TopTop

തേജസ്വനിയില്‍ തുഴയെറിയുന്ന സ്ത്രീകള്‍, വള്ളംകളി മല്‍സരങ്ങളിലെ വനിതകള്‍

തേജസ്വനിയില്‍ തുഴയെറിയുന്ന സ്ത്രീകള്‍, വള്ളംകളി മല്‍സരങ്ങളിലെ വനിതകള്‍

വള്ളംകളിയെന്ന് പറഞ്ഞാല്‍ പുരഷന്മാരുടെ കായിക ഇനമാണ് പലര്‍ക്കും. പുരുഷന്‍രെ കായിക ക്ഷമത പ്രദര്‍ശനം പോലുമായി മാറും വള്ളം കളികള്‍ പലപ്പോഴും. സ്ത്രീകളുടെ വള്ളംകളിയെന്നത് പലപ്പോഴും പ്രദര്‍ശനത്തിന് മാത്രമാകും. എന്നാല്‍ ഈ പതിവ് ധാരണകളെ ചോദ്യം ചെയ്താണ് പതിറ്റാണ്ടുകളായി കാസര്‍കോട് ജില്ലയിലെ തേജസ്വിനി പുഴയില്‍ വള്ളംകളി മല്‍സരം നടത്തുന്നത്. ഇത്തവണ 11 വനിതാടീമുകളാണ് മല്‍സരത്തിന് തുഴയെറിഞ്ഞത്.

1987 മുതല്‍ ഇങ്ങോട്ട് 32 വര്‍ഷത്തെ വനിത വള്ളംകളിയുടെ ചരിത്രം പറയാനുണ്ട് കാസര്‍ഗോട്ടെ തേജസ്വിനി പുഴയ്ക്ക്. 40 വര്‍ഷമായി ഉത്തരമലബാര്‍ ജലോത്സവം തേജസ്വിനിയില്‍ നടത്താറുണ്ട്. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു അവസാന മൽസരം. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിനാണ് ജലോത്സവം നടത്തുന്നത്. 30000 രൂപയും ഒരു ട്രോഫിയുമായിരുന്നു ഒന്നാം സമ്മാനം. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടമാണ് മഹാത്മഗാന്ധി ട്രോഫി വള്ളംകളി നടത്തുന്നത്.

തേജസ്വിനി പുഴയില്‍ കഴിഞ്ഞ 40 വര്‍ഷമായി നടന്നുവരുന്നതാണ് ഈ വള്ളംകളി. പണ്ട് മലബാറില്‍ നടന്നിരുന്ന ഏക വള്ളംകളി തേജസ്വിനിലേതായിരുന്നു. മലബാറിലെ ഏറ്റവും വലിയ വള്ളംകളിയും തേജസ്വിനി പുഴയിലാണ് നടക്കാറുള്ളത്. ഇവിടുത്തെ വള്ളകളിയുടെ ചരിത്രത്തില്‍ അങ്ങോളമിങ്ങോളം സ്ത്രീകളുടെ വള്ളംകളി നടക്കുന്നുണ്ട് എന്നു തന്നെ പറയാം. ആദ്യമായുണ്ടായിരുന്നത് ഒരാള്‍ തുഴയുന്ന വള്ളംകളി മത്സരമായിരുന്നു. അന്ന് തേജസ്വിനി പുഴയുടെ കുറുകെയായിരുന്നു വള്ളംകളി നടന്നിരുന്നത്. തേജസ്വിനി പുഴയിലെ വള്ളംകളിയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും വള്ളംകളി ടീമുകളുടെ ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയായ സുനില്‍കുമാര്‍ കാവിന്‍ചിറ പറഞ്ഞു തുടങ്ങി.

ആദ്യകാലത്ത് പുരുഷന്മാരുടെ വള്ളംകളി മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതില്‍ തന്നെ ഒരാള്‍ തുഴയുന്നതായിരുന്നു ആദ്യകാലത്തെ മത്സരം. പിന്നീടത് 3 പേര്‍, 5 പേര്‍, 7 പേര്‍ അങ്ങനെയായി വര്‍ദ്ധിക്കുകയായിരുന്നു. പിന്നീട് വനിതകളുടെയും വള്ളംകളി നടത്താന്‍ തുടങ്ങി. ഇന്നുകാണുന്ന പ്രൊഫഷണല്‍ തോണികളൊ, വള്ളങ്ങളൊ അന്ന് ഉണ്ടായിരുന്നില്ല. അന്ന് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകുന്ന തോണികളായിരുന്നു വള്ളംകളിക്കും ഉപയോഗിച്ചിരുന്നത്. സുനില്‍കുമാര്‍ പറയുന്നു.

വനിതകളുടെ വള്ളംകളി ചരിത്രം ആരംഭിക്കുന്ന കാലത്ത് ഒരാള്‍ തുഴയുന്ന വള്ളത്തിലാണ് വള്ളംകളി മത്സരം നടന്നിരുന്നത്. അന്ന് ഒന്നാം സ്ഥാനം ലഭിച്ച വനിതയ്ക്കു കൊടുത്ത സമ്മാനം 25 രൂപയും ഒരു അലുമിനിയം പാത്രവുമായിരുന്നു. അന്നുമുതല്‍ നടക്കുന്നതാണ് തേജസ്വിനിപുഴയില്‍ വനിതകളുടെ വള്ളംകളി മത്സരം. ഒന്നില്‍ നിന്നും അഞ്ചുപേര്‍ തുഴയുന്ന മത്സരത്തിലേക്കും പിന്നീട് 9 പേര്‍ തുഴയുന്ന മത്സരത്തിലേക്കുമെത്തി. ഇപ്പോള്‍ 15 പേര്‍ തുഴയുന്ന വനിതകളുടെ വള്ളംകളി മത്സരമാണ് നടക്കുന്നത്. കാലങ്ങള്‍ക്കൊപ്പം വള്ളങ്ങളും മാറിയിട്ടുണ്ട്. ഇപ്പോള്‍ ചുരുളന്‍ വള്ളങ്ങളിലാണ് മത്സരം നടക്കുന്നത്.














ഈ വര്‍ഷത്തെ മഹാത്മഗാന്ധി ജലോത്സവത്തില്‍ വനിതകളുടെ വള്ളംകളിയില്‍ ഒന്നാം സമ്മാനം നേടിയ ടീം കാവന്‍ചിറയിലെ കൃഷ്ണപിള്ള ബോട്ട് ക്ലബായിരുന്നു. ആ ടീമിലെ അംഗമായിരുന്നു കാര്‍ത്ത്യായിനി എന്ന 53 വയസ്സുകാരി. പണ്ടുമുതലേ പുഴയില്‍ കക്ക വാരാന്‍ പോകുന്നയാളാണ് ഇവര്‍. അതുകൊണ്ട് തന്നെ കാര്‍ത്ത്യായിനിക്ക് നന്നായി തോണി തുഴയാനും അറിയാം. അതിനാല്‍ തന്നെ കാവന്‍ചിറയിലെ കൃഷ്ണപിള്ള ബോട്ട് ക്ലബ് അവരെ അന്വേഷിച്ചു വരികയായിരുന്നു. കാര്‍ത്ത്യായിനിയെ പോലെ തന്നെ വള്ളം തുഴയാന്‍ അറിയാവുന്ന വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നു വള്ളംകളി ടീമുകളില്‍. പൊഴേല് നമ്മള് കക്ക വാരാന്‍ പോണോണ്ട്. അതോണ്ട് നമ്മക്ക് തൊഴയാന്‍ അറിയാന്നുള്ളത് അവര്‍ക്ക് മനസിലായി. അങ്ങനെയാണ് കാവഞ്ചിറക്കാര് വന്നത്. അവര്ടെ ടീമിലാണ് നമ്മ തുഴയുന്നത്. കാര്‍ത്ത്യായിനി പറയാന്‍ തുടങ്ങി.

വനിതകളുടെ ടീമാണെങ്കിലും 15 പേരുള്ള ഒരു ടീമില്‍ 13 സ്ത്രീകളെ ഉണ്ടാവുകയുള്ളൂ. 2 പേര്‍ പുരുഷന്മാരായിരിക്കും. അതിന്റെ കാരണമായി ഇവര്‍ പറയുന്നത് വള്ളം നിയന്ത്രിക്കാന്‍ പരിചയസമ്പത്ത് കൂടുതലുള്ളവര്‍ വേണമെന്നാണ്. അതിനായാണ് തോണി തുഴച്ചിലിന് ചുക്കാന്‍ പിടിക്കാന്‍ പുരുഷന്മാരിരിക്കുന്നത്. ഞമ്മ ഒരു തോണില് 13 പെണ്ണുങ്ങയണ് ണ്ടാവാ. രണ്ട് ആണ്ങ്ങ ണ്ടായീന്. വള്ളം നിയന്ത്രിക്കാന്‍ പലപ്പോളും പെണ്ണുങ്ങളെ കൊണ്ട് കൈയ്യൂല്ല. തൊയ്യുന്നതിന് ബാക്കിന്ന് രണ്ടാണുങ്ങള് പിടിച്ചിട്ടില്ലെങിലെ, തോണി നിയന്ത്രിക്കാന്‍ കയ്യൂല്ല, പിടിച്ചെടുക്കാന്‍ കിട്ടൂല്ല. അതിന് രണ്ടാണുങ്ങള് തോണിടെ ബാക്കിലിരിക്കണം. തോണിടെ ചുക്കാന്‍ പിടിക്കുന്നത് അവരായിരിക്കും. കാര്‍ത്ത്യായിനി പറയുന്നു.

തോണിയെ നിയന്ത്രിക്കുന്നത് അമരത്തിരിക്കുന്നയാളാണ്. അത് സ്ത്രീകളായാല്‍ ചിലപ്പോള്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. അഞ്ച് മീറ്റര്‍ മാത്രം വീതിയുള്ള ട്രാക്കാണിത്. സ്ത്രീകളാണ് അമരത്തിരിക്കുന്നത് എന്നുണ്ടെങ്കില്‍ ചിലപ്പോള്‍ നിയന്ത്രണം കിട്ടിയില്ല അങ്ങനെ വരുമ്പോള്‍ അത് വലിയ അപകടത്തിലേക്ക് പോകും. നല്ല എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കും അമരത്തിക്കുന്നവര്‍. അത്ര എക്‌സ്പീരിയന്‍സായ സ്ത്രീകള്‍ അങ്ങനെയില്ല. അതുപോലെ തന്നെ വള്ളംകളിയുടെ നിയമം അമരത്ത് പുരുഷന്മാരെ ഇരുത്തണം എന്നുള്ളതാണ്. വരും കാലങ്ങളിലൊക്കെ ഇതിന് മാറ്റം വരും എന്നു പ്രതീക്ഷിക്കാം. വനിതകളുടെ വള്ളത്തില്‍ രണ്ട് പുരുഷന്മാര്‍ ഇരിക്കുന്നതിനെ കുറിച്ച് സുനില്‍ കുമാര്‍ വിശദീകരിച്ചു.

നമ്മക്കൊരു 15 ദിവസം പ്രാക്ടീസ് തന്നിട്ടുണ്ട്. അവര് തോണിയായിട്ട് വരും. എന്നിട്ട് കോറെദൂരെ വരെ നമ്മ തൊഴഞ്ഞ് പിടിക്കണം. അങ്ങനെ നന്നായി തൊഴയുന്നവരെണ് അവര്‍ സെലക്ട് ചെയ്യും. കഴിഞ്ഞ വര്‍ഷം, അതിന്റെ മുന്‍പിലത്തെ വര്‍ഷം അങ്ങനെ 4 വര്‍ഷായി നമ്മ തൊഴയാന്‍ പോവാറുണ്ട്. നമ്മ തോണി തൊഴഞ്ഞിട്ട് ശീലണ്ട്. അതോണ്ട് കൊയപ്പല്ലാര്‍ന്ന്. ഇതാണ് കാര്‍ത്ത്യായിനിയുടെ വള്ളംകളി അനുഭവം.














28 വയസ്സുമുതല്‍ 65 വയസ്സുവരെയുള്ളവരുണ്ടായിരുന്നു വനിതകളുടെ വള്ളംകളി ടീമില്‍. ഇവരില്‍ പലരും പുഴയില്‍ പണിയെടുക്കുന്നവരാണ്. അതിനാല്‍ തന്നെ വള്ളവും വെള്ളവും അവര്‍ക്ക് ശീലമുണ്ട്. ചില വീട്ടമ്മമാരും ഈ വള്ളംകളിയില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാരാളാണ് സാവിത്രി. ജലോത്സവത്തില്‍ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും, വള്ളംകളിയുടെ ആവേശം സാവിത്രിയില്‍ നിന്നും ഒട്ടും ചോര്‍ന്നുപോയിട്ടില്ല. വള്ളം കൊറഞ്ഞ സ്ഥലത്ത് ഞങ്ങളാദ്യം വെള്ളൊക്കെയിട്ട് പ്രാക്ടീസ് ചെയ്തോക്കി. അപ്പഴ് പേടില്ലാതായല്ലോ, ആദ്യം അങ്ങനെ ചെയ്തു. വേറെ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. അതന്നെള്ളൂ. പിന്നെ തോണതൊഴയുമ്പോ ഒരാവേശാണ്. എല്ലാരുംകൂടിയൊക്കെ തൊഴയാണ് ലൊ. വീട്ട്കാരടെ ഭാഗത്ത്ന്നും നാട്ടാരടെ ഭാഗത്ത്ന്നും ഒക്കെ നല്ല സഹകരണായിരുന്നു. ഞങ്ങള് പ്രാക്ടീസ് തൊടങ്ങീട്ട് അത്രം ദിവസം ആയീല്ല. ഫെനലില് പോയതാണ്. പക്ഷെ സമ്മാനൊന്നും കിട്ടിയില്ല. സെക്കന്റെങ്കിലും കിട്ടും ന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ കിട്ടീല്ല. അതേ സാരല്ല. തൊഴഞ്ഞു കഴിഞ്ഞ ആ സമയത്തൊരു ക്ഷീണം ണ്ടാവും ന്നെളൂ അതൊരു പ്രശ്നായിട്ട് തോന്നലില്ല. ഇനി അടുത്ത വര്‍ഷവും പോവാന്‍ താല്‍പര്യണ്ട്. ആവേശത്തോടെ തന്നെ സാവിത്രി പറഞ്ഞു നിര്‍ത്തി.

3 തരത്തിലുള്ള മത്സരങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുക. 15 പേരുള്ള വനിതകളുടെ വള്ളംകളി, 15 പേരുള്ള പുരുഷന്മാരുടെ വള്ളംകളി 25 പേരുള്ള പുരുഷന്മാരുടെ വള്ളംകളി ഇങ്ങനെ 3 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. സാധാരണ വള്ളംകളി ട്രാക്കിന്റെ നീളം 800 മുതല്‍ 1000 മീറ്റര്‍ വരെയാണ്. 5 മീറ്ററായിരിക്കും വീതി. അങ്ങനെ 6 ട്രാക്കുകളാണ് ഉണ്ടായിരിക്കുക. അടുത്തവര്‍ഷമൊ അതിന്റെ അടുത്ത വര്‍ഷമൊ എല്ലാം 25 പേരുള്ള വനിത ടീമിനെ പ്രതീക്ഷിക്കാം എന്നാണ് സുനി പറയുന്നത്.


Next Story

Related Stories