TopTop
Begin typing your search above and press return to search.

പ്രളയത്തില്‍ ആംബുലൻസിന് വഴികാട്ടി ഓടിയ വെങ്കിടേഷിന് കോഴിക്കോടിന്റെ സ്നേഹസമ്മാനമായി വീട്

പ്രളയത്തില്‍ ആംബുലൻസിന് വഴികാട്ടി ഓടിയ വെങ്കിടേഷിന് കോഴിക്കോടിന്റെ സ്നേഹസമ്മാനമായി വീട്

2019 ആഗസ്റ്റ് 15. ആ സ്വാതന്ത്ര്യദിനം വെങ്കിടേഷിന് മറക്കാനാവില്ല. ലോകം മുഴുവന്‍ 12കാരനായ ഒരു ബാലന് നന്മ ചൊരിഞ്ഞ ദിവസം. പ്രളയം പൊട്ടിവീണ് നാട്ടുകാരായ നൂറുകണക്കിന് പേരെ കവര്‍ന്നെടുത്തിട്ടും കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകേ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സിന് വഴികാണിക്കാന്‍ ജീവന്‍ പണയംവെച്ച് ഓടാന്‍ തോന്നിയ ദിവസം. ആറ് കുട്ടികളുടെ ജീവനും ഒരു മൃതദേഹവും വഹിച്ചുവരുന്നതായിരുന്നു ആംബുലന്‍സ്. ആ ആറുപേരേയും ജീവിതത്തിലേക്ക് നടത്താന്‍ കഴിഞ്ഞു അവന്റെ ഓട്ടത്തിന്. എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ച് ചെയ്തതല്ല അന്നവന്‍. പക്ഷെ മണിക്കൂറുുകള്‍ക്കകം ലോകം മുഴുവന്‍ വെങ്കിടേഷിന് മുകളിലേക്ക് നന്മ ചൊരിഞ്ഞു. ഇപ്പഴിതാ ഇങ്ങ് ദൂരെയുള്ളൊരു മലയാള ഗ്രാമം അവന്റെ വീടെന്ന സ്വപ്‌നവും സാക്ഷാത്കരിക്കുന്നു. സ്വപ്‌നത്തില്‍പോലും ആഗ്രഹിക്കാതിരുന്ന വീടിന് സ്ഥലം എസ്‌ഐ തറക്കല്ലിടുമ്പോള്‍, കൂടെനിന്ന് ഭാഷയറിയാത്ത കുറേ സഹോദരങ്ങള്‍ കൈയ്യടിക്കുമ്പോള്‍ ആരോട് നന്ദി ചൊല്ലണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അവന്‍. വീടിന് തറക്കല്ലിട്ട എസ്‌ഐ മുതല്‍ കേരളത്തില്‍ നിന്ന് വീടുപണിയിച്ച് നല്‍കാനെത്തിയ മലയാളി സംഘത്തോടും ആ ബാലന്‍ കൈകൂപ്പി നിന്ന് കണ്ണീരോടെ നന്ദി തൂകി. കോഴിക്കോട് കുറ്റ്യാടി എംഐയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റി, കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഫോക്കസ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് വെങ്കിടേഷനായി വീടു നിര്‍മിക്കുന്നത്. രണ്ടുമാസം കൊണ്ട് വീടുപണി തീരും. കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹിരാറായികുംപെയിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കിടേഷ് പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്. പേരിനൊരു വീടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ പാകത്തില്‍. അതും വെങ്കിടേഷിന്റെ മുത്തശ്ശന്‍റേത്. അതിന് അവകാശികള്‍ നാല്. എപ്പഴും ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ. അതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഗ്രാമത്തെ പ്രളയം വന്നുമൂടിയത്. കൃഷ്ണ നദിയുടെ കൈവഴിയൊഴുകുന്നത് വെങ്കിടേഷിന്റെ വീടിനടുത്തുകൂടെ. ചുറ്റുമുള്ള പാടമെല്ലാം പ്രളയം കയറി മുങ്ങി. കുറുകേയുള്ള പാലം കാണാനില്ല. അവിടേക്കാണ് രക്ഷാ ദൗത്യവുമായുള്ള ആംബുലന്‍സ് കുതിച്ചവന്നത്. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ ആംബുലന്‍സില്‍ നിന്നും ഡ്രൈവർ വിളിച്ച് കൂവുന്നുണ്ടായിരുന്നു. കേട്ടപാടെ സമീപത്ത് കളിക്കുകയായിരുന്ന വെങ്കിടേഷ് മുന്നുംപിന്നും നോക്കാതെ പാലത്തിലൂടെ ആംബുലന്‍സിനടുത്തേക്ക് കുതിച്ചു. അവിടുന്ന് തിരിച്ച് ആംബുലന്‍സിനുള്ള വഴികാട്ടിയായി പാലത്തിന് നടുവിലൂടെ തിരിച്ചോടി. പിറകെ ആംബുലന്‍സ്. ആ വീഡിയോ കണ്ട ആര്‍ക്കും മനസിലാകും അരയോളം വെള്ളത്തിലാണ് വെങ്കിടേഷ് എന്ന്. ഓട്ടത്തിനിടെ പലവുരും അവന്‍ വീഴുന്നതും കാണം. എന്നിട്ടും ആറ് ജീവനുകളും കൊണ്ട് കുതിച്ച ആംബുലന്‍സിനെ അവന്‍ കൃത്യമായി പുഴകടത്തിയെടുത്തു. ഇതിലും വലിയൊരു രക്ഷാപ്രവര്‍ത്തനം വേറെ എന്തുണ്ട്. സോഷ്യല്‍ മീഡിയയാണ് വെങ്കിടേഷിന്റെ അതി സാഹസികത ആദ്യം വാര്‍ത്തയാക്കിയത്. പിന്നീട് വിദേശ മാധ്യമങ്ങളടക്കം ആ ബാലന്റെ ധീരകൃത്യം വാഴ്ത്തി. അങ്ങിനെ രണ്ടാഴ്ച മുമ്പ് കോഴിക്കോട് അവന് സ്വീകരണമൊരുങ്ങി. ജില്ലാ കലക്റ്റര്‍ അവന് ഉപഹാരം നല്‍കി. കോഴിക്കോട് അവനെ സ്‌നേഹം കൊണ്ടു മൂടി. അവിടുന്നാണ് അവനുള്ള വീടിനുള്ള പ്രഖ്യാപനം ഉണ്ടായത്. ഒക്ടാബര്‍ 20ാം തീയതിയാണ് കോഴിക്കോട് നിന്നുള്ള എട്ടംഗസംഘം അവന് വീടുവെക്കാനുള്ള ദൗത്യവുമായി ആ കൊച്ചുഗ്രാമത്തിലെത്തിയത്. അവര്‍ നേരിട്ടകടമ്പകള്‍ ഏറെയായിരുന്നു. സംഘത്തിലുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി.ശക്കീറിന്റെ വാക്കുകളിലേക്ക്.'ആ വലിയ ദൗത്യത്തിന് ഞങ്ങള്‍ കുറ്റിയടിച്ചു. പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ വെങ്കിടേഷിന് വീടുവെക്കാനുള്ള കര്‍മത്തിന്. 1200ഓളം കിലോമീറ്ററുകള്‍ താണ്ടി ഇങ്ങ് റായ്ചൂരിലെ ഹിരാറായികുംബെ ഗ്രാമത്തില്‍ സ്ഥലം എസ്‌ഐ സാദിഖ് പാഷ കല്ലിട്ടപ്പോള്‍ വെങ്കിടേഷിനും പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനുമൊപ്പം ഒരു ഗ്രാമമൊന്നാകെ ആഹ്ളാദത്താല്‍ ഹര്‍ഷാരവം മുഴക്കി. ഞായറാഴ്ച തന്നെ ഞങ്ങള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ഒരു ബാഗ് നിറയെ പണവുമായി കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു എന്നാണ് കുറച്ചു പേരെങ്കിലും കരുതിയത്. അതുകൊണ്ട് ഒരു 500 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോള്‍ നാട്ടുകാരായ മേസ്തിരിമാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് തന്നത് 17 ലക്ഷം രൂപയുടെ കണക്കാണ്. അതോടെ അവരെ വിട്ട് അടുത്ത ടീമിനെ തപ്പി. അവര്‍ക്കും വര്‍ക്കുകളെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെയും വിട്ടു. അവരുടെ ഭാഷ നമുക്കറിയാത്തതും നമുക്കറിയാവുന്ന ഭാഷകള്‍ അവര്‍ക്കറിയാത്തത്തും പലപ്പോഴും പ്രതിബന്ധങ്ങളായി. ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോലും ചെളിയും മുള്ളും നിറഞ്ഞ പുഴയും തോടുമൊക്കെ ആശ്രയിക്കേണ്ടി വന്നത് പ്രയാസമുണ്ടാക്കി. കാര്യമായൊന്നും മുന്നോട്ടു നീങ്ങാതെ ഒന്നാമത്തെ ദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഗുഭ്ഭര്‍ എന്ന സമീപത്തെ ചെറിയ അങ്ങാടിയിലെ ലോഡ്ജിലേക്കു ഞങ്ങള്‍ മടങ്ങി. കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാവാത്തതും യാത്രാക്ഷീണവും പലരിലും ചെറിയ തോതിലെങ്കിലും നിരാശയുളവാക്കി. പക്ഷെ, രാത്രി ഒരുമിച്ചിരുന്ന് ഞങ്ങള്‍ അടുത്ത ദിവസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കി. പിറ്റേദിവസം പുലര്‍ച്ചെ സുബഹ് നമസ്‌കാരത്തിന് സമീപത്തെ പള്ളിയിലെത്തി. അവിടെവെച്ച് കുറച്ച് നാട്ടുകാരെ കിട്ടി. വിഷയം പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം ആവേശമായി. അവരില്‍ ഒരാള്‍ നാട്ടിലെ പ്രധാന കച്ചവടക്കാരനായിരുന്നു. അയാള്‍ രാവിലെ ഷോപ്പില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ വണ്ടി വിട്ടുതന്നു. അതുമായി ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. വെങ്കിടേഷിന്റെ നാട്ടിലെ പ്രധാനിയായ മക്തൂം നായിക്കിനെ വിളിച്ചു. ഞങ്ങള്‍ നേരെ മക്തൂമിന്റെ വീട്ടിലേക്ക്. ഒരുപാട് പാടവും തൊഴിലാളികളും ട്രാക്റ്ററുമൊക്കെയുള്ള പക്വമതിയായ ഒരു മനുഷ്യനായിരുന്നു മക്തൂം. അദ്ദേഹം കാര്യങ്ങള്‍ പെട്ടെന്ന് നീക്കി. കോണ്‍ട്രാക്റ്ററെ എത്തിച്ചു. സാധനങ്ങളുടെ വില അന്വേഷിച്ചു. സഹായികളെ ഏര്‍പ്പാടാക്കി. ഭക്ഷണമൊരുക്കി. ഉച്ചകഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തെളിഞ്ഞുവന്നു. വൈകിട്ടാവുമ്പോഴേക്ക് കുറ്റിയടിക്കാനുള്ള തയ്യാറെടുപ്പുകളായി. എസ് ഐ മുഹമ്മദ് പാഷയും മക്തൂമും വെങ്കിടേഷിന്റെ അധ്യാപകരും നാട്ടുകാരുമെല്ലാം സ്ഥലത്തേക്കെത്തി. ആഘോഷപൂര്‍വം കുറ്റിയടിച്ചു. നാളെ രാവിലെത്തന്നെ പണി തുടങ്ങും. രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആഗ്രഹം. വെങ്കിടേഷിനുള്ള സ്‌നേഹവീട്. നിര്‍മാണ പ്രവൃത്തികള്‍ കോഴിക്കോട് നിന്ന് പരിശോധിക്കും അവശ്യത്തിനുള്ള പണം അപ്പപ്പോള്‍ മക്തൂമിന്റെ ഏക്കൗണ്ടിലേക്ക് നല്‍കും...അങ്ങനെയാണ് പ്രവൃത്തികള്‍ ക്രോഡീകരിച്ചിരിക്കുന്നത്..' കേരളം പ്രളയത്തില്‍ രണ്ടുതവണ മുങ്ങിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് സ്‌നേഹസഹായങ്ങളെത്തിയത്. പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളില്‍ ലോകം വാഴ്ത്തിയ നന്മയുടെ ചിലമരങ്ങള്‍ നമുക്കുമുണ്ടായിരുന്നു. എല്ലാ നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ഓടുന്നവരെ സുരക്ഷിതമായി വള്ളത്തിലേക്ക് കയറ്റാന്‍ സ്വന്തം മുതുക് കാണിച്ചുകൊടുത്ത ജെയ്‌സല്‍, ക്യാമ്പുകള്‍ക്ക് ആശ്വാസം പകരാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തന്റെ കടയിലുള്ളതെല്ലാം വാരിനല്‍കിയ നൗഷാദ്...ആ കൂട്ടത്തിലേക്ക് ഇപ്പോ നമ്മുടെ കൊച്ചനിയന്‍ വെങ്കിടേഷും.


Next Story

Related Stories