ഞായറാഴ്ചകള്‍ വിശ്രമത്തിനായി ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ തന്റെ ഞായറാഴ്ചകള്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി മാറ്റി വെക്കുന്നൊരു മനുഷ്യനുണ്ട് തൃശൂരില്‍. വടൂക്കര വാഴപ്പിള്ളി വീട്ടില്‍ ടോണി ആന്റണി. എല്ലാ ഞായറാഴ്ചയും പൊതിച്ചോറുമായി വീട്ടില്‍ നിന്നും ഇറങ്ങുന്ന ആന്റണി ഭക്ഷണമില്ലാതെ കഴിയുന്ന ഒരുപാട് പേര്‍ക്ക് ആശ്വാസമാണ്.
വെല്‍ഡിങ്ങ് തൊഴിലാളിയായ ആന്റണി വരുമാനത്തിന്റെ ഒരുഭാഗം തെരുവില്‍ കഴിയുന്നവര്‍ക്കായി മാറ്റിവയ്ക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്ഷങ്ങാളാകുന്നു. കോവിഡ് കാലത്തും അതിന് മാറ്റം വന്നിട്ടില്ല. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്തും ബൈക്കില്‍ പൊതിച്ചോറുമായി തൃശൂരിന്റെ തെരുവിലേക്ക് ആന്റണി എത്തും. ലോക് ഡൗണ്‍ കാരണം തൊഴിലില്ലാതിരുന്നിട്ടും ഇക്കാര്യത്തില്‍ ആന്റണി മുടക്കം വരുത്തിയില്ല.
ഭക്ഷണം മാത്രമല്ല, മാറ്റി ഉടുക്കാന്‍ വസ്ത്രങ്ങള്‍ ഇല്ലാത്തവര്‍ക്ക് അതും ആന്റണി നല്‍കുന്നുണ്ട്. വഴിയോരത്ത് കഴിയുന്നവരെ പഴയവസ്ത്രങ്ങള്‍ മാറ്റി കുളിപ്പിക്കാനും മുടിയും താടിയും വെട്ടിക്കൊടുക്കാനും ആന്റണി മടി കാണിക്കാറില്ല. ദിവസവും 120 ഓളം പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നു. എല്ലാം സ്വന്തം ചെലവിലല്ല. മറ്റുള്ളവരില്‍നിന്നും പൊതിച്ചോറും വസ്ത്രവുമെല്ലാം സ്വീകരിക്കും.
ഞായറാഴ്ച രാവിലെ 11 മണിയോടെ അയ്യന്തോളില്‍ നിന്ന് തുടങ്ങുന്ന യാത്ര വൈകുന്നേരമാണ് അവസാനിപ്പിക്കുക. ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്ത് അനാഥര്‍ക്കായി ഒരു ദിവസം മുഴുവന്‍ മാറ്റി വെയ്ക്കുന്ന ആന്റണി സമൂഹത്തിന് വലിയ മാതൃകയാണ്.