TopTop
Begin typing your search above and press return to search.

'ഒരു ബെല്ല് കൂടുതലടിക്കുന്ന സ്കൂൾ', കുട്ടികളുടെ ആരോഗ്യപാലനത്തിൽ നൂതന മാതൃക കാട്ടി ഗവ. എൽപി സ്കൂൾ

ഒരു ബെല്ല് കൂടുതലടിക്കുന്ന സ്കൂൾ, കുട്ടികളുടെ ആരോഗ്യപാലനത്തിൽ നൂതന മാതൃക കാട്ടി ഗവ. എൽപി സ്കൂൾ

മഴക്കാറ് മൂടി നില്‍ക്കുന്ന ഒരു ഇരുണ്ട ദിവസം. പറവ.....പറവ....., ആകാശം.......ആകാശം......ടീച്ചറു പഠിപ്പിക്കുന്ന വാക്കുകള്‍ ഉറക്കെ അതേ പടി ഏറ്റു പറയുകയാണ് കുട്ടികള്‍. അടുത്ത നിമിഷം തന്നെ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്ന പോലെയാണ് ചിലരുടെ മുഖം. മറ്റ് ചിലര്‍ വെള്ള കുപ്പിയിലേക്ക് കൈ നീട്ടുന്നു. പെട്ടന്നാണ് രണ്ട് മണയടി ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേള്‍ക്കേണ് താമസം സ്‌കൂളിലെ എല്ലാ കുട്ടികളും ബെഞ്ചില്‍ നിന്ന് ചാടിയെഴുന്നേറ്റു നിന്നു. പിന്നെ ഡസ്‌കിനു മുകളില്‍ വെച്ചിരിക്കുന്ന വാട്ടര്‍ബോട്ടില്‍ തിരക്കിട്ട് തുറക്കുകയായി. ആരാദ്യം തുറക്കുന്നു എന്നത് കുട്ടികള്‍ക്കിടയില്‍ മത്സരമാണെന്നു തോന്നും കണ്ടാല്‍. പിന്നെ വെള്ളം കുടിക്കലായി. ആദ്യം കുടിച്ചു തീരുന്നവര്‍ മിടുക്കരായെന്ന ഭാവത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു 'ടീച്ചറെ എന്റെ വെള്ളം കഴിഞ്ഞു...' തിരുവന്തപുരത്തെ ചാങ്ങ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കാഴ്ചയാണിത്. സാധാരണ സ്‌കൂളുകളെ അപേക്ഷിച്ച് ഈ സ്‌കൂളിന് രണ്ട് 'ബെല്ല്' കൂടുതലാണ്. 'ജലമണി' എന്നു പേരിട്ടിരിക്കുന്ന ആ മണിയടിശബ്ദം കുറച്ചു നാളായി സ്‌കൂളിന്റെ ഭാഗമായിട്ട്. എല്ലാ ദിവസവും രാവിലെ 11.15 നും വൈകിട്ട് 2.45 നും ഈ ജലമണി മുഴങ്ങുന്നത് കുട്ടികള്‍ വെള്ളം കുടിക്കേണ്ട കാര്യം മറന്നു പോകാതിരിക്കാനാണ്.

ചെറിയകുട്ടിയായിരുന്നപ്പോള്‍ തന്നെ മോന് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. അവന് വെള്ളംകുടിക്കാന്‍ ഭയങ്കര മടിയാണ്. ഗ്ലാസില്‍ വെള്ളമെടുത്ത് കൈയില്‍ പിടിപ്പിച്ചു കൊടുക്കണം. എങ്കിലെ അവന്‍ കുടിക്കുള്ളൂ. മോന്‍ വീട്ടില്‍ ഉള്ള സമയമാണെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ സ്‌കൂളില്‍ പോയാല്‍ എനിക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലല്ലോ...ഈ ഇടയ്ക്ക് യൂറിന്‍ ഇന്‍ഫെക്ഷന്‍ വരികയും ചോരപൊടിയുന്ന അവസ്ഥയുണ്ടാവുകയുമൊക്കെ ചെയ്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജന്റെ അമ്മ മായാദേവി പറയുന്നു. ഇത് കേവലം നിരഞ്ജന്റെ മാത്രം അവസ്ഥയല്ല, കേരളത്തിലെ മിക്ക സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അവസ്ഥയാണ്.

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാകുമ്പോള്‍ എപ്പോഴും ആക്ടീവീയിരിക്കുവരാണ്. അതിനാല്‍ തന്നെ അവര്‍ക്ക് മെറ്റബോളിസത്തിനായി കുറച്ചധികം വെള്ളം വേണ്ടിവരും. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ വെള്ളം കുടിക്കുത് കുറഞ്ഞു പോകുമ്പോള്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. അത് അവരുടെ കിഡ്ണിയെ സാരമായി ബാധിച്ചേക്കാം. വെള്ളം കുടിക്കാത്തത് കൊണ്ട് യൂറിന്‍ ഇന്‍ഫെക്ഷന്‍ മാത്രമല്ല, മൂത്രക്കല്ലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം കുട്ടികളുടെ പഠനത്തെ വരെ ബാധിച്ചേക്കാം. രാവിലെ ഉഷാറായി നടക്കുന്ന കുട്ടി ഉച്ചയാകുമ്പോഴേക്കും തളര്‍ന്നു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇതെല്ലാം ശരീരത്തിലെ വെള്ളത്തിന്റെ അഭാവമാണ്. അതിനാല്‍ തന്നെ കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യം തന്നെ. തിരുവന്തപുരം ഗവമെന്റ് മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം സീനിയര്‍ റെസിഡന്റായ ഡോക്ടര്‍ മനോജ് വെള്ളനാട് പറയുന്നു. ചാങ്ങ ഗവമെന്റ് എല്‍പി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, ജലമണിക്ക് വലിയ പിന്തുണ നല്‍കുന്നയാളുമാണ് ഡോക്ടര്‍ മനോജ്.

വെള്ളം കൊണ്ടുവരാനും അതു കുടിക്കാനുമുള്ള മടി കുട്ടികളിൽനിന്ന് മാറ്റിയെന്നതാണ് സ്കൂൾ അധികൃതരുടെ ഇടപെടൽ കൊണ്ട് ഉണ്ടായ ഗുണം. വെള്ളം കുടിക്കാതിരിക്കുന്നത് ഇവിടെ പല കുട്ടികളിലും വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കാന്‍ തുടങ്ങി. പല കുട്ടികള്‍ക്കും യൂറിന്‍ ഇന്‍ഫെക്ഷന്‍ വരാന്‍ തുടങ്ങി. കുട്ടികള്‍ സ്‌കൂളിലെത്തിയാല്‍ വെള്ളം കുടിക്കുന്നില്ല എന്നത രക്ഷിതാക്കളുടെ പരാതിയും. പരാതികള്‍ സ്ഥിരമായപ്പോള്‍ എന്തു ചെയ്യാമാകും എന്ന് ഞങ്ങള്‍ ആലോചിച്ചു. അങ്ങനെ ഇതിനൊരു പ്രതിവിധി എന്ന നിലയില്‍ പിടിഎ പ്രസിഡന്റിന്റെ ആശയമായായിരുന്നു ജലമണി. സ്‌കൂളിലെ പ്രധാന അധ്യാപിക ഉഷ ദേവി ടീച്ചര്‍ പറഞ്ഞു.

പലകുട്ടികളിലും മുത്രാശയ രോഗങ്ങൾ ഉണ്ടെന്ന് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന് പിടിഎ പ്രസിഡന്റ് ചന്ദ്രശേഖരന്‍ പറയുന്നു. " പല കുട്ടികള്‍ക്കും യൂറിനറി ഇന്‍ഫെക്ഷനായിരുന്നു. എനിക്കും പല രക്ഷിതാക്കളുടെയും പരാതി കിട്ടി. ഇതിനൊരു പരിഹാരം ആലോചിക്കവെയാണ് ഇതിനു മുന്‍പ് എറണാകുളം പറവൂരിലെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഞാന്‍ ഈ കാര്യം പിടിഎയും അധ്യാപകരേയും അറിയിച്ചു. രണ്ട്ദിവസത്തിനകം തന്നെ സ്‌കളില്‍ പദ്ധതി നടപ്പിലാവുകയും ചെയ്തു. വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവരാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് തിളപ്പിച്ചാറിയ വെള്ളം സകൂളില്‍ നിന്നു തന്നെ ലഭ്യമാക്കും"

പദ്ധതി നടപ്പിലായതോടെ കുട്ടികളുടെ സ്വഭാവത്തിലും മാറ്റം വന്നു. കൂട്ടം കൂടി വെള്ളം കുടിക്കാൻ എല്ലാവർക്കും താൽപര്യമായി "കൊടുത്തു വിടുന്ന വെള്ളം മുഴുവന്‍ തീര്‍ത്തിട്ടെ വരാറുള്ളൂ. പണ്ടാണെങ്കില്‍ ഞാന്‍ വഴക്കുപറയുമെന്നോര്‍ത്ത് കുപ്പിയിലെ വെള്ളം കളഞ്ഞ് കാലികുപ്പിയുമായി വീട്ടിലേക്ക് വരുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അവന്. എന്നാല്‍ ഇപ്പോള്‍ അധ്യാപകരുടെ മുന്നില്‍ വെച്ചാണല്ലോ കുടിക്കുന്നത്. മാത്രമല്ല, എല്ലാ കുട്ടികളുടെയും കൂടെ ഒന്നിച്ചു കുടിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നുണ്ട് . മായാദേവി കൂട്ടിച്ചേര്‍ത്തു. പല രക്ഷിതാക്കള്‍ക്കും ജലമണിയെ കുറിച്ചു ചോദിക്കുമ്പോള്‍ എല്ലാ രക്ഷിതാക്കളുടെയും അഭിപ്രായം ഇതുതന്നെയാണ്.

നേരത്തെ അമ്മ എന്നെ വഴക്ക് പറയുമായിരുന്നു. വെള്ളം കുടിക്കാത്തത് കൊണ്ട്. ഇപ്പൊ ജലമണി ഉണ്ടല്ലോ, ഇപ്പൊ ഞാന്‍ കൂടുതല്‍ വെള്ളം കുടിക്കുന്നുണ്ടെന്നാ പറയുന്നെ. ജലമണിയെക്കുറിച്ചു ചോദിക്കുമ്പോള്‍ ഒന്നാം ക്ലാസുകാരി തന്മയ പറയുന്നു. 2019 ഒക്ടോബര്‍ 17നാണ് ജലമണി ചാങ്ങ സ്‌കൂളില്‍ നടപ്പിലാക്കുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ വലിയ ആശ്വാസവും സന്തോഷവുമാണെന്നാണ്. ജലമണിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ചാടിയെഴുന്നേല്‍ക്കുന്ന കുട്ടികളും, ബെല്ലടിക്കുന്നുണ്ടോ, കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടോ എന്നൊക്കെ സ്‌കൂളിലേക്ക് വിളിച്ചു അന്വേഷിക്കാറുള്ള രക്ഷിതാക്കളും അതിന് തെളിവാണ്. വെള്ളം കുടിക്കാത്തത് കൊണ്ട് നിരന്തരമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നവരാണ് കേരളത്തിലെ കുട്ടികള്‍. അതിനാല്‍ തന്നെ എല്ലാ സ്‌കൂളുകള്‍ക്കും പിന്തുടരാവുന്ന മാതൃകയാണ് ചാങ്ങ ഗവ എല്‍ പി സ്‌കൂള്‍ മുന്നോട്ടു വെക്കുന്നത്.


Next Story

Related Stories