കല്യാണം വലിയ ആര്‍ഭാടമാക്കുന്ന കാലമാണിത്. പ്രത്യേകിച്ചും കല്യാണ വസ്ത്രങ്ങള്‍. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംബന്ധിച്ച് അത് അങ്ങനെ അല്ല. അവര്‍ക്കായി ഒരു സ്നേഹ സമ്മാനമൊരുക്കുകയാണ് കണ്ണൂര്‍ സ്വദേശി സബിത എ കെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സബിതയുടെ ബൊട്ടീക്കീല് നിന്നും വിവാഹത്തിനുള്ള വസ്ത്രങ്ങളും മറ്റും സൗജന്യമാണ്.
സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ സഹായിക്കാന്‍ സബിത മറ്റുള്ളവരില്‍ നിന്നും വിവാഹ വസ്ത്രങ്ങള്‍ വാങ്ങി ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ട്. എന്നാല്‍ എത്തിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ആ വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടെന്നു വരില്ല. അങ്ങനെയാണ് വിവാഹ വസ്ത്രങ്ങള്‍ക്ക് മാത്രമായി ഒരു ബൊട്ടീക്ക് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. 'പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വാങ്ങുന്ന വിവാഹ വസ്ത്രങ്ങള്‍ മുന്‍പ് ഞാന്‍ എത്തിച്ചുകൊടുക്കാറുണ്ട്. എന്നാല്‍ എത്രയൊക്കെ നല്ല വസ്ത്രമാണെങ്കിലും പെണ്‍കുട്ടിയുടെ മുഖത്ത് ഞാന്‍ സന്തോഷം കാണാറില്ല. എനിക്കു തോന്നുന്നത് ചിലപ്പോള്‍ ആ കുട്ടിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രമായിരിക്കില്ല ഞാന്‍ എത്തിച്ചു കൊടുക്കുന്നത്. സാധാരണ എല്ലാവരും വിവാഹത്തിന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണല്ലോ പതിവ്. അതു പോലെ ഒരു സാധ്യത എന്നാല്‍ ഇവര്‍ക്കില്ല. ആ ഒരു സാധ്യത കൂടി അവര്‍ക്ക് ഉണ്ടാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ പുതിയ ബൊട്ടീക്ക് തുടങ്ങിയിരിക്കുന്നത്'. സബിത പറയുന്നു.
സബിതയുടെ ബൊട്ടീക്കില്‍ നിന്നും ലഭിക്കുന്നത് പുതുമ മാറാത്ത വസ്ത്രങ്ങള്‍ തന്നെയായിരിക്കും. ' ഒരു കല്യാണ വസ്ത്രം കൂടിപോയാല്‍ 3, 4 മണിക്കൂറല്ലേ ഉപയോഗിക്കൂ. അത് കഴിഞ്ഞാല്‍ അങ്ങനെ എടുത്ത് അലമാരയില്‍ വെക്കും. അത്തരത്തിലുള്ള വസ്ത്രങ്ങളാണ് ഞാന്‍ ആളുകളില്‍ നിന്നും വാങ്ങുന്നത്'. സബിത പറയുന്നു. സബിതയുടെ പുതിയ സംരംഭത്തെക്കുറിച്ചറിഞ്ഞ പലരും ഇപ്പോള്‍ പുതിയ വസ്ത്രങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ 8 വര്‍ഷമായി വീട്ടില്‍ റെയിന്‍ബോ ദ വുമണ്‍സ് ഔട്ട്ഫിറ്റ് എന്ന പേരില്‍ സബിത ബൊട്ടീക്ക് നടത്തിയിരുന്നു. ഇപ്പോള്‍ അതിനോട് ചേര്‍ന്നാണ് സൗജന്യമായി വിവാഹ വസ്ത്രങ്ങള്‍ ലഭിക്കുന്ന ബൊട്ടീക്ക് കൂടി ആരംഭിച്ചിരിക്കുന്നത്.
വീഡിയോ