TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ വാസ്തുവിദ്യയിലെ പ്രതിഭാശാലിയെ അവസാനം പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരവും തിരിച്ചറിഞ്ഞു

ഇന്ത്യന്‍ വാസ്തുവിദ്യയിലെ പ്രതിഭാശാലിയെ അവസാനം പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരവും തിരിച്ചറിഞ്ഞു

വാസ്തുവിദ്യയുടെ ദൈവങ്ങള്‍ അവസാനം ഇന്ത്യയിലേക്ക് തിരിഞ്ഞു. 90 വയസുള്ള തച്ചുശാസ്ത്രവിദഗ്ദ്ധനും പണ്ഡിതനും ആയ ബാലകൃഷ്ണ ദോഷിയാണ് ഈ വര്‍ഷത്തെ പ്രിറ്റ്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ പ്രൈസ് ജേതാവ്. 'വാസ്തുവിദ്യയുടെ നോബല്‍ പ്രൈസ്'' എന്നു വിളിക്കപ്പെടുന്ന പ്രിറ്റ്‌സ്‌കറിന്റെ നാല്പതു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദക്ഷിണേഷ്യന്‍ തച്ചുശാസ്ത്രവിദഗ്ദ്ധന് പുരസ്‌കാരം നല്കുന്നത്.

ലോകം ചുറ്റിക്കണ്ടിട്ടുള്ള വാസ്തുവിദ്യാ ആരാധകര്‍ക്ക് പാശ്ചാത്യ തച്ചുശാസ്ത്രവിദഗ്ദ്ധരായ ലേ കൂര്‍ബസിയേ, ലൂയിസ് കാന്‍ എന്നിവരുടെ ആധുനിക വീക്ഷണത്തിന്റെ ഇന്ത്യയിലെ സൂക്ഷിപ്പുകാരനായാവും അഹമ്മദാബാദുകാരനായ ദോഷിയുടെ പേര് ഓര്‍മ്മവരിക. 1950കളില്‍ പാരീസില്‍വെച്ച് ഫ്രഞ്ച്-സ്വിസ് വാസ്തുവിദഗ്ദ്ധരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചശേഷം, അഹമ്മദാബാദിലും ചണ്ഡീഗഢിലും ലേ കൂര്‍ബസിയേ കീര്‍ത്തിയോടെ തന്റെ മുദ്ര ശേഷിപ്പിച്ച നിരവധി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ദോഷി മേല്‍നോട്ടം വഹിച്ചു. 1960കളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ അഹമ്മദാബാദിലെ കെട്ടിടനിര്‍മ്മാണത്തില്‍ ഐതിഹാസിക ആധുനികനായ കാനിനോടൊപ്പം പങ്കാളിയായി.

ഇന്ത്യയിലെ ആധുനിക വാസ്തുവിദ്യയുടെ പുണ്യസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൊട്ടിഘോഷിക്കപ്പെടാത്തതെങ്കിലും നിര്‍ണ്ണായക പങ്കാളിയായിരുന്നു ദോഷി. ലേ കൂര്‍ബസിയേയുടെയും കാനിന്റെയും പദ്ധതികള്‍ ഇന്ത്യന്‍ നിര്‍മ്മാണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അദ്ദേഹം വിവര്‍ത്തനം ചെയ്തു. പൂര്‍വ്വനിര്‍മ്മിത വസ്തുക്കളും കൈപ്പണിഘടകങ്ങളും തമ്മില്‍ കൂട്ടിയിണക്കുന്നതിന് വഴികള്‍ കണ്ടെത്തുകയും ചെയ്തു.

''ലേ കൂര്‍ബസിയേയുടെയും ലൂയിസ് കാനിന്റെയും നഗരത്തിലെ, വിശാലമായി പറഞ്ഞാല്‍ രാജ്യത്തിലെത്തന്നെ നിഴലാട്ടത്തെപ്പറ്റി ധാരാളം പറഞ്ഞിട്ടുണ്ട്, ഇനിയും പറയുകയും ചെയ്യും. പക്ഷേ, അവരുടെ ആശയങ്ങളെ ഇന്ത്യയുടെ മണ്ണില്‍ വേരുറപ്പിച്ചതും അവയെ തികച്ചും നൂതനമായവയാക്കി മാറ്റിയതും ദോഷിയാണ്.'' മെട്രോപൊളിസ് മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് അവിനാഷ് രാജഗോപാല്‍ വിവരിക്കുന്നു.

അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്

ദോഷി അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിന്റെ ഭൂരിഭാഗം സമയവും അദ്ധ്യാപകനായിരുന്നു. അഹമ്മദാബാദില്‍ ഡിസൈന്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ സഹായിക്കുകയും ചെയ്തു. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെയും സ്‌കൂള്‍ ഓഫ് പ്ലാനിങ്ങിന്റെയും സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. പ്രശസ്തമായ വാസ്തുശില്പ ഫൌണ്ടേഷന്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസെര്‍ച്ച് ഇന്‍ എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ വികസിപ്പിക്കുന്നതിന് നിര്‍ണ്ണായക പങ്ക് ദോഷി വഹിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലത്തില്‍ ബഹുമാന്യനായ പണ്ഡിതനാണ് അദ്ദേഹം. യുഎസ് - യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ സ്ഥിരമായി പ്രഭാഷണം നടത്താറുണ്ട്. വ്യവസായ തൊഴിലാളികളുടെ അന്താരാഷ്ട്ര സഖ്യത്താല്‍ ശക്തിപ്പെട്ട, എഡ്യൂക്കേഷന്‍ ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ യുനെസ്‌കോ പിന്തുണയുള്ള, ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ രൂപീകരിക്കാനും അദ്ദേഹം സഹായിച്ചു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍ക്കിടെക്റ്റ്‌സിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിലെയും സമിതി അംഗമാണ് ദോഷി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും മോണ്‍ട്രിയാലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്ലാനിംഗ് ആന്‍ഡ് ടെക്‌നോളജി

CNNനോട് സംസാരിക്കവേ, വിലപിടിച്ച ഈ ബഹുമതി താന്‍ ഇന്ത്യമുഴുവനുമായി പങ്കുവെക്കുന്നു എന്ന് ദോഷി പറയുന്നു. വാസ്തുവിദ്യാവിദ്ഗ്ദ്ധരാല്‍ കാര്യമായി അവഗണിക്കപ്പെട്ട ഹൃദയഹാരിയായ വാസ്തുവിദ്യാപാരമ്പര്യം ഇന്ത്യക്കുണ്ട്. ''ഈ പുരസ്‌കാരം ഇന്ത്യയിലേക്ക് - എനിക്കുതന്നെ, പക്ഷേ ഇന്ത്യയിലേക്ക്- വന്നത് വളരെ വളരെ അര്‍ത്ഥപൂര്‍ണ്ണമാണെന്ന് ഞാന്‍ കരുതുന്നു'' ദോഷി പറയുന്നു. ''ഗവണ്‍മെന്റ്, ഉദ്യോഗസ്ഥര്‍, തീരുമാനമെടുക്കുന്ന ആള്‍ക്കാര്‍, നഗരങ്ങള്‍ - എല്ലാവരും ഇനി ചിന്തിച്ചുതുടങ്ങും 'നല്ല വാസ്തുവിദ്യ' എന്നൊന്ന് ഉണ്ടെന്ന്''.

പൂനെയില്‍ ഗൃഹോപകരണനിര്‍മ്മാതാക്കളുടെ കുടുംബത്തിലാണ് ദോഷി ജനിച്ചത്. പ്രചോദിതമായ

പൊതുവാസ്തുവിദ്യാനിര്‍മ്മിതികളായിരുന്നു ദോഷിയുടെ ജീവിതാഭിലാഷം. ''ഞാനൊരു പ്രതിജ്ഞയെടുക്കണമെന്നും അത് ജീവിതകാലം മുഴുവന്‍ ഓര്‍ക്കണമെന്നും കരുതി. അടിസ്ഥാനവര്‍ഗ്ഗത്തിന് ശരിയായ താമസസൌകര്യങ്ങള്‍ നല്കുക എന്നത്'' അദ്ദേഹം 1954ല്‍ ഔദ്യോഗികജീവിതം ആരംഭിക്കുമ്പോള്‍ പറഞ്ഞു. സമൂഹങ്ങള്‍ എങ്ങനെയാണ് വിഭവദാരിദ്യമുള്ള ഇടങ്ങളില്‍ അതിജീവിക്കുന്നതെന്ന സഹതാപത്തോടെ ഇന്‍ഡോറിലും അഹമ്മദാബാദിലും നിരവധി ചിലവു കുറഞ്ഞ ഭവനപദ്ധതികള്‍ അദ്ദേഹം കൈകാര്യം ചെയ്തു.

ഇന്‍ഡോറിലെ ആരണ്യ കമ്മ്യൂണിറ്റി ഹൌസിങ് അദ്ദേഹത്തിന്റെ ജീവിതരേഖയിലെ പൊന്‍തൂവലാണ്. 80,000 പേര്‍ക്കു താമസിക്കാവുന്ന തരത്തില്‍, 85 ഹെക്റ്റര്‍ ഭൂമിയില്‍ മനോഹരമായ മുറ്റവും നടവഴികളും നിറഞ്ഞ 80 മാതൃകാഭവനങ്ങള്‍ ദോഷി നിര്‍മ്മിച്ചു. ഈ പദ്ധതി 1995ലെ ആഗ ഖാന്‍ ഫൌണ്ടേഷന്‍ ആര്‍ക്കിടെക്ചര്‍ പ്രൈസ് നേടി. ''ദരിദ്രവും കുറഞ്ഞതുമായ വരുമാനമുള്ള കുടുംബങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തെ'' വിധികര്‍ത്താക്കള്‍ അഭിനന്ദിച്ചു.

കമ്മ്യൂണിറ്റി ഹൌസിങ്, ആരണ്യ

''ഇന്ത്യയെപ്പോലുള്ള പ്രദേശങ്ങള്‍, വാസ്തുവിദ്യയുടെയും അടിസ്ഥാനസൌകര്യങ്ങള്‍ക്കായും അടിസ്ഥാന മനുഷ്യാവസ്ഥ മെച്ചപ്പെടുത്താനും ഉള്ള പദ്ധതികളുടെയും പ്രാധാന്യം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു''ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ അര്‍ബന്‍ ഡിസൈന്‍ ആന്റ് പ്ലാനിങ്ങിനെ പ്രൊഫസറായ രാഹുല്‍ മല്‍ഹോത്ര പറയുന്നു. ഡിസൈനര്‍മാര്‍ക്ക്, നഗരസാന്ദ്രത, പാര്‍പ്പിടം, പരമ്പരാഗത സമൂഹങ്ങള്‍ ആഗോളവത്കരണത്തെ എങ്ങനെ സ്വീകരിക്കുന്നു എന്ന പഠനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്ത് ഇടപെടാനുള്ള ഭൂപ്രദേശം ഇന്ത്യ വാഗ്ദാനം ചെയ്യുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ദോഷിയുടെ പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം, ഇന്ത്യന്‍ വാസ്തുവിദഗ്ദ്ധരും ഡിസൈനര്‍മാരും ആകാന്‍ ആഗ്രഹിക്കുന്ന, - ദോഷിയെപ്പോലുള്ള- ചെറുപ്പക്കാര്‍ക്കുള്ള ആഹ്വാനമാണെന്ന് മല്‍ഹോത്ര അഭിപ്രായപ്പെടുന്നു. അവര്‍ നഗരനിര്‍മ്മാണത്തിന്റെ വിഷമം പിടിച്ച തൊഴിലുകളില്‍ പതിവായി ഏര്‍പ്പെടുന്നവരാണ്. ഇന്ത്യയില്‍ ഇത്തരം ഹൃദയശൂന്യമായ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നതാണ് ആര്‍ക്കിടെക്റ്റ്‌സിന്റെ മുന്‍ഗണന എന്ന് മല്‍ഹോത്ര പറയുന്നു.

'''സംതൃപ്തിയുടെ തച്ചുശാസ്ത്രം' എന്ന് ഞാന്‍ വിളിക്കുന്ന അവസ്ഥയില്‍ മിക്ക ആര്‍ക്കിടെക്റ്റുകളും നേരത്തേതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ധനികര്‍ക്കുള്ള വീടുകള്‍, മ്യൂസിയങ്ങള്‍, ധാരാളിത്തത്തിനും ഉപഭോഗത്തിനുമായുള്ള വസ്തുക്കള്‍. ദോഷിയുടെ പ്രവര്‍ത്തികളെയും ഇന്ത്യയെത്തന്നെയും തിരിച്ചറിയുന്നത് ആ സന്ദേശം ആര്‍ക്കിടെക്റ്റുകള്‍ മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു ' അദ്ദേഹം പറയുന്നു. ''കാരണം, ആത്യന്തികമായി, ആര്‍ക്കിടെക്റ്റ്‌സ് ഒരു തൊഴില്‍ എന്ന നിലയില്‍ വിധിക്കപ്പെടുന്നത് നമ്മള്‍ സമയം ചെലവഴിക്കുകയും ഊര്‍ജ്ജം കേന്ദ്രീകരിക്കുകയും ചെയ്ത ചോദ്യങ്ങളെയും സംഭവങ്ങളെയും ആസ്പദമാക്കിയാണ്''

അംദാവാദ് നി ഗുഫ അണ്ടര്‍ഗ്രൌണ്ട് ആര്‍ട്ട് ഗാലറി, അഹമ്മദാബാദ്

ദോഷി തന്റെ പുരസ്‌കാരതുകയായ 100000 ഡോളര്‍, പ്രിറ്റ്‌സ്‌കറിന്റെ പ്രായോജകരായ ഹ്യാട്ട് ഫൌണ്ടേഷനില്‍നിന്ന് കാനഡയിലെ ടൊറാന്റോയില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് ഈ മാസം അവസാനം സ്വീകരിക്കും. ചിലിയിലെ ആര്‍ക്കിടെക്റ്റായ അലെഹാന്‍ട്രോ അരവെന 2016ലും RCR ആര്‍ക്വിറ്റെക്റ്റ്‌സിലെ കാറ്റലന്‍ ത്രയം കഴിഞ്ഞ വര്‍ഷവും പുരസ്‌കൃതരായ ശേഷം ദോഷിയെ തെരഞ്ഞെടുത്തത്, സ്വന്തം പ്രദേശങ്ങളില്‍ സാമൂഹ്യമാറ്റത്തിനായുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടാത്ത വാസ്തുവിദഗ്ദ്ധരോടുള്ള വര്‍ദ്ധിച്ചുവരുന്ന അംഗീകാരത്തെ സൂചിപ്പിക്കുന്നു.


Next Story

Related Stories