രണ്ട് വര്‍ഷം മുമ്പ്, നേഹ ചന്ദ്രനാരായണന്റെ പതിനെട്ടാം ജന്മദിനത്തില്, അമ്മ സുധ ഒരു കുഞ്ഞന്‍ ദോശയുടെ രൂപത്തില്‍ മകള്‍ക്കൊരു ഫ്രിഡ്ജ് മാഗ്നെറ്റ് സമ്മാനിച്ചു. ഒരു വലിയ ഭക്ഷണപ്രിയ ആയതുകൊണ്ട് നേഹയ്ക്ക് അത് ഒത്തിരി ഇഷ്ടമായി. ചെന്നൈ സ്വദേശികളായ നേഹയുടെയും അമ്മ സുധയുടെയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള കുഞ്ഞന്‍ കരകൗശല സംരംഭത്തിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു. ഇ-ഷി.ഇന്‍ (eshe.in) അവരുടെ കഥയാണ് പറയുന്നത്.
ട്രിച്ചിയില്‍ ജനിച്ച രസതന്ത്രത്തില്‍ ബിരുദധാരിയായ സുധയ്ക്ക് ചെറുപ്പം മുതലേ കളിമണ്‍ കരകൗശലവസ്തുക്കളില്‍ വൈദഗ്ധ്യമുണ്ടായിരുന്നു, കഴിഞ്ഞ 15 വര്‍ഷമായി കരകൗശല വിദ്യയില്‍ നല്ലൊരു കരിയറും അവര്‍ക്കുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ആരംഭിച്ച 'Cn Arts' എന്ന സവിശേഷമായ ഒരു സംരംഭത്തിലൂടെ ഭക്ഷണത്തോടും കളിമണ്‍ കരകൗശലത്തോടും ഉള്ള ഇഷ്ടം നഷ്ടപ്പെടുത്താതെ ഇവ രണ്ടും ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ഇരുവരും തീരുമാനിച്ചു. ലോകമെമ്പാടും, കളിമണ്‍ മിനിയേച്ചറുകള്‍ പലപ്പോഴും പൂക്കള്‍, പാവകള്‍, ബോണ്സൈസ് അല്ലെങ്കില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ ആകൃതിയിലാണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സുധയും നേഹയും തീരുമാനിക്കുകയായിരുന്നു. ''ഇന്ത്യന്‍ ഭക്ഷണം അതിന്റെ വൈവിധ്യവും രുചിയും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ട് സമ്പന്നവും, ആരോഗ്യകരവുമാണ്,'' കുട്ടിക്കാലത്ത് അമ്മയില്‍ നിന്ന് കളിമണ്‍ കരകൗശലവിദ്യ പഠിച്ച നേഹ പറയുന്നു.
ഇരുവരുടെയും കലാ സംരംഭത്തിന്റെ എല്ലാ ഘടകങ്ങളും - അരി ധാന്യങ്ങള്‍, പച്ചക്കറികള്‍ മുതല്‍ കടുക്, മറ്റ് മസാലകള്‍ വരെ - പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചെടുക്കുന്നവയാണ്. അമ്പതുകാരിയായ സുധയും 20 വയസുള്ള നേഹയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പൂര്‍ണ സംതൃപ്തരാണ്. എല്ലാ ഘടകങ്ങളുടെയും സങ്കീര്‍ണ്ണമായ ഘടന, നിറം, ആകൃതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇവരുടെ മിനിയേച്ചറുകള്‍ (ചെറിയ കരകൗശല രൂപങ്ങള്‍) ജീവസുറ്റതാണ്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള വട പാവ്, പാവ് ഭജി, പാനി പുരി, ചോലെ ഭാതുച്ചര് അല്ലെങ്കില്‍ തെക്ക് ഭാഗത്തുള്ള ഇഡ്ലി, ദോശ, ബിരിയാണി എന്നിവ ആകട്ടെ, എല്ലാ ഘടകങ്ങളും സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് നേഹ പറയുന്നു. ഇതുവരെ തങ്ങള്‍ നൂറിലധികം മിനിയേച്ചറുകള്‍ നിര്‍മ്മിച്ചുവെന്നും നേഹ പറയുന്നു.
എങ്ങനെയാണ് ഇത്ര ചെറിയ രൂപങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നത് ?
മിനിയേച്ചറുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ്, ഭക്ഷണത്തിനനുസരിച്ച് ആധികാരികമായി രൂപകല്‍പ്പന ചെയ്ത പ്ലേറ്റുകളും കപ്പുകളും ഉപയോഗിച്ചാണ് തുടക്കം. വൃത്താകൃതിയിലോ ത്രികോണത്തിലോ ഓവലോ ആകട്ടെ; പനീര്‍ സമചതുരങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റൊട്ടികള്‍ എന്നിങ്ങനെയുള്ളവയെല്ലാം ഓരോന്നായി ഉണ്ടാക്കുന്നു. അവസാനമായി അവയെല്ലാം പ്ലേറ്റുകളിലും കപ്പുകളിലും ഒരുമിച്ച് ക്രമീകരിക്കുന്നു, എന്നിട്ട് അത് വായുവും വെള്ളവും കയറാത്ത വിധം പൊതിയും. 3 സെന്റിമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള മിനിയേച്ചറുകളാണ് ഇങ്ങനെ ഉണ്ടാക്കുന്നത്. ഇത് ഇവരുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോര്‍ @cnarts_miniatures വഴി ഫ്രിഡ്ജ് മാഗ്നറ്റുകളും കീ ചെയിനുകളും ആയി ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. ''കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പുറമേ, ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഞങ്ങള്‍ക്ക് വിദേശത്ത് നിന്ന് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുകയും ലോകമെമ്പാടും ഷിപ്പിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു'', എസ്ആര്‍എം സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദത്തിന് പഠിക്കുന്ന നേഹ ഇ-ഷീയോട് പറഞ്ഞു.
കളിമണ്ണില്‍ ഭക്ഷണം തയ്യാറാക്കുന്ന വിദ്യക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പാചകരീതികളെയും വിഭവങ്ങളെയും കുറിച്ച് ഇവര്‍ പഠിച്ചു, താലി, ഇറ്റാലിയന്‍ ഭക്ഷണം, സിസ്ലര്, ബിരിയാണി മറ്റ് അരി ഇനങ്ങള്‍ എന്നിവ പോലുള്ള സങ്കീര്‍ണ്ണമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മൂന്ന് ദിവസവും, ഒരു ദോശ തയ്യാറാക്കാന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറും എടുക്കും. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എല്ലായ്പ്പോഴും പോസിറ്റീവും പ്രോത്സാഹനം നല്കുന്നതുമാണ്; നേഹ പറഞ്ഞു.
ഈ സംരംഭം കാലത്തിന് അനുസരിച്ച് പ്രചാരം നേടുന്നതായാണ് ഇരുവരും പറയുന്നത്. ''ആളുകള്‍ അവരുടെ പ്രിയപ്പെട്ട ഭക്ഷണം മിനിയേച്ചറുകളുടെ രൂപത്തില്‍ കാണുമ്പോള്‍ വളരെ ആവേശത്തിലാണ്. പാര്‍ട്ടികള്‍, വിവാഹങ്ങള്‍, മറ്റ് അവസരങ്ങള്‍ എന്നിവയില്‍ സമ്മാനമായി നല്കാന് അവര്‍ അവ ഉപയോഗിക്കുന്നു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ അവരുടെ ആഘോഷത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്". ഇത്തരമൊരു സംരംഭം ആരംഭിക്കുമ്പോള്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ സഹായത്തിലാണ് ഇവര്‍ മിനിയേച്ചറുകള്‍ തയാറാക്കുന്നത്. ദിവസവും എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ഇതിനായി ചെലവിടുന്നു. സമയ പരിമിതിയും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാലും പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ കഴിയാറില്ല. അമ്മയ്ക്കും മകള്‍ക്കും അവരുടെ സമയത്തിന് വിലയുണ്ട്. പക്ഷേ അവരുടെ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ മേഖലയില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചത്.