കോവിഡ് കാലം ആശങ്കയുടെയും ഭയത്തിന്റെതും മാത്രമല്ല സാമ്പത്തിക പ്രത്സന്ധിയുടെത് കൂടിയാണ്. എന്നിട്ടും ഇക്കാലത്ത് ചില നല്ല വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ മടികാണിക്കാത്ത നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചുള്ളതായിരുന്നു അവ. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ വടക്കന്‍ ബംഗാളില്‍ നിന്നും പുറത്തു വരുന്നത്. കോവിഡ് രോഗികളെ സൗജന്യമായി ആശുപത്രിയില്‍ എത്തിച്ചാണ് ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ മുന്മുന് സര്‍ക്കാര്‍ എന്ന ഇ-റിക്ഷ ഡ്രൈവര്‍ മാതൃകയാവുന്നത്.
48 കാരിയായ മുന്മുന് ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷ ഡ്രൈവര്‍ കൂടിയാണ്. ഏകദേശം ആറര വര്‍ഷം മുമ്പാണ് മുന്മുന് ഇ-റിക്ഷ ഓടിക്കാന്‍ തുടങ്ങിയത്. ''തുടക്കത്തില്‍ കൊവിഡ് രോഗികളെ സൗജന്യമായി വാഹനത്തില്‍ കയറ്റിയപ്പോള്ഡ പ്രാദേശിക കൗണ്‍സിലര്‍ എന്നോട് ഈ പ്രവര്‍ത്തിയില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടു. അയല്‍ക്കാര്‍ എന്നെ പ്രദേശത്ത് നിന്ന് പുറത്താക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഞാന്‍ ദൃഢ നിശ്ചയം ചെയ്തു, എനിക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ പരിണതഫലങ്ങള്‍ നേരിടാന്‍ അവര്‍ തയ്യാറായിരുന്നു'', മുന്മുന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കോവിഡ് പടര്‍ന്നു പിടിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ജോലി മുന്മുന് തുടങ്ങിയിരുന്നു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവരെ തിരികെ വീടുകളിലേക്കും ഇവര്‍ കൊണ്ടെത്തിക്കും. ഈ യാത്രകളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും. കോവിഡ് രോഗികള്‍ക്ക് സൗജന്യ യാത്രയ്ക്ക് പുറമേ ആവശ്യക്കാര്‍ക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും മുന്മുന് എത്തിച്ചു നല്കുന്നു.