TopTop
Begin typing your search above and press return to search.

മൈക്കെടുത്ത് എത്ര വേണമെങ്കിലും പ്രസംഗിക്കാം, പക്ഷേ ഇതിത്തിരി കടുപ്പം; നാല് വര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച പണി വീണ്ടും തുടങ്ങി ഒരു എംഎല്‍എ

മൈക്കെടുത്ത് എത്ര വേണമെങ്കിലും പ്രസംഗിക്കാം, പക്ഷേ ഇതിത്തിരി കടുപ്പം; നാല് വര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച പണി വീണ്ടും തുടങ്ങി ഒരു എംഎല്‍എ

ലോക്ഡൗണ്‍ കാലത്ത് തങ്ങളുടെ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ എംഎല്‍എമാരും തിരക്കിലാണ്. കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിമും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു. എന്നാല്‍ ആ തിരക്കുകളെല്ലാം കുറച്ചു നേരത്തേക്ക് മാറ്റി വെച്ച് എംഎല്‍എ തന്റെ പഴയ അധ്യാപകന്‍റെ കുപ്പായമണിഞ്ഞു.

പരീക്ഷ നടത്താനാവാതെ മാറ്റിവെച്ച വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കുന്ന എംഎസ്എഫിന്റെ പരിപാടിയിലാണ് ടി വി ഇബ്രാഹിം വീണ്ടും അധ്യാപകനായത്. ഓണ്‍ലൈന്‍ ക്ലാസില്‍ തന്റെ വിഷയമായ പൊളിറ്റിക്കല്‍ സയന്‍സാണ് എംഎല്‍എ കുട്ടികളെ പഠിപ്പിച്ചത്. കൊണ്ടോട്ടി ഇഎംഇഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന ടിവി ഇബ്രാഹിം എംഎല്‍എ ആയതിനു ശേഷം ലീവില്‍ പ്രവേശിക്കുകയായിരുന്നു.

'അവരെന്നോട് ക്ലാസെടുത്തു കൊടുക്കാമോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. നാല് വര്‍ഷമായി ക്ലാസെടുത്തിട്ട്, അതുകൊണ്ട് തന്നെ എനിക്ക് നന്നായി പരിശീലിക്കേണ്ടി വന്നു. ഒരു പാഠഭാഗം എടുക്കാനായി ഏകദേശം ഒരു മണിക്കൂര്‍ പരിശീലിക്കേണ്ടതുണ്ട്. അങ്ങനെ 9 പാഠങ്ങളൊടുക്കാനാണ് ഞാന്‍ ഉദ്ദേിച്ചിരുന്നത്. എന്നാല്‍ സമയ പരിധി കാരണം ആറെണ്ണം എടുക്കാനെ കഴിഞ്ഞിള്ളൂ'. ഓണ്‍ ലൈന്‍ ക്ലാസിനെക്കുറിച്ച് ടി വി ഇബ്രാഹിം എംഎല്‍എ പറഞ്ഞു.

ഏപ്രില്‍ 15 ന് വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയാണ് എംഎല്‍എ നാല് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച അധ്യാപന ജീവിതം വീണ്ടും ആരംഭിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഒന്‍പത് പാഠങ്ങള്‍ എടുക്കാനായി രണ്ട് മണിക്കൂറായിരുന്നു എംഎല്‍എയ്ക്ക് അനുവദിച്ചിരുന്ന സമയം. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഇന്ന് വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പാഠ ഭാഗങ്ങള്‍ മുഴുവന്‍ വിശദീകരിച്ച് പഠിപ്പിക്കുകയായിരുന്നില്ല, ആവര്‍ത്തിച്ചു വരുന്ന ചോദ്യങ്ങളെ പരിചയപ്പെടുത്തലും ആ ഭാഗങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയുമായിരുന്നു എംഎല്‍എ ചെയ്തത്. മലപ്പുറം ടൗണ്‍ ഹാളിനു മുന്നില്‍ വെച്ചായിരുന്നു ക്ലാസ്.

ഓണ്‍ ലൈനായി ക്ലാസെടുക്കുന്നത് തന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു എന്നാണ് എംഎല്‍എ പറയുന്നത്. 'ക്യാറയ്ക്കു മുന്നിലും മൈക്കിനു മുന്നിലുമെല്ലാം നിന്ന് സംസാരിക്കാറുണ്ടെങ്കിലും ക്ലാസെടുക്കല്‍ ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ എനിക്കിത് പുതിയൊരു അനുഭവമാണ്. നേരിട്ടു പോയി ക്ലാസടുക്കുകയാണെങ്കില്‍ നമുക്കു കുട്ടികളുടെ മുഖഭാവത്തില്‍ നിന്നു തന്നെ മനസിലാകും അവര്‍ ശ്രദ്ധിക്കുന്നുണ്ടോ, അവര്‍ക്ക് മനസിലാകുന്നുണ്ടോ എന്നെല്ലാം. എന്നാല്‍ ഇത് എന്റെ മുന്നില്‍ ക്യാമറ മാത്രമായിരുന്നു. ക്യാമറയ്ക്കഭിമുഖമായി നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ ഇതു കാണുന്നുണ്ടെന്ന് മനസില്‍ വിചാരിച്ചു കൊണ്ടാണ് ക്ലാസെടുത്തത്'. എംഎല്‍എ പറഞ്ഞു.

തന്റെ മണ്ഡലമായ കൊണ്ടോട്ടിയില്‍ ഏത് നേരത്തും ജനങ്ങള്‍ക്ക് വിളിക്കാവുന്ന കണ്‍ട്രോള്‍ റൂം എംഎല്‍എ തുറന്നിരുന്നു. ജനങ്ങള്‍ സംശയം ചോദിക്കാനും, എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അത് വിളിച്ചറിയിക്കുന്നതുമെല്ലാം കണ്‍ട്രോള്‍ റൂമിലേക്കായതിനാലും പരാതികളെല്ലാം കൃത്യ സമയത്ത് വിളിച്ചന്വേഷിച്ച് പരിഹരിക്കേണ്ടതിനാലും ലോക്ഡൗണ്‍ കാലത്ത് എംഎല്‍എ തിരക്കിലായിരുന്നു. തിരക്കുകള്‍ക്കിടയിലും വീട്ടില്‍ പച്ചക്കറി വിത്ത് നടാനും ചെടികളെ പരിപാലിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 'വലിയ കൃഷിയൊന്നുമല്ല. നമ്മുടെ വീട്ടിലേക്കുള്ള പച്ചക്കറി മാത്രം. പിന്നെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ മൊത്തത്തില്‍ തിരക്കായിരുന്നു. അതിനിടയില്‍ ക്ലാസെടുക്കാന്‍ കഴിഞ്ഞത് തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു'. ടി വി ഇബ്രാഹിം എംഎല്‍എ പറഞ്ഞു.


Next Story

Related Stories