത് എന്നും, അവിടെ നിന്ന് വീട്ടിലേക്ക് നടന്നു കയറുമെന്ന് യുവതി മറുപടി നല്‍കി. ഇനി അങ്ങനെ കയറി ഇറങ്ങരുത് എന്ന് ഉപദേശിച്ച് ഡോക്ടര്‍ ഗര്‍ഭിണിയായ യുവതിയെ പറഞ്ഞു വിടുന്നു. പിന്നീട് സംഭവിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ കഥ. യുവതിയും ഭര്‍ത്താവും വീട്ടിലെത്തുമ്പോഴേക്കും ഫയര്‍ എഞ്ചിന്‍ സ്ഥലത്തെത്തുന്നു, വീട്ടുകാരും നാട്ടുകാരും നോക്കി നില്‍ക്കെ യുവതിയുടെ വീട്ടിലെ ടാങ്കില്‍ വെളളം നിറച്ച് ഫയര്‍ എഞ്ചിന്‍ മടങ്ങുന്നു എന്ന് വിശദമാക്കുന്ന ആ പോസ്റ്റ്‌ ഇങ്ങനെയാണ് അവസാനിക്കുന്നത്: " ഒരു തരത്തിലുള്ള കാഷ്വാലിറ്റിയും ഉണ്ടാകാതിരിക്കാനുള്ള സര്‍ക്കാരിന്റെ കരുതല്‍. ഇത് വികസിത രാജ്യത്തെ കഥയല്ല. കെട്ടുകഥയോ കടങ്കഥയോ അല്ല. ഒരു വലിയ പ്രതിസന്ധി കാലത്തെ ഒരു സര്‍ക്കാരും ആരോഗ്യവകുപ്പും എങ്ങനെ നേരിടുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ്" എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആ പോസ്റ്റിനു കാരണമായ സംഭവങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ചു. അത് ഇവിടെ വായിക്കാം.

ഏപ്രില്‍ രണ്ടിനാണ് മൂന്നുമാസം ഗര്‍ഭിണിയായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫാത്തിമ അഷ്‌റഫിന് നടുവേദനയും ബ്ലീഡിങ്ങും തുടങ്ങിയത്. ലോക്ഡൗണാണ്, എന്തുചെയ്യണം എന്നറിയില്ല. അപ്പോഴാണ് അഷ്‌റഫിന് ഫാത്തിമയുടെ അച്ഛന്‍ ഷെരീഫ്, വീണ ജോര്‍ജ് എംഎല്‍എയുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അയച്ചുകൊടുക്കുന്നത്.

ഷെരീഫ് വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ നമ്പര്‍ അയച്ചുകൊടുക്കാന്‍ ഒരു കാരണമുണ്ട്. കുറച്ചുദിവസം മുന്‍പ് ഷെരീഫ് മരുന്നിന് വേണ്ടി വിളിച്ചത് ഈ നമ്പറിലായിരുന്നു. വലിയ താമസമുണ്ടായില്ല; മരുന്ന് വീട്ടിലെത്തി.

ഉടന്‍ തന്നെ അഷ്‌റഫ് ആ നമ്പറില്‍ വിളിച്ചു. എംഎല്‍എയുടെ 'അമ്മയും കുഞ്ഞും' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു മെസേജ് അയക്കാനാണ് വിളിച്ചപ്പോള്‍ കിട്ടിയ നിര്‍ദ്ദേശം. അഷ്‌റഫ് ആ മെസേജ് അയച്ച് പത്തുമിനിറ്റില്‍ തന്നെ എംഎല്‍എ അഷ്റഫിനെ ഫോണില്‍ വിളിക്കുകയും ഫാത്തിമയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറയുകയും ചെയ്തു.

ഫാത്തിമയുടെ വീട് ഒരു കുന്നിന്‍പുറത്താണ്. വേനല്‍ക്കാലമായതിനാല്‍ വീട്ടിലെ കിണറിലെ വെള്ളം വറ്റിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റിയുടെ വെള്ളം അത്രയും ഉയരത്തില്‍ എത്തുകയുമില്ല. വെള്ളത്തിന് ക്ഷാമമുള്ളത് കൊണ്ട് തന്നെ തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ ചെന്നാണ് ഫാത്തിമ കുളിക്കുന്നതും തുണി അലക്കുന്നതും. അതിനായി ദിവസവും കുന്ന് ഇറങ്ങുകയും കയറുകയും വേണം. ഈ കയറ്റിറക്കമാണ് പെട്ടന്നുള്ള ബ്ലീഡിങ്ങിനും മറ്റും കാരണമായത്.

ഈ കാര്യം സംസാരത്തിനിടയ്ക്ക് എംഎല്‍എയോട് ഫാത്തിമ സൂചിപ്പിച്ചു. വെള്ളത്തിന്റെ കാര്യത്തില്‍ വിഷമിക്കേണ്ടതില്ലെന്നും, ഉടന്‍ തന്നെ വെള്ളമെത്തിക്കാനുള്ള സംവിധാനമുണ്ടാക്കാമെന്നും എംഎല്‍എ ഉറപ്പു നല്‍കി.

ആശുപത്രിയിലെത്തി കുറച്ചു സമയത്തിനുള്ളില്‍ തന്നെ വീട്ടില്‍ വെള്ളമെത്തി എന്ന വാര്‍ത്തയാണ് ഫാത്തിമയും അഷ്‌റഫും അറിയുന്നത്. "സത്യം പറഞ്ഞാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേ ഇല്ല", സംഭവത്തെക്കുറിച്ച് അഷ്‌റഫ് അഴിമുഖത്തോട് പറഞ്ഞു തുടങ്ങിയതിങ്ങനെ. "സാധാരണ എംഎല്‍എ ഒന്നും നേരിട്ട് വിളിക്കാറില്ലല്ലോ. ഇത് ഞാന്‍ മെസേജ് അയച്ച് ഒരു പത്തു മിനിറ്റില്‍ തന്നെ എംഎല്‍എ വിളിച്ചു. എംഎല്‍എ ഫാത്തിമയുമായി സംസാരിക്കുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ എന്നോട് പറയുകയും ചെയ്തു. വെള്ളത്തിനു വേണ്ട സംവിധാനം താന്‍ ചെയ്‌തോളാം എന്നും ഉറപ്പു നല്‍കിയിരുന്നു", അഷ്‌റഫ് പറയുന്നു.

"ഞങ്ങള്‍ ആശുപത്രിയിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് വന്നു വെള്ളമടിച്ചു തന്നു. ഞങ്ങള്‍ക്കത് വലിയ ഉപകാരമായി. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേ ഇല്ല. ആശുപത്രിയില്‍ മൂന്ന് ദിവസം ഫാത്തിമ അഡ്മിറ്റായി. അതിനിടയിലെല്ലാം എംഎല്‍എ ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു. ഇനി എപ്പോള്‍ വെള്ളത്തിന്റെ ആവശ്യമുണ്ടായാലും വിളിച്ചോളാനാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്", അഷ്‌റഫ് പറഞ്ഞു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ഫാത്തിമയ്ക്ക് പൂര്‍ണ്ണ ബെഡ് റെസ്റ്റാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. നല്ലത് പോലെ ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഫാത്തിമ വകയാറിലെ സ്വന്തം വീട്ടിലാണ് താമസം. വിടിന്റെ കബോര്‍ഡ് വര്‍ക്കുകളൊക്കെ ചെയ്യുന്നയാളാണ് അഷ്‌റഫ്. രണ്ടു കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.


Next Story

Related Stories