കോവിഡ് കാലം അകല്ച്ചയുടേത് കൂടിയാണ്. വീട്ടിലേക്ക് പുറമെ നിന്നാരെങ്കിലും കയറിവന്നാല്‍ ഭയക്കുന്നവരാണ് കൂടുതല്‍ പേരും. ഈ സമയത്ത് പോണ്ടിച്ചേരിയില്‍ നിന്നും നാട്ടിലെത്തിയ അയല്‍വാസിക്ക് സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് തിരുവല്ല, പെരിങ്ങര പ്രസാദ് ഭവനിലെ വിജയകുമാരി. മനസുകൊണ്ട് അകറ്റി നിര്‍ത്താതെ തന്നെ അതിജീക്കാം എന്ന സന്ദേശമാണ് ഇതിലൂടെ വിജയകുമാരി കേരളത്തിനു നല്‍കുന്നത്.
പോണ്ടിച്ചേരിയിലെ ജിപ്മര്‍ മെഡിക്കല്‍ കോളജിലെ ആയുര്‍വേദ വിഭാഗത്തില്‍ ജോലിചെയ്യുന്ന യുവതിക്കാണ് വിജയകുമാരി വീട്ടില്‍ ക്വാറന്റീന് സൗകര്യമൊരുക്കിയത്. യുവതിക്കുവേണ്ട ഭക്ഷണം പാകം ചെയ്തു നല്‍കുന്നതും വിജയകുമാരി തന്നെ. മെയ് 29 നാണ് യുവതി നാട്ടിലെത്തിയത്. സ്വന്തം വീട്ടില്‍ ചെറിയ കുഞ്ഞുള്ളത് കൊണ്ട് സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറാനായിരുന്നു യുവതി തീരുമാനിച്ചിരുന്നത്. ഈ വിവരം അറിഞ്ഞാണ് യുവതിക്കായി സ്വന്തം വീട്ടില്‍ കുറച്ച് ഇടം നല്കാന് വിജയകുമാരി തീരുമാനിക്കുന്നത്. വിജയ കുമാരിയുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്കി മകന് പ്രസാദും ഒപ്പമുണ്ട്.
കോവിഡ് കാലത്ത് ജാഗ്രതയും കരുതലും വേണം എന്നാല്‍ അതിന്റെ പേരില്‍ മനുഷ്യരെ ഒറ്റപ്പെടുത്തരുത് എന്ന് സര്‍ക്കാര്‍ ആദ്യം മുതല്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം എത്രപേര്‍ പ്രാവര്‍ത്തികമാക്കി എന്ന കാര്യത്തില്‍ സംശയമണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കെതിരെ വ്യാജവാര്‍ത്തകളും മറ്റും നാട്ടുകാര്‍ പ്രചരിപ്പിക്കുന്നു എന്ന വാര്‍ത്തകളും ഇതിനു മുന്‍പ് പുറത്തു വന്നിരുന്നു. അങ്ങിനെയുള്ളവര്ക്കിടയില് വിജയകുമാരിയെ പോലുള്ളവര്‍ തീര്‍ക്കുന്നത് വലിയ മാതൃകകള്‍ തന്നെ.